കൊല്ലം: വ്യാപാരികളുടെ വിശദമായ റിട്ടേൺ പരിശോധിച്ച് നഷ്ടപ്പെട്ട നികുതി തിരിച്ച് പിടിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിന്റെ 'ജനവിധി 2019" തിരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ റിട്ടേൺ പരിശോധന ആരംഭിക്കും. വ്യാപാരികളെല്ലാം വാങ്ങുന്നതിന്റെ അത്രയും തന്നെ നികുതി അടച്ചെന്നാണ് രേഖകളിൽ കാണിക്കുന്നത്. എന്നാൽ റിട്ടേൺ പരിശോധിക്കുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും. നഷ്ടമായെന്ന് കരുതിയ നികുതി ഇത്തരത്തിൽ തിരിച്ച് പിടിക്കാനാകും. ജി.എസ്.ടി വന്ന ശേഷം നികുതി വരുമാനത്തിൽ കുറവുണ്ടായി. സംസ്ഥാനത്തേക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങളിൽ ഇ വേ ബിൽ ഉണ്ടോയെന്ന് പരിശോധിക്കാൻ അതിർത്തി മേഖലകളിൽ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. ട്രഷറി സ്‌തംഭനത്തിലാണെന്ന ആരോപണം തെറ്റാണ്. സാമ്പത്തിക പ്രതിസന്ധികളെല്ലാം നിലവിലെ സാമ്പത്തിക വർഷത്തിൽ മറികടക്കാനാകുമെന്നും അദ്ദഹം പറഞ്ഞു.