മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റുകളിലൊന്നായ സ്ഫടികം വീണ്ടും റിലീസ് ചെയ്യുന്നു. സ്ഫടികത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി അടുത്ത വർഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നത്. മോഹൻലാലിന്റെ പ്രത്യേക അവതരണത്തോടെ പുതിയ കളർടോണിൽ ഫോർ കെ ദൃശ്യ -ശ്രവ്യ വിസ്മയങ്ങളോടെയായിരിക്കും സ്ഫടികം റിലീസ് ചെയ്യുകയെന്ന് സംവിധായകൻ ഭദ്രൻ സിറ്റി കൗമുദിയോട് പറഞ്ഞു.
അതേസമയം സ്ഫടികത്തിന്റെ രണ്ടാം ഭാഗമെന്ന നിലയിൽ റിലീസിനൊരുങ്ങുന്ന സ്ഫടികം 2 ഇരുമ്പൻ എന്ന ചിത്രത്തിനെതിരെ രൂക്ഷമായ വിമർശനവുമായി ഭദ്രൻ രംഗത്തു വന്നു. സ്ഫടികത്തിലെ കഥാപാത്രങ്ങളുടെ പേരോ സംഭാഷണങ്ങളോ സിനിമയിൽ ഉപയോഗിച്ചാൽ കാര്യം വഷളാകുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം ഭാഗത്തിന്റെ സംവിധായകനായ ബിജു.ജെ. കട്ടയ്ക്കലിനെതിരെ ഇന്ന് പൊലീസിൽ പരാതികൊടുക്കുമെന്നും 5 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സൗബിൻ ഷാഹിറിനെ നായകനാക്കി ഒരുക്കുന്ന ജൂതനാണ് ദഭ്രന്റെ പുതിയ ചിത്രം. മൂന്ന് ഘട്ടങ്ങളായിട്ടാണ് ചിത്രീകരണം. ആദ്യ ഘട്ടം കൊച്ചിയിലാണ് നടന്നത്. ബിനാലെയിലെ രംഗങ്ങളാണ് അന്ന് ചിത്രീകരിച്ചത്.
രണ്ടാം ഘട്ട ചിത്രീകരണം 14-ാം തീയതി കൊച്ചിയിൽ തുടങ്ങും. ഒരു ജൂതനും സിനിമാ നടിയും തമ്മിലുള്ള പ്രണയമാണ് ഇതിവൃത്തം.