samantha-

സൗത്ത് കരോലിന: വീട്ടിലേക്ക് പോകാൻ യൂബർ ടാക്സി ബുക്ക് ചെയ്ത കോളേജ് വിദ്യാർത്ഥി കയറിയത് മറ്റൊരു കാറിൽ. അവസാനം 14 മണിക്കൂർ നീണ്ട പീഡനത്തിന് ശേഷം ആ വിദ്യാർത്ഥി കൊല്ലപ്പെട്ടു. അമേരിക്കയിലെ സൗത്ത് കരൊലിനയിലാണ് ക്രൂരമമായ സംഭവം നടന്നത്. ഇരുപത്തിയൊന്നുകാരിയായ സാമന്ത ജോസഫ്സൺ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ നതാനിയേൽ റൗൽഡ് (24) എന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.


കഴിഞ്ഞ വെള്ളിയാഴ്ച കൊളംബിയയിലെ ഒരു ബാറിൽ സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയൽ പങ്കെടുത്ത ശേഷം പുലർച്ചെ രണ്ട് മണിയോടെയാണ് സാമന്ത യൂബർ ടാക്സി ബുക്ക് ചെയ്തത്. അപ്പോഴാണ് അതുവഴി നതാനിയേലിനറെ കറുത്ത കാർ വന്നത്. ഊബറെന്ന് കരുതി സാമന്ത കാറിന് കൈകാണിക്കുകയും ഡോർ തുറന്ന് പിൻസീറ്റിൽ കയറി ഇരിക്കുകയും ചെയ്തു.

കാറിൽ കയറിയ സാമന്തയെ നതാനിയേൽ 14 മണിക്കൂർ ക്രൂരമായി പീഡിപ്പിച്ചു. വിജനമായ പ്രദേശത്തുള്ള വയലിലാണ് സാമന്തയുടെ മൃതദേഹം കണ്ടെത്തിയത്. തലയിലും കഴുത്തിലും മുഖത്തും കാലിലും ആഴത്തിൽ മുറിവേറ്റിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് നതാനിയേലിന്റെ വാഹനം പൊലീസ് കണ്ടെത്തിയത്. കാറിന്റെ ഡിക്കിയിൽ രക്തം പുരണ്ടിരുന്നു. അത് സാമന്തയുടേതാണ് എന്നാണ് പൊലീസ് നിഗമനം.

കൊലയാളി നതാനിയേലിനെ പൊലീസ് പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. ബിരുദപഠനം പൂർത്തിയാക്കി നിയമപഠനത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു സാമന്തയുടെ മരണം. കാറിൽ നതാനിയേലിനൊപ്പമുണ്ടായിരുന്ന പെണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു. ഇവരിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. സാമന്തയുടെ മരണത്തിൽ അമേരിക്കയിൽ വൻ പ്രതിഷേധം അരങ്ങേറി.