ഗാസിയാബാദ്: ഇന്ത്യൻ സൈന്യത്തെ മോദിയുടെ സേനയെന്ന വിശേഷിപ്പിച്ച യു.പി മുഖമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. ജില്ലാ മജിസ്ട്രേറ്റിനോട് കമ്മിഷൻ വിശദീകരണം തേടിയെന്നാണ് റിപ്പോർട്ടുകൾ. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കോൺഗ്രസ് തീവ്രവാദികൾക്ക് ബിരിയാണി കൊടുത്തു. എന്നാൽ മോദിയുടെ സേന അവരെ ബുള്ളറ്റുകളും ബോംബുകളുമായി നേരിട്ടു. ഇതാണ് വ്യത്യാസം. കോൺഗ്രസ് മസൂദ് അസ്ഹറിനെ പോലുള്ള തീവ്രവാദികളെയാണ് പിന്തുണക്കുന്നതെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവന. ഗാസിയാബാദിലെ റാലിയിലായിരുന്നു യോഗി ആദിത്യനാഥ് വിവാദ പ്രസംഗം നടത്തിയത്.
ബീഫ് കൈവശം വച്ചുവെന്നാരോപിക്കപ്പെട്ട് കൊല്ലപ്പെട്ട അഖ്ലാഖിന്റെ കൊലപാതകികൾ ഗാസിയാബാദിലെ റാലിയിൽ പങ്കെടുത്തതും വിവാദമായിരുന്നു.