തിരുവനന്തപുരം: കിഴക്കേകോട്ടയിലെ ട്രാൻസ്പോർട്ട് ഭവനിൽ പ്രവർത്തിച്ചിരുന്ന പഴയ ആർ.ടി ഓഫീസിൽ പോയിട്ടുള്ളവർ തമ്പാനൂർ ബസ് ടെർമിനലിലെ പുതിയ ഓഫീസിലെത്തിയാൽ ഞെട്ടിപ്പോകും. പഴയ ഒാഫീസിൽ ഒന്നിനും സ്ഥലമില്ലാതെ ആകെ തിരക്കായിരുന്നു. എന്നാൽ ഇവിടെ ഹോട്ടൽ റിസപ്ഷൻ പോലുള്ള റിസപ്ഷൻ കാണുമ്പോൾ തന്നെ സന്തോഷമാകും. ഇടനിലക്കാരെ ഒഴിവാക്കാൻ ബയോമെട്രിക് സംവിധാനം ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് ടെർമിനലിന്റെ അഞ്ചാം നിലയിൽ ആർ.ടി ഓഫീസ് പ്രവർത്തിക്കുന്നത്.
പൂർണമായും ശീതീകരിച്ച ഹാളുകളാണിവിടെ.
സംസ്ഥാനത്തെ തിരക്കേറിയ ആർ.ടി ഓഫീസുകളിലൊന്നാണ് തിരുവനന്തപുരം. വർഷം 40,000 വാഹനങ്ങളാണ് ഇവിടെ നിരത്തിലിറങ്ങുന്നത്. ഈ തിരക്ക് പരിഹരിക്കാനുള്ള സജ്ജീകരണങ്ങൾ പുതിയ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. ഓഫീസ് പ്രവർത്തനം വിലയിരുത്താൻ നിരീക്ഷണ കാമറകളുണ്ട്. ഇവയിൽ നിന്നുള്ള ദൃശ്യങ്ങൾ തത്സമയം ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ ലഭിക്കും. ഫയൽ നീക്കം നിരീക്ഷിക്കാൻ സോഫ്ട്വെയർ സംവിധാനവുമുണ്ട്. അപേക്ഷകൾ, തീർപ്പാക്കാനുള്ള സമയം എന്നിവ വിലയിരുത്തും. ഭാവിയിലെ സ്മാർട്ട് ആർ.ടി ഓഫീസുകളുടെ മാതൃകയാണ് തലസ്ഥാനത്ത് പരീക്ഷിക്കുന്നത്.
എന്തിന് ക്യൂ നിൽക്കണം?
ടോക്കൺ സംവിധാനമാണ് ഇവിടെയുള്ളത്. വിശാലമായ കാത്തിരിപ്പ് ഹാളുണ്ട്. സ്ക്രീനിൽ ടോക്കൺ തെളിയുന്നതിനനുസരിച്ച് കൗണ്ടറിലേക്ക് ചെല്ലാം. പതിവ് കൗണ്ടറുകൾക്ക് പുറമെ പത്തിലധികം ഫാസ്റ്റ് ട്രാക്ക് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. ഓഫീസ് ഉപയോഗത്തിന് മാത്രം നൂറിലധികം കമ്പ്യൂട്ടറുകളാണ് പുതിയതായി എത്തിച്ചത്.
ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് ഈസി
ഇരിക്കാൻ പോലും സ്ഥലമില്ലാത്ത ഹാളിലാണ് പഴയ ഓഫീസിൽ ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്കുള്ള ഊഴം കാത്ത് സ്ത്രീകൾ അടക്കമുള്ളവർ ദിവസവും നിന്നിരുന്നത്. രണ്ട് ചെറിയ കാബിനുകളിലാണ് കമ്പ്യൂട്ടറുകളുണ്ടായിരുന്നത്. മണിക്കൂറുകൾ കാത്ത് നിന്നാലേ പരീക്ഷയ്ക്കുള്ള ഊഴമാകുകയുള്ളൂ. പ്രാഥമിക കാര്യങ്ങൾക്ക് പോലും സൗകര്യമില്ല. എന്നാൽ പുതിയ ഓഫീസിൽ 15 കമ്പ്യൂട്ടറുകളാണ് ലേണേഴ്സ് ടെസ്റ്റിന് ഒരുക്കിയിട്ടുള്ളത്. ടോക്കൺ അനുസരിച്ച് ഊഴം അറിയാം. ഇതിനോട് ചേർന്ന് കാത്തിരിപ്പ് ഹാളും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യവുമുണ്ട്. ദിവസം നൂറിലധികം അപേക്ഷകളാണെത്തുന്നത്. ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് ഹാപ്പിയായി മടങ്ങാം.