തിരുവനന്തപുരം: ഉത്സവകാലം കഴിഞ്ഞാൽ കേരളത്തിലെ ഉച്ചഭാഷിണി ഉടമകൾക്ക് പൊതുവെ ക്ഷാമകാലമാണ്. എന്നാൽ ഇക്കുറി അതിനൊരു മാറ്റം. ലോക ്സഭാ തിരഞ്ഞെടുപ്പാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. വോട്ടിനായി നെട്ടോട്ടമോടുന്ന സ്ഥാനാർത്ഥികളെപ്പോലെ ഉച്ചഭാഷിണിക്കാരും പരക്കം പായുകയാണ്.
മുക്കിലും മൂലയിലുമായി ചെറുതും വലുതുമായ പൊതുയോഗങ്ങൾ, തിരഞ്ഞെടുപ്പു കൺവെൻഷനുകൾ, അനൗൺസ്മെന്റ് വാഹനങ്ങൾ ... എല്ലാം കൂടി നല്ല തിരക്ക്. തിരുവനന്തപുരം നഗരത്തിൽ മാത്രം ചെറുതും വലുതുമായി 200 ഓളം മൈക്ക് ഓപ്പറേറ്റർമാരാണുള്ളത്. ആർക്കുമില്ല ഒരു ദിവസം പോലും മാറ്റിവയ്ക്കാൻ. സാധാരണ ഗതിയിൽ ഫെബ്രുവരി മുതൽ മേയ് വരെയുള്ള മാസങ്ങളാണ് ഉത്സവകാലം. തലസ്ഥാനത്ത് ആറ്റുകാൽ, കരിക്കകം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിലും കോവിലുകളിലും പൊങ്കാലയും നടക്കാറുണ്ട്. ഇവിടെയെല്ലാം ഒഴിവാക്കാനാവാത്ത വിഭാഗമാണ് മൈക്ക് സെറ്റുകാർ. ഈ തിരക്കിനിടയിലാണ് ലോക്സഭാ തിരഞ്ഞെടുപ്പും എത്തിയത്. എല്ലാ രാഷ്ട്രീയ കക്ഷികളും മുന്നണികളും വളരെ സൗഹാർദ്ദത്തോടെയാണ് മൈക്ക് സെറ്റുകാരുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നത്.
എല്ലാം ന്യൂജെൻഉച്ചഭാഷിണികൾക്കും ഉണ്ടായി അടിമുടി ഒരു മാറ്റം. ഏതെങ്കിലും മരക്കൊമ്പിൽ നാല് കോളാമ്പി കെട്ടിവച്ച് , 'അഹൂജ"യുടെ ഒരു ആംപ്ളിഫയറും വച്ച് മരക്കട്ടയ്ക്കു മേൽ ലൈനിംഗ് ഇട്ടപോലുള്ള മൈക്കും ഘടിപ്പിച്ചാൽ പണ്ടൊക്കെ പ്രാസംഗികരുടെ ഉള്ളം നിറയും. എത്ര മണിക്കൂർ വേണമെങ്കിലും ഒരു ഉളുപ്പുമില്ലാതെ പലരും ഘോരഘോരം പ്രസംഗിച്ചിരുന്നത് ഈ സംവിധാനത്തിലാണ്.കാലക്രമത്തിൽ മറ്റു പലതിലും എന്നപോലെ മൈക്ക് സെറ്റുകൾക്കും വന്നു അടിമുടി പരിഷ്കാരം. മെറ്റൽ കോളാമ്പികൾക്ക് പകരം ബോക്സുകൾ വന്നു, ചെറിയ ആംപ്ളിഫയറിന് പകരം കൂടുതൽ ശേഷിയുള്ള സൗണ്ട് സിസ്റ്റം വന്നു, പ്രാസംഗികരുടെ ശബ്ദം പോലും ആകർഷകമാക്കാനുള്ള സംവിധാനങ്ങളും വന്നു.അനൗൺസ്മെന്റ് വാഹനങ്ങളിൽ ചാർജ് ചെയ്ത് ഉപയോഗിക്കുന്ന ബാറ്ററികളും അപ്രത്യക്ഷമായി. ജനറേറ്ററുകളില്ലാതെ അനൗൺസ്മെന്റ് വാഹനങ്ങൾ ഇപ്പോൾ റോഡിൽ ഇറങ്ങാറേയില്ല.
ഇപ്പോൾ ഒരു ചെറിയ പരിപാടിക്ക് പോലും പത്തും പന്ത്രണ്ടും ബോക്സുകളാണ് സ്ഥാപിക്കുന്നത്. പരിപാടിയുടെ വലിപ്പം അനുസരിച്ച് ബോക്സുകളുടെ എണ്ണവും പെരുകും. മരക്കട്ട സ്റ്റൈലിലെ മൈക്കുകൾക്ക് പകരം കൂടുതൽ ശേഷിയുള്ള കുഞ്ഞൻ മൈക്കുകളെത്തി. സാധാരണ നിലയിൽ ഒരു മൈക്ക് സെറ്റ് യൂണിറ്റ് സജ്ജമാക്കാൻ എട്ടു മുതൽ 10 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നാണ് ഒരു ഉടമ പറയുന്നത്. സംവിധാനങ്ങൾ വിപുലമാവുന്നതനുസരിച്ച് മുടക്ക്മുതലും വർദ്ധിക്കും. അത്യാവശ്യ സൗകര്യങ്ങളുള്ള ഒരു സെറ്റ് ഒരു ദിവസം പ്രവർത്തിപ്പിച്ചാൽ 4000 രൂപ വരെയാണ് വാടകയായി ഈടാക്കുന്നത്. രണ്ട് ജോലിക്കാരെങ്കിലും ഇതിന് വേണ്ടിവരും. കോളാമ്പിക്കാലത്ത് ഒരു സൈക്കിൾ മതി, കോളാമ്പിയും ആംപ്ളിഫയറും ബാറ്ററിയുമടക്കമുള്ള ഒരു യൂണിറ്റ് യോഗസ്ഥലങ്ങളിലെത്തിക്കാൻ. ഇപ്പോൾ വാഹനങ്ങളിലേ ഈ സാധനങ്ങൾ കൊണ്ടുപോകാൻ കഴിയൂ. ജോലിക്കാരുടെ കൂലിയും വാഹന വാടകയും കഴിയുമ്പോൾ കാര്യമായ ലാഭമൊന്നും കിട്ടാറില്ലെന്ന് ഉടമകൾ പറയുന്നു. പിന്നെ വൻകിട പരിപാടികളെല്ലാം ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ കരാറെടുക്കുകയാണ്.
ഇന്ന് രൊക്കം, നാളെ കടം
പണ്ടൊക്കെ രാഷ്ട്രീയക്കാരുടെ പരിപാടികൾക്ക് പോകാൻ മൈക്ക് സെറ്റുകാർക്ക് ഒരു മടുപ്പുണ്ടായിരുന്നു. പരിപാടി കഴിയുമ്പോൾ സംഘാടകരെ കണ്ടെത്തുക പലപ്പോഴും പ്രയാസമാവും. പലവാതിലുകൾ മുട്ടിയാലാവും സെറ്റ് പ്രവർത്തിച്ചതിന്റെ പണം കിട്ടുക. മുറുകി ചോദിച്ചാൽ തിരികെ ഭീഷണിയും പതിവായിരുന്നു. എന്നാൽ ഇപ്പോൾ ആ സ്ഥിതി മാറിയെന്നാണ് ഉച്ചഭാഷിണി ഉടമകളുടെ സാക്ഷ്യം. എല്ലാവരും ഡീസന്റായി.