തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തുന്നതിനെ വിമർശിച്ചവർക്ക് മറുപടിയുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. രാഹുൽ ഗാന്ധി അമേത്തിയിൽ നിന്ന് ഒളിച്ചോടിയെന്ന് ആക്ഷേപിക്കുന്നവർക്കെതിരെയും അദ്ദേഹം തുറന്നടിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ കേരളത്തിൽ മത്സരിക്കാൻ സ്വന്തം ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താൻ മനോധൈര്യമില്ലാത്ത പാർട്ടിയാണ് ബിജെപിയെന്ന് സനൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ബി.ജെ.പിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിയില്ലെന്നതിനും കോൺഗ്രസിന് ഇപ്പോഴും ഇന്ത്യമുഴുവനും വേരുണ്ട് എന്നുമാണ് അത് സൂചിപ്പിക്കുന്നത്. സ്മൃതി ഇറാനിക്കെന്നല്ല സാക്ഷാൽ മോദിക്കുപോലും കേരളത്തിൽ വന്നു നിന്ന് ജയിച്ചുപോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടുള്ള സംയുക്ത പ്രസ്താവനയിൽ സനൽകുമാർ ശശിധരനും ഒപ്പിട്ടിരുന്നു. 103 സിനിമാ മേഖലയിലെ പ്രവർത്തകരാണ് മോദി സർക്കാരിനെതിരെ രംഗത്ത് വന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
രാഹുൽ ഗാന്ധിക്കെതിരെ കേരളത്തിൽ മത്സരിക്കാൻ സ്വന്തം ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താൻ മനോധൈര്യമില്ലാത്ത പാർട്ടിയാണ് അയാൾ അമേത്തിയിൽ നിന്ന് ഒളിച്ചോടിയെന്ന് പറഞ്ഞ് ആക്ഷേപിക്കാൻ നടക്കുന്നത്. അവരുടെ കണക്കിൽ ഇന്ത്യയെന്നാൽ ഉത്തരേന്ത്യയും വയനാടൊക്കെ ഓടിപ്പോകാനുള്ള സ്ഥലവുമാണ്.
ബിജെപിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിയില്ലെന്നതിനും കോൺഗ്രസിന് ഇപ്പോഴും ഇന്ത്യമുഴുവനും വേരുണ്ട് എന്നുമാണ് അത് സൂചിപ്പിക്കുന്നത്. സ്മൃതി ഇറാനിക്കെന്നല്ല സാക്ഷാൽ മോഡിക്കുപോലും കേരളത്തിൽ വന്നു നിന്ന് ജയിച്ചുപോകാൻ കഴിയില്ല. കേരളം അവരുടെ ഐഡിയയിൽ അത്രമാത്രം ഇന്ത്യയുമല്ല. അവരുടെ ഇന്ത്യ ഹിന്ദി സംസാരിക്കുന്ന ഹിന്ദുത്വം വിഴുങ്ങുന്ന ഒരിന്ത്യയാണ്. അവർക്കെങ്ങനെ അതു പറ്റും. പകരം അവർ പപ്പുവെന്ന് വിളിക്കും. യഥാർത്ഥ പപ്പുക്കളായ അനുയായികൾ അത് ഏറ്റുപാടും''.