പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിക്കു പുറമേ, മത്സരിക്കുമെന്ന് കരുതപ്പെട്ടിരുന്ന ഒഡിഷയിലെ പുരി മണ്ഡലത്തിൽ നിന്ന് പ്രതിപക്ഷത്തിന് പുതിയ ആയുധം. പുരിയിൽ ബി.ജെ.പി സ്ഥനാർത്ഥിയായ പാർട്ടി വക്താവ് സംബിത് പത്രയുടെ ഒരു പ്രചാരണ വീഡിയോ ആണ് പാർട്ടിക്കു തന്നെ പാരയായത്.
ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയിൽ സംബത് പത്ര മണ്ഡലത്തിലെ ഒരു സാധാരണ കുടുംബത്തിൽ, അവർക്കൊപ്പം നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ്. അടുത്തുതന്നെയിരുന്ന്, വിറകടുപ്പിൽ ഭക്ഷണം പാകംചെയ്യുന്ന വൃദ്ധയായ വീട്ടുകാരി. പ്രതിപക്ഷത്തിന്റെ ചോദ്യം ഇതാണ്: പ്രധാനമന്ത്രിയുടെ ഉജ്വല യോജന വിജയമായിരുന്നെങ്കിൽ, ഈ സാധുസ്‌ത്രീക്ക് വിറകടുപ്പിന്റെ കരിയും പുകയും സഹിക്കേണ്ടി വരുമായിരുന്നോ?
പാവപ്പെട്ട സ്ത്രീകൾക്ക് സൗജന്യ എൽ.പി.ജി കണക്‌ഷൻ നൽകുന്ന കേന്ദ്ര പദ്ധതിയാണ് പ്രധാൻമന്ത്രി ഉജ്വല യോജന. മോദിയുടെ അഞ്ചു വർഷത്തെ ഭരണത്തിനു ശേഷവും ഒഡിഷയിൽ പാവപ്പെട്ട സ്ത്രീകൾക്ക് പദ്ധതിയുടെ ആനുകൂല്യം കിട്ടിയിട്ടില്ലെന്ന് ബി.ജെ.പിയുടെ പ്രചാരണ വീഡിയോ തന്നെ ആയുധമാക്കി വാദിക്കുകയാണ് പ്രതിപക്ഷ കക്ഷികൾ. മറുപടി പറയാനാവാത്ത വിഷമവൃത്തത്തിൽ സംബത് പത്രയും ബി.ജെ.പിയും.
തനിക്കായി ഭക്ഷണം പാകം ചെയ്യുന്നത് വിറകടുപ്പിലാണെന്ന് ശ്രദ്ധിക്കാതിരുന്ന സംബത് പത്ര, വീഡിയോയിൽ വലിയ വീരവാദങ്ങളൊക്കെ വിളമ്പുന്നുണ്ട്- 'നോക്കൂ, ഇത് എന്റെ സ്വന്തം വീടാണ്. ഇവിടെ എന്റെ അമ്മ എനിക്കായി ഭക്ഷണം പാചകം ചെയ്യുന്നു. എനിക്ക് വച്ചുവിളമ്പിത്തരുന്ന അമ്മയെ ഞാനും ഊട്ടുന്നു. ഇതൊക്കെ പ്രാർത്ഥന പോലെ ദിവ്യമായ കാര്യങ്ങളാണ്!' പക്ഷേ, സംഗതി ചീറ്റിപ്പോയി. എന്തായാലും ദേശീയ വക്താവിന് മിണ്ടാട്ടമില്ല.
ലോകപ്രശ്‌തമായ കാശിക്കു (വാരണാസി) പുറമേ, മറ്റൊരു ക്ഷേത്രനഗരമായ പുരിയിൽക്കൂടി നരേന്ദ്രമോദി ഇത്തവണ മത്സരിക്കുമെന്നായിരുന്നു ശ്രുതി. പുരിയിൽ സ്ഥാനാർത്ഥിയായി സംബിത് പത്രയുടെ പേര് പ്രഖ്യാപിക്കപ്പെട്ടതോടെ ആ സംശയം തീർന്നു. ഇനിയിപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിലേതു പോലെ ഒരു രണ്ടാം മണ്ഡലത്തിൽക്കൂടി മോദി മത്സരിക്കാനുള്ള സാദ്ധ്യത വിരളം. അമേതിക്കു പുറമേ, കേരളത്തിലെ വയനാട്ടിൽക്കൂടി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി മത്സരിക്കുന്നതിനെ ബി.ജെ.പി കണക്കിനു പരിഹസിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
കഴിഞ്ഞ തവണ രണ്ടാം മണ്ഡലമായി ഗുജറാത്തിലെ വഡോദര തിരഞ്ഞെടുത്ത മോദിക്ക് അവിടെ നിന്നാണ് കൂടുതൽ മികച്ച ഭൂരിപക്ഷം ലഭിച്ചത്- 5,70,128 വോട്ടിന്റെ മേൽക്കൈ! മോദി നിലനിർത്തിയ വാരണാസിയിലാകട്ടെ, ആപ് നേതാവ് അരവിന്ദ് കെജ്‌രിവാളിന് എതിരെ മോദി നേടിയത് 3.37 ലക്ഷം വോട്ട് ഭൂരിപക്ഷം. വഡോദരയിലെ എതിരാളി കോൺഗ്രസിലെ മധുസൂദൻ മിസ്ത്രി ആയിരുന്നു.മോദി ഒഴിഞ്ഞതിനെ തുടർന്ന് നടന്ന വഡോദര ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ രഞ്ജൻബെൻ ധന്ഞ്ജയ് ഭട്ട് 3,29,507 വോട്ട് ഭൂരിപക്ഷം നേടി.
ഇത്തവണ വാരണാസിയിൽത്തന്നെ വിശ്വാസമർപ്പിക്കുകയാണ് നരേന്ദ്രമോദി. മോദി പുരിയിൽ മത്സരത്തിനുണ്ടായിരുന്നെങ്കിൽ അതിന്റെ പ്രയോജനം ഒഡിഷയിൽ മാത്രമല്ല, ബംഗാളിലും ആന്ധയിലും കൂടി ബി.ജെ.പിക്കു ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. സംബിത് പത്രയെപ്പോലെ മുതിർന്ന നേതാവിനെ പുരിയിൽ സ്ഥാനാർത്ഥിയാക്കിയതും ഈ പ്രയോജനം മനസ്സിൽക്കണ്ടു തന്നെ. പക്ഷേ, മോദി മോദിയും സംബിത് സംബിതും മാത്രമാണ്.