തിരുവനന്തപുരം : നഗരസഭയുടെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പും കൃത്രിമമായി ഉണ്ടാക്കി വ്യാജപെർമിറ്റ് നൽകി മുട്ടട സ്വദേശി വർഗീസിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിന്റെ അന്വേഷണം കടലാസിൽ ഒതുങ്ങുമെന്ന ആക്ഷേപം ശക്തം. നേരത്തേ നഗരസഭാ പരിധിയിൽ സമാനമായ തട്ടിപ്പുകൾ കണ്ടെത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തട്ടിപ്പുകൾക്ക് പിന്നിൽ വൻലോബിയായതിനാൽ പൊലീസ് അന്വേഷണം ഉന്നതരിലേക്ക് നീളുന്നതോടെ നിലയ്ക്കുകയാണ് പതിവ്. ഒടുവിൽ പുറത്തുവന്ന തട്ടിപ്പും സമാനമായ രീതിയിൽ ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുവെന്ന് ഒരു വിഭാഗം അംഗീകൃത ബിൽഡിംഗ് ഡിസൈനർമാർ പറയുന്നു. എന്നാൽ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വസ്തു ഉടമസ്ഥനു പുറമേ മേയറും പരാതി നൽകിയിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും മണ്ണന്തല എസ്.ഐ ജയകുമാർ അറിയിച്ചു.
പ്രവാസിയായ മകൻ വി.ആർ. ജോയി ജോണിന്റെ പേരിൽ കിണവൂർ വാർഡിൽ മുണ്ടൈക്കോണത്ത് എട്ട് സെന്റ് സ്ഥലത്ത് 4600 സ്ക്വയർഫീറ്റ് വീട് പണിയാനാണ് വർഗീസിന് വ്യാജപെർമിറ്റ് ലഭിച്ചത്. തട്ടിപ്പ് മനസിലായതോടെ കഴിഞ്ഞമാസം 15നാണ് പൊലീസിൽ പരാതി നൽകിയത ്. ഒരു ലക്ഷം രൂപയാണ് പെർമിറ്റിന് മാത്രമായി കോൺട്രാക്ടർ വാങ്ങിയത്. വീട് പണി അടങ്കൽ നൽകിയ കോൺട്രാക്ടർ പറ്റിച്ചെന്നാണ് ഉടമസ്ഥന്റെ പരാതി.
ആകെ 32 ലക്ഷം ഇതിനോടകം കോൺട്രാക്ടർക്ക് നൽകിയെന്നും പരാതിയിൽ പറയുന്നു. കെട്ടിടനിർമ്മാണ പെർമിറ്റ് വാങ്ങി നൽകിയത് ഉൾപ്പെടെ കോൺട്രാക്ടറാണ്. എന്നാൽ കഴിഞ്ഞ മാസം കുടപ്പനക്കുന്ന് സോണലിലെ മൂന്ന് നിലയുള്ള വീടിന്റെ ആദ്യ നില പൂർത്തിയാകുന്നതിനിടെയാണ് സ്റ്റോപ്പ് മെമ്മോ ലഭിച്ചത്.
തുടർന്ന് അന്വേഷിച്ചപ്പോൾ കെട്ടിടനിർമ്മാണ പെർമിറ്റിനായി ഇത്തരമൊരു ഫയൽ നഗരസഭയിൽ തുറന്നിട്ടില്ലെന്ന് വ്യക്തമായി. ഈ വസ്തുവിന് സമീപത്ത് 1200 സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കാൻ നഗരസഭ നൽകിയ അനുമതി നമ്പരാണ് വ്യാജ പെർമിറ്റിലുമുള്ളതെന്നും കണ്ടെത്തി. കൃത്രിമ പെർമിറ്റ് നൽകാൻ അഞ്ജുവെന്ന പേരിൽ അസിസ്റ്റന്റ് എൻജിനിയറുടെ സീലും ശശിധരൻ എന്ന പേരിൽ ഓവർസിയറുടെ ഒപ്പുമാണ് ഉപയോഗിച്ചത്. ഇരുവരും തിരുവനന്തപുരം നഗരസഭയിൽ ജോലി നോക്കുന്നില്ല. പാളയത്തെ അംഗീകൃത ബിൽഡിംഗ് ഡിസൈനറായ സത്യവതിയുടെ സീലും തട്ടിപ്പ് സംഘം വ്യാജമായി ഉണ്ടാക്കിയിട്ടുണ്ട്. തട്ടിപ്പ് പുറത്തുവന്നതോടെ അന്വേഷണം ആവശ്യപ്പെട്ട് ബിൽഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷനും നഗരസഭയ്ക്ക് പരാതി നൽകി.
ഫയലിൽ ഒതുങ്ങിയ പരാതികൾ ഇങ്ങനെ
സമാനമായ പരാതികൾ നേരത്തേ ഉയർന്നിട്ടും നടപടികൾ എങ്ങുമെത്തിയിട്ടില്ല. എല്ലാ പരാതികളും പൊലീസിന് കൈമാറും. അതോടെ
അന്വേഷണവും നിലയ്ക്കും. - കവടിയാർ ഹരികുമാർ പ്രസിഡന്റ്, കേരള ബിൽഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ