pic

കൊച്ചി: ചരക്കുനീക്കത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം (2018-19)​ കൊച്ചി തുറമുഖം കുറിച്ചത് സർവകാല റെക്കാഡ്. മൊത്തം ചരക്കുനീക്കം 2017-18നെ അപേക്ഷിച്ച് 9.89 ശതമാനം ഉയർന്ന് 32.02 മില്യൺ മെട്രിക് ടണ്ണിലെത്തി. കണ്ടെയ്‌നർ നീക്കം 6.98 ശതമാനം വർദ്ധിച്ച് 5.95 ലക്ഷം ടി.ഇ.യു (ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്ര്)​ ആയി. ചരിത്രത്തിലെ ഏറ്രവും ഉയർന്ന പ്രതിമാസ കണ്ടെയ്‌നർ നീക്കമാണ് കഴിഞ്ഞമാസം കൊച്ചി തുറമുഖം കുറിച്ചത്. 56,​598 ടി.ഇ.യു കണ്ടെയ്‌നറുകൾ മാർച്ചിൽ കൊച്ചി വഴി കടന്നുപോയി.

ആഡംബര കപ്പലുകളുടെ വരവിലും റെക്കാഡ് കുറിക്കാൻ കഴിഞ്ഞവർഷം കൊച്ചിക്ക് സാധിച്ചു. 49 ക്രൂസ് കപ്പലുകളാണ് 2018-19ൽ കൊച്ചിയിലെത്തിയത്. ഇവയിലേറി ആകെ 62,​753 വിദേശ വിനോദ സഞ്ചാരികളും കൊച്ചിയിലെത്തി. 2017-18ൽ 42 ആഡംബര കപ്പലുകളിലാണ് കൊച്ചിയിലെത്തിയത്.