modi

വാഷിംഗ്ടൺ: ബഹിരാകാശ യുദ്ധത്തിനു ശേഷിയുള്ള നാലാമത്തെ രാജ്യം എന്ന നേട്ടം കൈവരിച്ചുകൊണ്ട് ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഉപഗ്രഹ വേധ മിസൈലിനെതിരെ നാസ. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈൽ ഉപയോഗിച്ച് തകർത്തത് ഭയാനകമായ നടപടിയാണെന്ന് നാസയുടെ തലവൻ ജിം ബ്രൈഡൻസ്റ്റൈൻ പറഞ്ഞു. ഇന്ത്യ നടത്തിയ പരീക്ഷണത്തിന് നാലു ദിവസത്തിനു ശേഷം നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യ തകർത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചിരുന്നു. ഈ അവശിഷ്ടങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികർക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ജിം ബ്രൈഡൻസ്റ്റൈൻ ചൂണ്ടിക്കാട്ടി. ബഹിരാകാശത്ത് ചിതറി നടക്കുന്ന അവശിഷ്ടങ്ങൾ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ട്. ബഹിരാകാശത്ത് ചിതറിയ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് ബ്രൈഡൻസ്റ്റൈൻ പറഞ്ഞു.

എന്നാൽ,​ നൂറുകണക്കിന് ചെറു കഷ്ണങ്ങളായി ചിതറിയ ഉപഗ്രഹ ഭാഗങ്ങൾ പൂർണമായും കണ്ടെത്തുക സാധ്യമല്ല. 10 സെന്റിമീറ്ററോ അതിലധികമോ വലിപ്പമുള്ള 60 കഷ്ണങ്ങൾ മാത്രമാണ് കണ്ടെത്താനായിട്ടുള്ളത്. അതിനേക്കാൾ ചെറിയവ കണ്ടെത്തുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിൽ നിന്ന് 300 കിലോമീറ്റർ മാത്രം അകലെസ്ഥിതിചെയ്യുന്ന കൃത്രിമോപഗ്രഹമാണ് ഇന്ത്യ തകർത്തത്. ബഹിരാകാശ നിലയത്തിൽനിന്ന് ഏറെ താഴെയാണ് ഈ ഉപഗ്രഹം സ്ഥിതിചെയ്തിരുന്നത്.

അതേസമയം,​ ചിതറിയ ഉപഗ്രഹ ഭാഗങ്ങളിൽ 24 കഷ്ണങ്ങൾ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേയ്ക്ക് എത്തി. ഇന്ത്യയുടെ പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനം വർദ്ധിപ്പിച്ചെന്നും ബ്രൈഡൻസ്റ്റൈൻ പറഞ്ഞു. ബഹിരാകാശത്ത് സൃഷ്ടിക്കപ്പെടുന്ന ഇത്തരം മാലിന്യങ്ങൾ ഭാവിയിലെ മനുഷ്യന്റെ ബഹിരാകാശ യാത്രകൾക്ക് ഗുണകരമല്ല. ഇത് വളരെ ഭയാനകമായ സാഹചര്യമാണ്. ബഹിരാകാശത്ത് അസ്വീകാര്യമായ നടപടികൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാസ കൂടുതൽ പഠനം നടത്തുമന്നും ബ്രൈഡൻ സ്റ്റൈൻ പറഞ്ഞു.