പാട്ന: ബീഹാറിൽ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മൂത്തമകൻ തേജ് പ്രതാപ് യാദവ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ''ലാലു-റാബ്‌റി മോർച്ച" എന്നാണ് പാർട്ടിക്ക് പേരിട്ടിരിക്കുന്നത്. കുടുംബവഴക്കിനെ തുടർന്ന് പാർട്ടിയുടെ യുവജന സംഘടനയിൽനിന്ന് കഴിഞ്ഞ ദിവസം തേജ്പ്രതാപ് രാജിവച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആർ.ജെ.ഡിയുടെ സ്ഥാനാർത്ഥി പട്ടികയിൽ തേജ്പ്രതാപിന്റെ ഭാര്യാപിതാവ് ചന്ദ്രികാ റായിയുടെ പേരുൾപ്പെട്ടതാണ് തേജിനെ പ്രകോപിപ്പിച്ചത്. ലാലുപ്രസാദ് യാദവ് നാല് തവണ മത്സരിച്ചു ജയിച്ച സരൺ മണ്ഡലത്തിൽനിന്നാണ് ചന്ദ്രികാ റായ് ജനവിധി തേടുന്നത്.
കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ലാലുപ്രസാദിന്റെ അഭാവത്തിൽ ഇളയമകൻ തേജസ്വി യാദവാണ് പാർട്ടിയിലെ തീരുമാനങ്ങളെടുക്കുന്നത്.