മമ്മൂട്ടിയെ നായകനാക്കി താൻ ഒരു സിനിമ സംവിധാനം ചെയ്യുന്നതായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഫാസിൽ സിറ്റി കൗമുദിയോട് പറഞ്ഞു.
സംവിധായകൻ സിദ്ധിഖ് ഈ ചിത്രത്തിന് തിരക്കഥ എഴുതുമെന്നും വാർത്തയിലുണ്ടായിരുന്നു.എന്നാൽ ഇങ്ങനെയൊരു ചിത്രത്തെക്കുറിച്ച് തനിക്ക് ഒരറിവുമില്ലെന്ന് ഫാസിൽ വ്യക്തമാക്കി. അതേ സമയം മകൻ ഫഹദിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നതിന്റെ ആലോചനയിലാണ് താനെന്ന് ഫാസിൽ പറഞ്ഞു. അടുത്ത വർഷം ഫഹദിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഫാസിലാണ് .
ലിവിംഗ് ടുഗദറാണ് (2011)ഒടുവിൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം. ഇപ്പോൾ അഭിനയ രംഗത്ത് ഫാസിൽ സജീവമാണ്. ലൂസിഫറിൽ ഫാദർ നെടുമ്പള്ളി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ഫാസിൽ കാഴ്ചവച്ചത് . പ്രിയദർശന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ കുട്ടിയാലി മരയ്ക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫാസിലാണ്.