തിരുവനന്തപുരം: അമ്പമ്പോ..ഈ തമ്പാനൂർ ബസ് ടെർമിനലിന് ഇപ്പോൾ എന്തൊരു ചന്തമാ! ഇങ്ങനെയുമുണ്ടാകുമോ മാറ്റം. ആളും ആരവവുമൊക്കെയായി ബസ് ടെർമിനൽ പച്ചപ്പരിഷ്കാരിയായി.
വർഷങ്ങളായി ആരും തിരിഞ്ഞുനോക്കാതെ കിടന്നിരുന്ന തമ്പാനൂരിലെ ബസ് ടെർമിനലിൽ മിക്കവാറും കടമുറികളെല്ലാം പ്രവർത്തിച്ചു തുടങ്ങി. കെ.ടി.ഡി.എഫ്.സിയുടെ തിയേറ്ററും ആധുനികരീതിയിൽ ഒരുക്കിയ ആർ.ടി.ഓഫീസും ഒക്കെ ചേർന്നപ്പോൾ സെൻട്രൽ ബസ് സ്റ്റേഷൻ അടിമുടി മാറി. വനിതാ കമ്മിഷന്റെ ഓഫീസും ഉടൻ ഇവിടെ പ്രവർത്തനം ആരംഭിക്കും.
കോടികൾ ചെലവിട്ട് കെ.ടി.ഡി.എഫ്.സി തമ്പാനൂരിൽ നിർമ്മിച്ച ടെർമിനൽ കോംപ്ലക്സ് അനാഥമായതു പോലെ കിടക്കുകയായിരുന്നു. ആരും വാടകയ്ക്ക് എടുക്കാൻ വരുന്നില്ലെന്നൊക്കെ പ്രചാരണം ഉണ്ടായി. തമ്പാനൂർ പോലൊരു സ്ഥലത്ത് വാടകക്കാരെ കിട്ടില്ലെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും! ഒടുവിൽ അധികാരികൾ ഉണർന്നു പ്രവർത്തിച്ചപ്പോൾ എല്ലാം നടന്നു. ഇനി ഒഴിഞ്ഞു കിടക്കുന്നത് നാലു മുറികൾ മാത്രം.
ഒന്നാം നിലയിലെ 4, 7, 8, 13 നമ്പർ മുറികളാണ് ഒഴിവുള്ളത്. ഇതും ലേലം ചെയ്യാനുള്ള നടപടികൾ പുരോഗമിച്ച് വരികയാണ്.
കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ 83 കോടി രൂപയ്ക്ക് പത്ത് നിലകളിലായി 2012ൽ നിർമ്മിച്ച കോംപ്ലക്സ് അഞ്ച് വർഷത്തോളമാണ് വാടകക്കാരില്ലാതെ ഒഴിഞ്ഞുകിടന്നത്. ടെർമിനലിനുള്ളിലേക്ക് യാത്രക്കാർ കടന്നുവരുന്നില്ലെന്നും കെ.ടി.ഡി.എഫ്.സി ഉയർന്ന വാടക ഈടാക്കുന്നതായും ആരോപിച്ച് കടകളെടുത്ത പലരും ഒഴിഞ്ഞുപോയതോടെ ടെർമിനൽ കെ.ടി.ഡി.എഫ്.സിക്ക് ബാദ്ധ്യതയായി. ഇതോടെ കഴിഞ്ഞ വർഷം സർക്കാർ നേരിട്ട് ഇടപെട്ട് വാടക കെട്ടിടങ്ങളിലും മറ്റും പരിമിത സാഹചര്യങ്ങളിലും പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ ടെർമിനലിലേക്ക് മാറ്റാൻ പദ്ധതി തയ്യാറാക്കി. സ്ഥലം മാത്രമാണ് കെ.ടി.ഡി.എഫ്.സി നൽകിയത്. ഓഫീസുകൾക്ക് വേണ്ട മറ്റ് സൗകര്യങ്ങൾ അതത് സ്ഥാപനങ്ങൾ സ്വന്തം ചെലവിൽ ക്രമീകരിക്കുകയായിരുന്നു.
പത്തോളം സർക്കാർ ഓഫീസുകൾ ടെർമിനലിൽ പ്രവർത്തനം ആരംഭിച്ചതോടെ കെട്ടിടത്തിന്റെ ഓരോ നിലകളും സജീവമായി. ഇതോടെ വ്യാപാര സ്ഥാപനങ്ങൾക്കും മറ്റുമായി പലരും കടകൾ വാടകയ്ക്കെടുക്കാൻ തുടങ്ങി. 78 കടകളാണ് പത്ത് നിലകളിലായി പ്രവർത്തിക്കുന്നത്. ഇത് കൂടാതെ കമ്പ്യൂട്ടർ സെന്റർ, ലോട്ടറി സ്റ്റാൾ, എ.ടി.എം കിയോസ്കുകൾ തുടങ്ങി ഒരു ഡസനിലധികം ബിസിനസ് സ്ഥാപനങ്ങൾ വേറെയുമുണ്ട്. ബി.ഒ.ടി വ്യവസ്ഥയിൽ നിർമിച്ച കെട്ടിടത്തിൽ ഒരു ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തീർണമുണ്ട്.
സ്ക്വയർ ഫീറ്റിന് 100 രൂപയ്ക്ക് മേലാണ് വാടക. സർക്കാർ ഓഫീസുകൾക്ക് രണ്ടാം നില സ്ക്വയർ ഫീറ്റിന് 34 രൂപയ്ക്കും മൂന്നാം നില മുതൽ പത്താം നിലവരെ സ്ക്വയർ ഫീറ്റിന് 30 രൂപയ്ക്കുമാണ് വാടകയ്ക്ക് നൽകിയത്. ടെൻഡറിൽ ഉയർന്ന വാടക രേഖപ്പെടുത്തുന്ന സ്വകാര്യ ഗ്രൂപ്പുകൾക്കാണ് കടകൾ ലേലത്തിൽ നൽകുക. ലിഫ്റ്റ്, എസ്കലേറ്റർ, അഗ്നിശമന സംവിധാനം, എമർജൻസി എക്സിറ്റ്, ടോയ്ലറ്റ്, പാർക്കിംഗ് എന്നീ സൗകര്യങ്ങളും ടെർമിനലിലുണ്ട്.
ടെർമിനലിൽ കയറിയാൽ
പാർക്കിംഗ് പ്രശ്നമാണ്
ടെർമിനലിൽ വരുന്ന വാഹനങ്ങളെ കൂടാതെ മറ്റ് വാഹനങ്ങൾക്കും പാർക്കിംഗ് അനുവദിക്കുന്നതിനാൽ ഇവിടെ പലപ്പോഴും ഫുള്ളാണ്. സിനിമ കാണാൻ വരുന്നവരും പാർക്കിംഗ് ഫീസ് കൊടുക്കേണ്ടി വരുന്നത് പരാതികൾക്ക് ഇടനൽകുന്നുമുണ്ട്.