തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ഇനി മുതൽ സൗരോർജ്ജത്താൽ പ്രവർത്തിക്കും. ഹരിത ഊർജ്ജത്തിലുള്ള പ്രവർത്തനം വ്യാപിപ്പിക്കുയെന്ന ലക്ഷ്യത്തോടെയാണ് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സോളാർ പാനലുകൾ സ്ഥാപിച്ചത്. ഇനിമുതൽ പകൽ സമയത്തെ സ്റ്റേഷന്റെ പ്രവർത്തനം സൗരോർജ്ജത്താലായിരിക്കും. പ്ളാറ്റ്ഫോമുകളുടെയും സ്റ്റേഷൻ ഓഫീസിന്റെയും മേൽക്കൂരകളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ പാനലുകളാണ് സ്റ്റേഷന്റെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുക. ഡൽഹി കേന്ദ്രീകരിച്ചുള്ള അഷ്വർ പവർ റൂഫ് ടോപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് റെയിൽവേ ബോർഡുമായുള്ള ധാരണ പ്രകാരം സ്റ്റേഷനിൽ സോളാർ പാനലുകൾ സ്ഥാപിച്ചത്.
ഒരു കിലോവാട്ടിൽ നിന്ന് നാല് യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന 250 സോളാർ പാനലുകളാണ് സ്ഥാപിച്ചത്. ഇതിൽ നിന്ന് പകൽ സമയം സ്റ്റേഷന്റെ പൂർണമായ പ്രവർത്തനത്തിനുള്ള ആയിരം യൂണിറ്റ് വൈദ്യുതി ലഭിക്കും. സോളാർ പാനലുകൾ സ്ഥാപിക്കാൻ സ്ഥലം നൽകിയതിന് പുറമേ യൂണിറ്റിന് മൂന്ന് രൂപ ക്രമത്തിൽ റെയിൽവേ കമ്പനിക്ക് പ്രതിഫലമായി നൽകണമെന്നാണ് കരാർ. നിലവിൽ കെ.എസ്.ഇ.ബിക്ക് വൈദ്യുതി ചാർജ് ഇനത്തിൽ യൂണിറ്റിന് 8.10 രൂപയാണ് നൽകുന്നത്. സോളാർ എനർജി പൂർണമായ തോതിൽ ലഭ്യമാകുന്നതോടെ ഇത് യൂണിറ്റിന് 3.64 രൂപ എന്ന നിരക്കിൽ കുറയും. 25 വർഷത്തേക്കാണ് കരാർ. അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള മറ്റ് ചെലവുകളും കമ്പനി വഹിക്കും.
പകൽ സോളാർ പാനലിൽ നിന്നുള്ള വൈദ്യുതി ലഭിക്കുന്നതിനാൽ ദിവസം 4000 രൂപ ക്രമത്തിൽ വൈദ്യുതി ചാർജിനത്തിൽ റെയിൽവേക്ക് ലാഭിക്കാം. ഏപ്രിൽ അവസാനത്തോടെ സോളാർ പാനലുകൾ മുഴുവനായി സ്ഥാപിക്കും. സുരക്ഷാ പരിശോധനകൾ പൂർത്തിയായാലുടൻ സോളാർ പാനലിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് തുടങ്ങും. പ്രതിമാസം 48,000 കിലോവാട്ട് ഊർജ്ജമാണ് റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനത്തിനായി വേണ്ടത്. എന്നാൽ, ഇത്രയും ഊർജ്ജത്തിനായുള്ള സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ലഭ്യമല്ലാത്ത സാഹചര്യമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് 7500 കിലോവാട്ട് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന പദ്ധതി ആവിഷ്കരിച്ചത്. ഇതോടൊപ്പം വാട്ടർ ഓഡിറ്റും നടത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടാതെ സ്റ്റേഷന് മുന്നിലും പ്ളാറ്റ്ഫോമുകളിലും പൂന്തോട്ടം നിർമ്മിക്കാനും ആലോചനയുണ്ട്. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള എറണാകുളം, തൃശൂർ, നാഗർകോവിൽ എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലും സോളാർ പാനലുകൾ സ്ഥാപിക്കുന്നത് പരിഗണനയിലാണ്. ഈ സ്റ്റേഷനുകളിലെല്ലാം കൂടി 300 കിലോവാട്ട് പീക്ക്സിന്റെ പ്ളാന്റുകളാണ് സ്ഥാപിക്കുക.
സൗരോർജ്ജം കൊണ്ടുള്ള പ്രവൃത്തികൾ
വൈദ്യുതി ചാർജ് ഇനത്തിൽ റെയിൽവേക്ക് വൻ സാമ്പത്തിക ലാഭമുണ്ടാക്കുന്ന പദ്ധതിയാണിത്. റൂഫ് ടോപ്പിലെ സ്ഥലം മറ്റ് ആവശ്യങ്ങൾക്കൊന്നും ഉപയോഗിക്കാത്ത സാഹചര്യത്തിൽ മറ്റ് തരത്തിലുള്ള നഷ്ടങ്ങളൊന്നും ഉണ്ടാകുന്നില്ല. അറ്റകുറ്റപ്പണികളുടെ പൂർണ ഉത്തരവാദിത്വം കരാർ കമ്പനിക്കാണ്. വൈദ്യുതി തടസം പോലുള്ള ബുദ്ധിമുട്ടുകളും ഒഴിവാകും. സുരക്ഷാ പരിശോധന പൂർത്തിയായാലുടൻ ഇവ പ്രവർത്തന സജ്ജമാകും.
-റെയിൽവേ ഇലക്ട്രിക്കൽ എൻജിനിയർ