chanthu-lal

ഓയൂർ: രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ സ്ത്രീധനം നല്കാത്തതിന്റെ പേരിൽ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിലെ പ്രതികളായ ഭർത്താവ് ചന്തുലാൽ, ചന്തുലാലിന്റെ മാതാവ് ഗീതാലാൽ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി കൊട്ടാരക്കര ഡിവൈ. എസ്.പി ദിനരാജ് അറിയിച്ചു.നിലവിൽ സ്ത്രീധന പീഡനത്തിനുള്ള 304 (ബി) പ്രകാരമാണ് കേസ്.ഇതോടൊപ്പം കൊലപാതകം (302), 344 എന്നീ വകുപ്പുകൾകൂടി ചേർത്തു.

കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തെക്ക് തുഷാര ഭവനിൽ തുളസീധരൻ - വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാരയാണ് (27) മാർച്ച് 21ന് ഭർതൃവസതിയായ ഓയൂർ പൂയപ്പള്ളി ചെങ്കുളം, പറണ്ടോട് ചരുവിളവീട്ടിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ടത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുന്ന ചന്തുലാൽ, മാതാവ് ഗീതാലാൽ എന്നിവരെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി പൂയപ്പള്ളിയിലെ വസതിയിലെത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തും. സമീപത്ത് താമസിക്കുന്ന ചന്തുലാലിന്റെ സഹോദരിയെയും ഭർത്താവിനെയും ചോദ്യം ചെയ്ത് കേസിൽ പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ട് തുഷാരയുടെ മാതാപിതാക്കൾ ഇന്നലെ ഡിവൈ.എസ്. പിയ്ക്ക് പരാതി നല്കിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തി ഇവർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്ന് ഡിവൈ. എസ്. പി പറഞ്ഞു. ഗീതാലാലിന്റെ മന്ത്രവാദവും ആഭിചാരക്രിയകളും മരണത്തിന് കാരണമായിട്ടുണ്ടോയെന്നും അന്വേഷിക്കും. ഇതിനായി ഗീതാലാലിന്റെ ഇടപാടുകാരെ ചോദ്യം ചെയ്യും.

തുഷാരയുടെ മരണശേഷം സഹോദരി ജാൻസിയോടൊപ്പം കഴിഞ്ഞിരുന്ന നാലും ഒന്നരയും വയസുള്ള പെൺകുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റി എറ്റെടുത്തിരുന്നു. കുട്ടികളെ വിട്ടുകിട്ടാൻ തുഷാരയുടെ ബന്ധുക്കൾ നിയമനടപടി സ്വീകരിച്ചുവരികയാണ്.

മനുഷ്യാവകാശ

കമ്മിഷൻ കേസെടുത്തു

കൊല്ലം: ഭർത്ത്യഗൃഹത്തിൽ പട്ടിണിക്കിട്ട് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

കൊല്ലം ജില്ലാ പൊലീസ് മേധാവി (കൊട്ടാരക്കര റൂറൽ) വിശദമായ റിപ്പോർട്ട് മൂന്നാഴ്ചകകം സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം കെ. മോഹൻ കുമാർ ആവശ്യപ്പെട്ടു.

വനിതാകമ്മിഷൻ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിക്കുകയും കേസിന്റെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.