വിഴിഞ്ഞം: നാടും നഗരവും ഉരുകിയൊലിക്കുന്ന മീനച്ചൂടിൽ, ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുമ്പോൾ നട്ടുച്ചയ്ക്കും സ്വയരക്ഷ നോക്കാതെ ജോലിയിൽ മുഴുകുകയാണ് കോവളത്തെ ലൈഫ് ഗാർഡുകൾ. കേരളത്തിന്റെ പലഭാഗത്തായി നിരവധി പേർക്ക് സൂര്യാഘാതമേറ്റ വാർത്തകൾ അറിഞ്ഞിട്ടും തിരകളോട് മല്ലിട്ട് സഞ്ചാരികളുടെ ജീവൻ രക്ഷിക്കുന്ന ജോലി കൃത്യമായി നിർവഹിക്കുകയാണ് ഇവർ.
രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ വെയിൽ കൊള്ളരുതെന്നും ജോലി സമയം ക്രമീകരിക്കണമെന്നും അധികൃതർ തുടർച്ചയായി മുന്നറിയിപ്പ് നൽകിയിട്ടും കോവളത്തെ ലൈഫ് ഗാർഡുകൾക്ക് ഇവ പാലിക്കാനാകുന്നില്ല. സൂര്യാതപം കടുക്കുമ്പോൾ ആശ്വാസം തേടി ഈ വിനോദസഞ്ചാര തീരത്ത് കടലിൽ കുളിക്കാൻ എത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. കടലിൽ കുളിക്കുന്നവരുടെ സുരക്ഷ നോക്കുന്ന ലൈഫ് ഗാർഡുമാർക്ക് തീരത്ത് വിശ്രമിക്കുന്നതിന് വേണ്ടത്ര സംവിധാനങ്ങളോ കുടകളോ ഇല്ലെന്ന് പരാതിയുണ്ട്.
രാവിലെ മുതൽ രാത്രി വൈകും വരെ ഡ്യൂട്ടിയുള്ള ഇവർ വേനൽ ചൂടിലും ചുട്ടുപഴുത്തു കിടക്കുന്ന മണലിന്റെ ചൂടിലും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്. സൂര്യാഘാതമേൽക്കാതിരിക്കാൻ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകുമ്പോഴും ലൈഫ് ഗാർഡുകൾ സദാ സമയവും യൂണിഫോം ധരിക്കുകയാണ്. കോവളത്തെ മൂന്നു ബീച്ചുകളിലുമായി ഒരു ദിവസം ഒരു ഷിഫ്ടിൽ 16 പേരാണ് ജോലി നോക്കുന്നത്. ഇവർക്ക് വിശ്രമിക്കുന്നതിന് വേണ്ടത്ര സൗകര്യങ്ങൾ തീരത്തില്ല. ഇവർക്ക് നൽകിയിരിക്കുന്ന കുടകൾ ഇരുമ്പ് നിർമ്മിതമായതിനാൽ ചൂടു കാരണം ഇതിനു ചുവട്ടിൽ ഇരിക്കാൻ സാധിക്കുന്നില്ലെന്ന് ലൈഫ് ഗാർഡുകൾ പറയുന്നു. കോവളത്തെ ലൈഫ് ഗാർഡുകൾക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നുള്ളത് നേരത്തെയുള്ള പരാതിയാണ്. ജീവൻ രക്ഷാ ഉപകരണങ്ങൾ ആവശ്യത്തിനില്ല. ഇതിനു പുറമേ ഇവർക്ക് മുൻപ് ലഭിച്ചിരുന്ന ഫുഡ് അലവൻസും റിസ്ക് അലവൻസും വെട്ടിക്കുറച്ചതായും പരാതിയുണ്ട്.