sports-news-in-brief
sports news in brief

ദുബായ് : പാകിസ്ഥാനെതിരായ അഞ്ചാം ഏകദിനത്തിലും വിജയിച്ച ആസ്ട്രേലിയ പരമ്പര 5-0ത്തിന് തൂത്തുവാരി. ദുബായ‌്‌യിൽ നടന്ന അവസാന ഏകദിനത്തിൽ ആസ്ട്രേലിയ 20 റൺസിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസിസ് 327/7 എന്ന സ്കോർ ഉയർത്തി. ഹാരിസ് സൊഹൈൽ (130) സെഞ്ച്വറിയടിച്ചിട്ടും പാകിസ്ഥാന് 307/7 ലെ എത്താനായുള്ളൂ.

ഇന്ത്യയ്ക്കെതിരെ ഏകദിന, ട്വന്റി-20 പരമ്പരകൾ നേടിയതിനു പിന്നാലെയാണ് പാകിസ്ഥാനെയും ആസ്ട്രേലിയ കീഴടക്കിയത്.

ഇന്ത്യയോടുള്ള നിലപാട് മാറ്റാതെ ഐ.ഒ.സി

ന്യൂഡൽഹി : ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ലോകകപ്പ് ഷൂട്ടിംഗിൽ പാകിസ്ഥാൻ താരങ്ങൾക്ക് വിസ അനുവദിക്കാത്തതിനെത്തുടർന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി സ്വീകരിച്ച ഇന്ത്യയ്ക്ക് അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ വേദി അനുവദിക്കേണ്ട എന്ന നിലപാടിൽ മാറ്റമില്ല. എല്ലാ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർക്കും പങ്കെടുക്കാൻ അനുമതി നൽകാമെന്ന് ഇന്ത്യൻ ഗവൺമെന്റ് രേഖാമൂലം ഉറപ്പു നൽകിയാൽ മാത്രം നിലവിൽ മാറ്റം വരുത്തിയാൽ മതിയെന്ന് ലോസെന്നെയിൽ ചേർന്ന ഐ.ഒ.സി എക്സിക്യൂട്ടീവ് ബോർഡ് തീരുമാനിച്ചു.

യോഗയിൽ മൂന്നാം സ്ഥാനം

തിരുവനന്തപുരം : റാഞ്ചിയിൽ നടന്ന മൂന്നാമത് ഫെഡറേഷൻ കപ്പ് യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ കേരളം ഓവറാൾ പോയിന്റ് നിലയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കി. ആർട്ടിസ്റ്റ് യോഗയിൽ ശ്രേയ ആർ. നായർ, അജിത് കൃഷ്ണൻ എന്നിവർ വെള്ളി നേടി.