കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി എത്തുന്നത് കൊണ്ട് ഏറെ സന്തോഷത്തിലാണ് കേരളത്തിലെ യു.ഡി.എഫ് പ്രവർത്തകർ. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ നിരവധി വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വയനാട്ടിൽ പാകിസ്ഥാന്റെ പച്ചപ്പതാക വീശിയെന്നാണ് അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്.
പച്ചപ്പതാകകൾ വീശി രാഹുൽ ഇന്ത്യയെ മുസ്‍ലിം രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു എന്ന തരത്തിലാണ് വ്യാജവാർത്തകൾ പ്രചരിച്ചിരുന്നത്. കേരളത്തിൽ അടുത്തിടെ ഒരു ചാനലിൽ വന്ന വാർത്ത വീഡിയോ അടക്കമാണ് വ്യാജ വാർത്തയ്ക്ക് വേണ്ടി ഉപയോഗിച്ചത്. വയനാട്ടിൽ പാകിസ്ഥാൻ പതാകകൾ വീശി ആഘോഷിക്കുന്നത് ആരാണെന്നു നോക്കൂ, എന്തുകൊണ്ടാണ് കോൺഗ്രസ് ഈ മണ്ഡലം തിരഞ്ഞെടുത്തതെന്ന് ഇപ്പോൾ മനസിലായിക്കാണുമല്ലോ.. എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചിരുന്നത്.
'Nation Wants Namo' എന്ന പേജാണ് ഈ വീഡിയോ ഷെയർ ചെയ്തത്. എന്നാൽ അത് പാകിസ്ഥാന്റെ പതാകയല്ലെന്നും യു.ഡി.എഫിലെ ഘടകകക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗിന്റെതുമായിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിലേക്ക് മത്സരിക്കാനെത്തുന്ന എന്ന വാർത്തയെ തുടർന്ന് യു.ഡി.എഫ് പ്രവർത്തകരുടെ ആഘോഷപ്രകടനം നടത്തുന്ന രംഗമാണ് വ്യാജവാർത്തയ്ക്ക് വേണ്ടി അവർ ഉപയോഗിച്ചത്.