ന്യൂഡൽഹി: വിശ്വസനീയമല്ലാത്ത വിവരങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ കോൺഗ്രസിന്റെ 687 ഓളം പേജുകൾ ഫേസ്ബുക്ക് നീക്കം ചെയ്‌തു. സ്പാം പേജുകളും വ്യാജ അക്കൗണ്ടുകളും നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. കോൺഗ്രസിന്റെ ഐ.ടി സെല്ലുമായി ബന്ധപ്പെട്ടവയാണ് നീക്കം ചെയ്‌ത പേജുകൾ. ഇന്ത്യയിലെ ഒരു ഐ.ടി കമ്പനിയുടെ 15ഓളം പേജുകളും ഗ്രൂപ്പുകളും ഇതേ കാരണത്താൽ നീക്കം ചെയ്‌തിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെ പങ്ക് വയ്‌ക്കപ്പെടുന്ന ആശയമല്ല, മറിച്ച് വിശ്വസനീയതയാണ് പേജുകൾ നീക്കം ചെയ്‌തതിന് മാനദണ്ഡമാക്കിയതെന്ന് ഫേസ്ബുക്കിന്റെ സൈബർ സെക്യൂരിറ്റി തലവൻ നതാനിയേൽ ഗ്ലെയ്ച്ചർ പറഞ്ഞു.
''ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം പെരുമാറുന്ന ഈ വ്യാജ അക്കൗണ്ടുകൾക്ക് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽത്തന്നെ പലരെയും ഫേസ്ബുക്ക് തന്നെ നീക്കം ചെയ്തു. എന്നാൽ, പലരും മറ്റ് ഗ്രൂപ്പുകളിലൂടെ ഇപ്പോഴും സജീവമാണെന്നാണ് വിവരം. പ്രാദേശിക വാർത്തകളും വിഷയങ്ങളും പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരായ രാഷ്ട്രീയ വിമർശനങ്ങളുമാണ് മുഖ്യമായും നീക്കംചെയ്യപ്പെട്ട പേജുകളിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നവർ വ്യാജ അക്കൗണ്ടുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിന്റെ സൈബർ സെക്യൂരിറ്റി വിഭാഗം നടത്തിയ അന്വേഷണത്തിൽ കോൺഗ്രസിന്റെ ഐ.ടി സെല്ലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഇവരെന്ന് മനസിലായി നതാനിയേൽ കൂട്ടിച്ചേർത്തു.
അതേസമയം, ഔദ്യോഗിക പേജുകൾ നീക്കംചെയ്തിട്ടില്ലെന്നും നീക്കിയ പേജുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സംഭവത്തോട് കോൺഗ്രസ് ട്വിറ്ററിലൂടെ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങളുടെ ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.