sitaram-yechury-

കൊല്ലം: രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് തടയാൻ താനും എൻ.സി.പി പ്രസിഡന്റ് ശരത് പവാറും ശ്രമിച്ചുവെന്ന പ്രചാരണം അവാസ്തവമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കൊല്ലത്ത് എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നേരത്തെയും കോൺഗ്രസ് നേതാക്കൾ ദക്ഷിണേന്ത്യയിൽ മത്സരിച്ചിട്ടുണ്ട്. സോണിയാഗാന്ധി ചിക്കമംഗളൂരിലും സോണിയാഗാന്ധി ബെല്ലാരിയിലും മത്സരിച്ചിരുന്നു. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത് ഇത്തരം നേതാക്കളുടെ പൊതു സ്വഭാവമാണ്. മറ്റ് പാർട്ടികളുടെ സ്ഥാനാർത്ഥി നിർണയത്തിൽ സി.പി.എം ഇടപെടാറില്ല. എന്നാൽ, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിന്റെ കാരണം വ്യക്തമാക്കണം. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. ബി.ജെ.പിയെ എതിർക്കുന്നതിൽ കോൺഗ്രസിന് ആത്മാർത്ഥതയില്ല.

മണ്ണിന്റെയും മാനത്തിന്റെയും കാവൽക്കാരനാണെന്ന് മോദി സ്വയം അവകാശപ്പെടുകയാണ്. ഇപ്പോൾ ബഹിരാകാശത്തിന്റെയും കാവൽക്കാരനാകാൻ ശ്രമിക്കുന്നു. മോദിയെ ബഹിരാകാശത്തിരുത്തി ഭരണത്തിൽ നിന്നു തെറിപ്പിക്കണം. ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.35 ലക്ഷം കോടി രൂപ വ്യവസായികളായ മോദിയുടെ സുഹൃത്തുകൾക്ക് നൽകി. പക്ഷേ, കർഷകർക്ക് ഒന്നും നൽകിയില്ല. ഇന്ത്യയുടെ സമ്പത്ത് വമ്പൻമാർ കൊള്ളയടിച്ച് കൊണ്ടു പോയി. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട റിസർവ് ബാങ്കിനെയും വിജിലൻസ് കമ്മിഷനെയും സി.ബി.ഐയെയും മോദി വരുതിയിലാക്കി. ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷനെ വരുതിയിലാക്കാനാണ് ശ്രമം. ഭരണം നഷ്ടമാകുമെന്ന് ഉറപ്പായപ്പോൾ ഭീകരർക്ക് എതിരെയുള്ള പോരാട്ടം പോലും പ്രചാരണ വിഷയമാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

എൽ.ഡി.എഫ് ജില്ലാ കൺവീനർ എൻ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ടി.എം തോമസ് ഐസക് , എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ, പി.കെ.ഗുരുദാസൻ, എസ്. സുദേവൻ, കെ. വരദരാജൻ, എം.എൽ.എമാരായ എം. മുകേഷ് എം.നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.