ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി വയനാടിൽ മത്സരിക്കുന്നതിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോൺഗ്രസ് .ഹിന്ദുക്കളെ നേരിടാൻ ഭയന്ന് രാഹുൽ ഗാന്ധി മുസ്ലീം ഭൂരിപക്ഷമുള്ള മണ്ഡലത്തിലേക്ക് ഒളിച്ചോടിയെന്ന പ്രസ്താവനയിലൂടെ നരേന്ദ്രമോദി ഇന്ത്യയുടെ മതേതരത്വത്തെ അപമാനിച്ചെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ഇത്തരം പ്രസ്താവനകളിലൂടെ ഇന്ത്യയുടെ മതേതരത്വത്തേയും നാനാത്വത്തേയും മോദി അപമാനിക്കുകയാണ്. ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടിയ പഴശ്ശിരാജയുടെ ചരിത്രമുള്ള നാടാണ് വയനാട്. ആദിവാസികളുടെയും കർഷകരുടെയും മണ്ണാണ് വയനാട്, ഇതെല്ലാം മോദിക്കും ബി.ജെ.പിക്കും അറിയാമോ എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വാർത്താസമ്മേളനത്തിൽ ചോദിച്ചു.
ജാതി, മതം, ഭാഷ, വർണം എന്നിവയുടെ പേരിൽ ജനങ്ങളെ വിഭജിക്കുകയാണ് എൻ.ഡി.എ സർക്കാരെന്നും രാഹുൽ ദക്ഷിണേന്ത്യയിൽ മത്സരിക്കുന്നതിനെ ബി.ജെ.പി എതിർക്കുന്നതിൽ നിന്ന് അതാണ് വ്യക്തമാകുന്നതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
കർഷക-ആദിവാസി ജില്ലയായ വയനാട് സീറ്റ് മത്സരിക്കാൻ തിരഞ്ഞെടുക്കുക വഴി ആ വിഭാഗത്തോടുള്ള കോൺഗ്രസിന്റെ താത്പര്യം കൂടിയാണ് തെളിയിക്കപ്പെടുന്നതെന്ന് കോൺഗ്രസ് വിശദീകരിക്കുന്നു.