deepa-nisanth

കോട്ടയം: തൊടുപുഴയിൽ ഏഴ് വയസുകാരനോട് അമ്മയുടെ കാമുകൻ കാട്ടിയ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരതയിൽ വികാരഭരിതമായ കുറിപ്പുമായി എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപ നിശാന്ത്. മനസ് മരവിപ്പിക്കുന്ന ക്രൂരതകളായിരുന്നു അമ്മയുടെ കാമുകൻ ആ കുഞ്ഞിനോട് ചെയ്തത്. ബിടെക് ബിരുദധാരിയായ യുവതിയുടെ ഭർത്താവ് ഹൃദയാഘാതത്തെത്തുടർന്നു മരിച്ചതിന് ആറുമാസത്തിനു ശേഷം താനുമായി അടുപ്പത്തിലായ ഭർത്താവിന്റെ ബന്ധുവായ അരുണിനൊപ്പം മക്കളെയും കൂട്ടി യുവതി ഒളിച്ചോടുകയായിരുന്നു.

കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങളോ കുറിച്ചും അവരുടെ ഒറ്റപ്പെടലിനെ കുറിച്ചും ദീപ ഫേസ്ബുക്കിൽ കുറിക്കുന്നു. 'വിശന്നു മയങ്ങിയ ആ പാതിരാവിൽ കിടക്കയിൽ നിന്നും തൂക്കിയെറിഞ്ഞപ്പോഴും ചിലപ്പോളവൻ ഉറക്കപ്പിച്ചിലായിരിക്കും. എന്താണ് സംഭവിച്ചതെന്നൊന്നും അവന് മനസ്സിലായിക്കാണില്ല.ഒരു ദുഃസ്വപ്നമാണെന്ന് കരുതിക്കാണും അത്'. ദീപ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

"ഈ ലോകത്തിൽ എന്നോട് ഏറ്റവുമധികം നുണ പറഞ്ഞിട്ടുള്ളത് അമ്മയാണ്!

ഇളകാതെ കത്തിനിൽക്കുന്ന തീനാളം പോലെ ഈ അറിവ് എൻറെ നെഞ്ചകം പൊള്ളിക്കുന്നു.

പൂജാമുറിയിൽ, നിലവിളക്കിനു മുന്നിലിരുന്ന് രാമായണം വായിക്കുകയാണ് അമ്മ. എനിക്ക് അമ്മയുടെ മുഖം വ്യക്തമായി കാണാം. നെറ്റിയിലെ ഭസ്മക്കുറി ,മൂക്കിൻറെ തുമ്പിലേക്ക് ഊർന്നിറങ്ങിയ കണ്ണട, കവിളിലെ ചുളിവുകൾ, ചെറുതായി ചലിക്കുന്ന ചുണ്ടുകൾ...

വാർദ്ധക്യത്തിൽ അമ്മതന്നെ ആകെ വലിയ ഓർമ്മയുടെ ചുളിവു പോലെ. രാമായണത്തിലെ വരികളിലൂടെ വക്കുപൊട്ടിയ നഖമുള്ള അമ്മയുടെ ചൂണ്ടുവിരൽ അരിച്ചരിച്ചു നീങ്ങുന്നു.

ആ ചൂണ്ടുവിരലിന്റെ തുമ്പിൽ വിരിഞ്ഞ നാമരൂപങ്ങളായിരുന്നു ഈ ലോകത്തിൽ ഞാൻ ആദ്യം പരിചയിച്ച നുണകൾ.

സ്കൂൾ വിട്ടു പിരിയുമ്പോൾ ചന്തമുക്കിൽ വച്ച് അഹമ്മദിക്ക തന്ന നാരങ്ങാമിഠായികൾ പിടിച്ചുവാങ്ങി മുറ്റത്തേക്കെറിഞ്ഞ് അമ്മ കയർക്കുകയുണ്ടായി.

"അഹമ്മദിക്കയാത്രെ! ആരാ അയ്യാള് നിന്റെ? കണ്ടോരൊക്കെ വെച്ചു നീട്ടുന്നത് വാങ്ങിത്തിന്നു നടന്നോ,അച്ഛനിങ്ങോട്ട് വരട്ടെ.."

മുറ്റത്തുവീണ നാരങ്ങാമിഠായികൾ ഓരോന്നും ഉറുമ്പുകൾ കൊണ്ടുപോയി.ആരുമല്ലാത്തവർ നീട്ടുന്ന നാരങ്ങാമിഠായികളാണ് ജീവിതത്തിൻറെ മധുരം എന്ന നൊന്തറിഞ്ഞത് പിന്നീടാണ് .എങ്കിലും അന്നും അത് അന്യായമായി തോന്നി .

അഹമ്മദിക്ക ആരുമല്ലാതിരിക്കുക . മധുരിക്കുന്ന ഒരു നോട്ടമോ വാക്കോ നീട്ടാത്ത, ആഴ്ചതോറും വന്ന് വീടാകെ കിടിലംകൊള്ളിക്കുന്ന ഒരാൾ അച്ഛനുമായിരിക്കുക !

സ്കൂൾ വിട്ടുവരുമ്പോൾ ചാരുകസേരയ്ക്കു മുകളിലായി കാണുന്ന കഷണ്ടി തലോടുന്ന പരുപരുത്ത കൈ, ഊണു കഴിഞ്ഞാൽ ഉറക്കെയുള്ള കാർപ്പിക്കൽ ,പണിക്കാരോടുള്ള ഗർജ്ജനം, ഒരാഴ്ചത്തെ കുറ്റങ്ങൾക്ക് എണ്ണിയെണ്ണി പതിയുന്ന ചൂരലിന്റെ സീൽക്കാരം, ഇതായിരുന്നു അച്ഛൻ!"

അഷിതയുടെ, 'അമ്മ എന്നോടു പറഞ്ഞ നുണകൾ ' എന്ന കഥ തുടങ്ങുന്നതിങ്ങനെയാണ്.അഷിതക്കഥകളിലൂടെ കടന്നുപോകുമ്പോഴെല്ലാം വീട്ടകങ്ങളിൽ അമർന്ന് കുരുങ്ങിക്കിടപ്പുള്ള നിലവിളികൾ നമുക്ക് കേൾക്കാം. അവരുടെ അഭിമുഖങ്ങളിലും ആ നിലവിളിയുണ്ട്. തികഞ്ഞ നിർവികാരതയോടെ അവരത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനോട് പറയുമ്പോഴെല്ലാം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴത്തിൽ പോറലേൽക്കുന്നു. കേരളീയ മധ്യവർഗകുടുംബങ്ങളിലെ സദാചാരഭീതികളും അടക്കിക്കരച്ചിലുകളും എത്ര ആഴത്തിലാണ് അവർ വാക്കുകളിൽ കോറിയിട്ടത്! പ്രതീക്ഷയുടെ 'ഒരു കീറ് ആകാശം' പോലുമില്ലാതെ ഇരുട്ടിൽ തപ്പുന്ന ഒരു കുട്ടി അഷിതയുടെ കഥകളിലുണ്ട്. വീട്ടിനകത്ത് ഉപേക്ഷിക്കപ്പെട്ട ഒരു പാവം കുട്ടി!

അഷിതയുടെ വരികൾ വായിച്ചവസാനിപ്പിക്കാനാകാതെ ഞാനടച്ചു വെച്ചിട്ടുണ്ട് പലവട്ടം."ഒരു ചെറിയ പശുക്കുട്ടിയാണെങ്കിൽ അതിന് ഒരാഴ്ച കഴിഞ്ഞാൽ സ്വതന്ത്രമായി മേയാൻ പോകാം. മനുഷ്യക്കുട്ടികൾ വളരെ നിസ്സഹായരാണ്..." എന്ന വാചകം വായിച്ചപ്പോൾ തുടർന്നു വായിക്കാനാകാതെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.

വീടിനു പുറത്തു മാത്രമല്ല, വീടിനകത്തും നിരവധി കുട്ടികൾ ഉപേക്ഷിക്കപ്പെടുന്നുണ്ട്. അകത്തേക്കൊഴുക്കുന്ന വിങ്ങിക്കരച്ചിലുകളിലൂടെ കുട്ടിക്കാലം കഴിച്ചുകൂട്ടേണ്ടി വരുന്ന എത്രയെത്ര കുഞ്ഞുങ്ങൾ നമുക്കു ചുറ്റുമുണ്ടായിരിക്കും!

എത്ര ഊക്കോടെ തള്ളിയകറ്റിയാലും വീണ്ടും മടങ്ങിയെത്തുന്ന ഊഞ്ഞാലുപോലെയാണ് ചില സങ്കടങ്ങൾ .രണ്ടുമൂന്നു ദിവസമായി തൊടുപുഴയിലെ ആ ഏഴുവയസ്സുകാരനാണ് ഉള്ളിൽ. അവന്റെ പ്രായമാണ് മോൾക്ക്. അവൾ ഓടിക്കളിക്കുമ്പോൾ, ഒഴിവുകാലത്തിന്റെ ആനന്ദങ്ങളിലേക്ക് കൂപ്പുകുത്തുമ്പോഴെല്ലാം അവൻ ഉള്ളിൽക്കിടന്ന് പിടയുന്നു. ഊഞ്ഞാൽപ്പലക മുഖത്തു വന്നിടിക്കും പോലെ ഞാൻ സങ്കടഗർത്തങ്ങളിലേക്ക് ആയത്തിൽ കൂപ്പുകുത്തുന്നു.

സ്കൂളടച്ചപ്പോൾ മോൾ സ്കൂൾ വണ്ടിയിൽ നിന്ന് വീട്ടിലേക്ക് ആനന്ദത്തിന്റെ ആർപ്പുവിളികളോടെ വന്ന ആ കാഴ്ചയിലും ഞാനവനെയാണോർത്തത്.

അവൻ എങ്ങനെയായിരിക്കും വീട്ടിലേക്ക് വരാറുണ്ടായിരിക്കുക? അവധിക്കാലം അവന് എത്ര ഭീതിദമായ ഒരു ഓർമ്മയായിട്ടുണ്ടാകണം!

സ്കൂളിലേക്ക് വരുന്ന കുട്ടിയും, സ്കൂളിൽ നിന്ന് മടങ്ങുന്ന കുട്ടിയും ശരീരഭാഷയിൽപ്പോലും എത്ര വ്യത്യസ്തരാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?

മൂന്നരയ്ക്കോ നാലു മണിക്കോ സ്കൂൾ വിടുമ്പോൾ ഓരോ കുട്ടിയും പുറത്തേക്കോടുന്ന ആ ഓട്ടം!

ആനന്ദങ്ങളിലേക്കാണ് ആ ഓട്ടം..

എന്തൊരൂർജ്ജത്തോടെയാണ് അവർ വീട്ടിലേക്ക് നടക്കുക...

എന്തൊരു നിറവോടെയാണ് അവർ ഓട്ടോയിൽ നിന്നും ഇറങ്ങി വീട്ടിലേക്കോടുക..

കാത്തിരിക്കുന്ന അമ്മ, അച്ഛൻ, മറ്റ് കുടുംബാംഗങ്ങൾ ...

ആറിത്തണുക്കാത്ത കാപ്പി.. ബിസ്കറ്റ് ..

അവനെങ്ങനെയായിരിക്കും ആ വീട്ടിലേക്ക് നടന്നിട്ടുണ്ടാകുക എന്നോർത്ത് ഉള്ള് പൊള്ളുന്നു..

ധർമ്മരാജ് മടപ്പള്ളിയുടെ ആ കുറിപ്പിലെ വരികൾ പോലെ തന്നെയാവണം അവന്റെ വീട്ടിലേക്കുള്ള യാത്രകൾ..

"നാലുമണിനേരത്തെ പള്ളിക്കൂട വിടുതൽമണിയൊച്ച എന്തുമാത്രം ഭയാനകമായാവണം അവൻ ശ്രവിച്ചിട്ടുണ്ടാവുക. കളിമുറ്റത്തേക്ക് ചിതറിയോടി പലപല വഴികളിലൂടെ വീട്ടിലേക്കോടുന്ന കുരുന്നുകളിൽ ഏറ്റവും സാവധാനം നടന്നു വീടണഞ്ഞ കുട്ടി അവനായിരിക്കാം. മരങ്ങൾക്കിടയിലൂടെ മുന്നിൽത്തെളിയുന്ന സ്വന്തം വീട്ടിലേക്കു കയറുംമുന്നെ എത്ര ദീർഘശ്വാസം അവനാ കുരുന്നു നെഞ്ചിൻകൂട്ടിലേക്ക് വലിച്ചു കയറ്റിയിട്ടുണ്ടാവാം."

ഈ വരികൾ വായിച്ചപ്പോൾ എനിക്ക് അതെഴുതിയ ആളോട് കടുത്ത അമർഷം തോന്നി.

എന്തിനാണ് എഴുതിയിങ്ങനെ മനുഷ്യരെ പൊള്ളിക്കുന്നത്?

ആ വീട് അവനെ എന്തുമാത്രം ഭയപ്പെടുത്തിയിട്ടുണ്ടാകണം.

എത്രയെത്ര കരച്ചിലുകൾ അവൻ ഉള്ളിലേക്കൊഴുക്കിയിരിക്കണം.

ഒരു വർഷം മുൻപു വരെയുള്ള അവന്റെ ചിത്രങ്ങൾ ആരോ അയച്ചു തന്നു.

എത്ര ആനന്ദം നിറഞ്ഞ ചിരിയായിരുന്നു അവന്റേത്..

കുഞ്ഞുങ്ങൾക്ക് അഭിനയിക്കാനറിയില്ല.

എല്ലാ ആനന്ദങ്ങളും സങ്കടങ്ങളും അവരുടെ മുഖത്ത് പ്രതിഫലിക്കും.

ആ ആനന്ദങ്ങളിൽ നിന്നാണ് സങ്കട ഗർത്തങ്ങളിലേക്ക് അവൻ വലിച്ചെറിയപ്പെട്ടത്.

വിശന്നു മയങ്ങിയ ആ പാതിരാവിൽ കിടക്കയിൽ നിന്നും തൂക്കിയെറിഞ്ഞപ്പോഴും ചിലപ്പോളവൻ ഉറക്കപ്പിച്ചിലായിരിക്കും.

എന്താണ് സംഭവിച്ചതെന്നൊന്നും അവന് മനസ്സിലായിക്കാണില്ല.

ഒരു ദുഃസ്വപ്നമാണെന്ന് കരുതിക്കാണും അത്.

ജീവിതം മുഴുവൻ ദുഃസ്വപ്നങ്ങളിൽ കിടന്നുഴലുമ്പോൾ സ്വപ്നവും യാഥാർത്ഥ്യവും തമ്മിൽ വേറിട്ടു കാണാനൊന്നും പറ്റിയെന്ന് വരില്ല .

നമ്മുടെ കുടുംബങ്ങൾ എത്ര ദയാരഹിതമായാണ് കുട്ടികളോട് ഇടപെടുന്നത്!

ബയോളജിക്കൽ ഫാദർ ,ബയോളജിക്കൽ മദർ എന്നീ പരികൽപ്പനകൾക്ക് വലിയ അർത്ഥമൊന്നുമില്ല.രണ്ടാനച്ഛനോ രണ്ടാനമ്മയോ ആയതുകൊണ്ടൊന്നുമല്ല കുട്ടികൾ ഉപദ്രവിക്കപ്പെടുന്നത്. അച്ഛനാവുക ,അമ്മയാവുക എന്നതല്ല,മനുഷ്യരാവുക എന്നതാണ് കാര്യം. മനുഷ്യത്വമില്ലെങ്കിൽ ബയോളജിക്കൽ ഫാദറോ മദറോ ആയാലും ഒരു കുഞ്ഞുങ്ങളും അവരിൽ സുരക്ഷിതരാകില്ല.

"ടീച്ചറ് കല്യാണത്തിന് വരില്ലേ?"ന്ന ഒരു ചോദ്യമിപ്പോഴുമോർമ്മയുണ്ട്. " ഇത്ര പെട്ടെന്ന് നീയെന്താ കല്യാണം കഴിക്കണേ" ന്ന അനാവശ്യചോദ്യം ഞാൻ തിരിച്ചു ചോദിച്ചു. അവൻ ഡിഗ്രി കഴിഞ്ഞിറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. 22 വയസ്സേ അവനുള്ളൂ.കോളേജിൽ പഠിക്കുമ്പോഴേ അവന് ഓട്ടോയുണ്ടായിരുന്നു. ആ ഓട്ടോ അവന്റെ ഉപജീവനമാർഗ്ഗമായിരുന്നു. കോളേജിലവന് 'ജൂനിയറായ ഒരു പെൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നു. ആ കുട്ടിയെത്തന്നെയാണ് അവൻ വിവാഹം കഴിക്കുന്നത്.വീട്ടുകാരുടെയൊക്കെ അനുവാദം വാങ്ങിത്തന്നെയാണ് വിവാഹം.

" ആകെ വിഷയാ ടീച്ചറേ.ചിലപ്പോ കൈവിട്ടു പോകും. എന്നായാലും കഴിക്കണ്ടേ? ഒറ്റക്കിങ്ങനെ മടുക്കാണ്.."

ദീർഘദൂരയാത്രകളിൽ ഞാനവന്റെ ഓട്ടോയാണ് വിളിക്കാറുള്ളത്. ആ യാത്രകളിലാണ് അവൻ വീടിനെപ്പറ്റി പറയുക. അവനും ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയായിരുന്നു. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു.രണ്ട് കുട്ടികളെ തനിച്ചാക്കി അമ്മ കൂട്ടുകാരനോടൊപ്പം പോയി. രാത്രികളിൽ ബാനറ് കെട്ടാൻ പോയും, പുലർക്കാലത്ത് പത്രമിടാൻ പോയുമാണ് അവൻ അവന്റെയും അനിയന്റെയും ജീവിതച്ചെലവുകൾക്കായി വരുമാനം കണ്ടെത്തിയിരുന്നത്.അവ്യവസ്ഥമായ ആ ജീവിതം അവനെ മടുപ്പിച്ചിരിക്കണം. എല്ലാ സങ്കടങ്ങളുമറിഞ്ഞ് അവന്റെ ജീവിതത്തിലേക്ക് വരാൻ തയ്യാറായ ആ പെൺകുട്ടിയെ കാത്തിരുന്ന് നഷ്ടപ്പെടുത്താൻ അവന് കഴിഞ്ഞിട്ടുണ്ടാവില്ല.

അവൻ കല്യാണം കഴിഞ്ഞ് സുഖമായി കഴിയുന്നു. അവന്റെ കൂട്ടുകാരി ഇപ്പോഴും കോളേജിലേക്ക് പഠിക്കാൻ വരുന്നു. ജീവിതാനന്ദങ്ങളിൽ തുടുത്ത മുഖവുമായി. എപ്പോഴും ചിരിക്കുന്ന മുഖവുമായി അവനെ കാണുമ്പോൾ ഉള്ള് നിറയും.എത്രമേൽ ഇരുട്ട് വന്നു മൂടുമ്പോഴും ജീവിതം വെളിച്ചത്തിന്റെ ഒരു കീറ് ബാക്കി വെക്കും എന്ന് അവനെ കാണുമ്പോൾ ഞാനോർക്കും.

ഒരിക്കൽ യാത്രക്കിടെ , അമ്മയ്ക്ക് മടങ്ങിവരണമെന്നുണ്ടെന്ന് അവൻ പറഞ്ഞു. "എല്ലാം മറന്ന് നീയമ്മയെ തിരികെ വിളിക്കൂ. എത്രയായാലും അമ്മയല്ലേ" ന്ന് നോക്കിക്കാണുന്നവന്റെ നിസ്സംഗതയോടെ ഞാൻ പറഞ്ഞപ്പോൾ അവനൊന്നു ചിരിച്ചു. "രാത്രീല് വീട്ടിലെ സകല സാധനങ്ങളിലും കെട്ടിപ്പറുക്കി വീട്ടിലെ ബൾബ് പോലും ഊരിക്കൊണ്ടോയ ആളെയാണോ ടീച്ചറേ അമ്മേന്ന് വിളിക്കാ?"

ആ രാത്രിയിൽ ഇറങ്ങിപ്പോയപ്പോൾ അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലയില്ലാത്ത രണ്ടു വസ്തുക്കൾ ആ കുഞ്ഞുങ്ങളായിരുന്നു. അവരെടുത്തു കൊണ്ടുപോയ ഗൃഹോപകരണങ്ങളുടെയോ, ഊരിക്കൊണ്ടുപോയ ട്യൂബ് ലൈറ്റിന്റെയോ വില പോലും ആ കുഞ്ഞുങ്ങൾക്കുണ്ടായിരുന്നില്ല.

എനിക്ക് പിന്നെ അവനോടൊന്നും ചോദിക്കാൻ തോന്നിയില്ല.

അവരവനെ പ്രസവിച്ച അമ്മയാണ്.

അല്ലെങ്കിലും ഈ മാതൃത്വം എന്നത് ആദർശവൽക്കരിക്കപ്പെട്ട വലിയൊരു നുണയാണ്.അമ്മയാകണമെങ്കിൽ പ്രസവിക്കണം എന്നൊന്നുമില്ല.

ഞങ്ങളുടെ വീട്ടിലേക്ക് മൂന്ന് മക്കളുടെ അമ്മയായി ചെറിയമ്മ കടന്നു വരുമ്പോഴും എല്ലാവർക്കും സംശയമായിരുന്നു.

പഴയ സിൻഡ്രല്ലാക്കഥയിലെ അമ്മയെപ്പോലെ അവർ കുഞ്ഞുങ്ങളോട് പെരുമാറുമെന്ന് ഞങ്ങൾ കുട്ടികൾ പോലും കരുതി.

" കുട്ടികളെ നോക്കാനാണ് വന്നിരിക്കുന്നത്. അവർക്കൊരു കുറവും വരരുത്." എന്ന് ബന്ധു ഗൃഹങ്ങളിലെ മുതിർന്ന സ്ത്രീകൾ ചുറ്റും നിന്ന് ഓർമ്മിപ്പിച്ചു.ചെറിയമ്മ പകച്ച കണ്ണുകളോടെ മുപ്പത്തിയെട്ടാം വയസ്സിൽ നവവധുവായി നിന്നു.

ചുറ്റുമുള്ളവർക്ക് അതുവരെ ആ കുട്ടികൾ വലിയ ആശങ്കയൊന്നുമായിരുന്നില്ല.
അവരാരും ആ കുട്ടികളെ ഒരിക്കൽപ്പോലും ലാളിച്ചവരായിരുന്നില്ല.പക്ഷേ ആ വീട്ടിലേക്ക് ചെറിയമ്മ വന്നപ്പോൾ മുതൽ അതിർത്തിയിലെ ജാഗ്രതക്കണ്ണുകൾ സജീവമായി.

ആ കുട്ടികളുടെ കരച്ചിൽ കേട്ട് രാത്രികളിൽ അവരെയെടുക്കാനോ സാന്ത്വനിപ്പിക്കാനോ വരാത്ത പലരും വിധികർത്താക്കളായി.

വിധിക്കുക എന്നതിൽക്കവിഞ്ഞ് തങ്ങൾക്ക് മറ്റൊരുത്തരവാദിത്തവുമില്ലെന്ന് വിശ്വസിക്കുന്ന കുറേ മനുഷ്യരുണ്ട്.

സ്വത്തെല്ലാം കൈക്കലാക്കി ആ കുട്ടികളേയുമുപേക്ഷിച്ച് ചെറിയമ്മ മടങ്ങുമെന്നാണ് പലരും കരുതിയത്.

ചെറിയമ്മ ഗർഭിണിയായപ്പോൾ എല്ലാവരുടേയും ആശങ്ക ഇരട്ടിയായി.

സ്വന്തം രക്തത്തിൽ ഒരു കുഞ്ഞുണ്ടായാൽ പിന്നെ മറ്റ് കുഞ്ഞുങ്ങളെ ക്രൂരമായി അവഗണിക്കുമെന്ന് വിധികർത്താക്കൾ പ്രതീക്ഷിച്ചു.

ഒന്നുമുണ്ടായില്ല.

ആ കുഞ്ഞുങ്ങൾ ഏകോദരസോദരങ്ങളായി വളർന്നു.. ചെറിയമ്മ വളർത്തി വലുതാക്കിയ പെൺകുട്ടി വിവാഹിതയായി പോകുമ്പോൾ, അവരെയും കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞു. അവരെക്കാണാൻ ഇടക്കിടെ അവളിപ്പോഴും ഓടിയെത്തുന്നു.

ഓരോ കുടുംബങ്ങളും നിരീക്ഷിക്കപ്പെടേണ്ടതുണ്ട്.സദാചാരക്കണ്ണുകളോടെയല്ല.

ആ വീട്ടിലേക്ക് വന്നു പോകുന്ന പുരുഷന്മാരുടെ എണ്ണമെടുക്കുന്നതിലല്ല ജാഗ്രത കാട്ടേണ്ടത്.

ഓരോ വീട്ടിനകത്തും പറയാനാവാത്ത സങ്കടങ്ങൾ പേറി കഴിയുന്നവരുണ്ടാകും.

അതിൽ കുട്ടികളുണ്ടാകും.മുതിർന്നവരുണ്ടാകും.

ആ സങ്കടങ്ങളിലേക്കാണ് കാതോർക്കേണ്ടത്.

അയൽക്കാർക്ക്,അധ്യാപകർക്ക് വലിയ ഉത്തരവാദിത്തമുണ്ട്.അധ്യാപകരുടെ അച്ചടക്കകാമനകളിൽ ആ കുഞ്ഞുങ്ങൾ എ പ്ലസുകാരായിരിക്കില്ല. അവരുടെ യൂണിഫോം ചിലപ്പോൾ ചുളിഞ്ഞതാകാം. മുടി ചീകാതെ പാറിക്കിടക്കുകയാവാം, നോട്ട് ബുക്കിലവർ അലക്ഷ്യമായി കോറിയിടാം, പരീക്ഷകളിൽ പരാജയപ്പെടാം - അന്വേഷിക്കണം. സ്നേഹത്തോടെ അടുത്തു വിളിച്ച് ചോദിക്കണം. ടീച്ചറുടെ നെഞ്ചിലേക്ക് കുട്ടിക്ക് അഭയം പ്രാപിക്കാൻ കഴിയണം. സങ്കടങ്ങൾ പറയാനാകണം. വൈകാരികമായി അധ്യാപകരിൽ അഭയം കണ്ടെത്താൻ കൂടി കുട്ടിക്ക് കഴിയുമ്പോഴാണ് അധ്യാപനം ശ്രേഷ്ഠമായ ഒരു തൊഴിലാകുന്നത്.

അയൽക്കാരോട്,

അടുത്ത വീട്ടിലെ നിലവിളികൾ കേൾക്കാതിരിക്കാൻ അങ്ങോട്ടുള്ള വാതിലുകളും ജനാലകളും ഭദ്രമായി അടച്ച് വീടുകൾക്കുള്ളിലിരിക്കുക.ടി.വി.യുടെ വോള്യം കുറേക്കൂടി ഉയർത്തുക.

സ്വസ്ഥമായുറങ്ങുക.

ദിഗന്തം ഭേദിക്കുമാറുയരുന്ന കുഞ്ഞിക്കരച്ചിലുകൾക്ക് കാതോർക്കണ്ട!

കാതോർക്കണ്ട!

കാതോർക്കണ്ട!