ന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) ഇനത്തിൽ കഴിഞ്ഞമാസം കേന്ദ്രസർക്കാർ സമാഹരിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം. മാർച്ചിൽ 1.06 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ നേടി. കഴിഞ്ഞവർഷം ഏപ്രിലിൽ സമാഹരിച്ച 1.03 ലക്ഷം കോടി രൂപയുടെ റെക്കാഡാണ് മറികടന്നത്. മാർച്ച് 31ന് സമാപിച്ച സാമ്പത്തിക വർഷത്തിൽ (2018-19) ജി.എസ്.ടിയായി ആകെ സമാഹരിച്ചത് 11.77 ലക്ഷം കോടി രൂപയാണ്.
2018-19ൽ ജി.എസ്.ടിയായി സമാഹരിക്കാൻ കേന്ദ്രസർക്കാർ ആദ്യം ലക്ഷ്യമിട്ടിരുന്നത് 13.71 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ, പ്രതികരണം മോശമായതോടെ ലക്ഷ്യം 11.47 ലക്ഷം കോടി രൂപയാക്കി ചുരുക്കി. കഴിഞ്ഞമാസത്തെ റെക്കാഡ് സമാഹരണത്തിന്റെ പിന്തുണയിൽ, ലക്ഷ്യം കവച്ചുവയ്‌ക്കുന്ന വരുമാനം നേടാനായത് കേന്ദ്രസർക്കാരിന് ആശ്വാസമാണ്. കഴിഞ്ഞമാസം 75.95 ലക്ഷം റിട്ടേണുകളും ഫയൽ ചെയ്യപ്പെട്ടു. ഇതും റെക്കാഡാണ്. മാനുഫാക്‌ചറിംഗ് മേഖലയുടെ മികച്ച പ്രകടനവും ഉപഭോഗത്തിലുണ്ടായ വളർച്ചയുമാണ് മാർച്ചിൽ ജി.എസ്.ടി സമാഹരണം ഉയരാൻ സഹായകമായതെന്ന് ധനമന്ത്രി അരുൺ ജയ്‌റ്ര്‌ലി പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ശരാശരി പ്രതിമാസ ജി.എസ്.ടി സമാഹരണം 98,114 കോടി രൂപയാണ്. തൊട്ടു മുൻവർഷത്തെ അപേക്ഷിച്ച് 9.2 ശതമാനം കൂടുതലാണിത്. കഴിഞ്ഞമാസത്തെ ജി.എസ്.ടി സമാഹരണത്തിൽ 20,353 കോടി രൂപയാണ് കേന്ദ്ര ജി.എസ്.ടി. സംസ്ഥാന ജി.എസ്.ടിയായി 27,520 കോടി രൂപയും സംയോജിത ജി.എസ്.ടിയായി (ഐ.ജി.എസ്.ടി) 50,418 കോടി രൂപയും സമാഹരിച്ചു. സെസ് ഇനത്തിൽ 8,286 കോടി രൂപയും നേടി.
മാർച്ചിന് പുറമേ, 2018-19ൽ മൂന്ന് തവണയാണ് ജി.എസ്.ടി സമാഹരണം ഒരുലക്ഷം രൂപയ്‌ക്കുമേൽ കടന്നത്. ഏപ്രിൽ (1.03 ലക്ഷം കോടി രൂപ), സെപ്‌തംബർ (ഒരുലക്ഷം കോടി രൂപ), ജനുവരി (1.02 ലക്ഷം കോടി രൂപ) എന്നിവയാണവ. 2018 മാർച്ചിൽ സമാഹരിച്ചത് 92,167 കോടി രൂപയാണ്. ഇതു പരിഗണിക്കുമ്പോൾ കഴിഞ്ഞമാസത്തെ കുതിപ്പ് 15.6 ശതമാനമാണ്.
പ്രത്യക്ഷ നികുതിയിൽ
₹50,000 കോടി കുറവ്
കേന്ദ്രസർക്കാരിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രത്യക്ഷ നികുതി വരുമാനം ലക്ഷ്യമിട്ടതിനേക്കാൾ 50,000 കോടി കുറഞ്ഞു. 11.50 ലക്ഷം കോടി രൂപയാണ് കഴിഞ്ഞവർഷം നേടിയത്. ലക്ഷ്യം 12 ലക്ഷം കോടി രൂപയായിരുന്നു.