ആലത്തൂർ: പ്രചരണവേളയിൽ തനിക്കെതിരെ മോശം പരാമർശം നടത്തിയ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനെതിരെ നിയമനടപടിക്കൊരുങ്ങി ആലത്തൂർ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. ആശയപരമായ യുദ്ധമാണ് നടക്കുന്നത് അതിനിടിലേക്ക് വ്യക്തിഹത്യ നടത്തേണ്ട ആവശ്യമില്ലായിരുന്നെന്ന് രമ്യ വ്യക്തമാക്കി.
എൽ.ഡി.എഫ് സർക്കാർ മുന്നോട്ട് വച്ച പ്രധാന ആശയമാണ് സ്ത്രീ സുരക്ഷ. നവോത്ഥാനത്തിന്റെ പേരിൽ വനിതാമതിൽ നടത്തിയ സാഹചര്യത്തിൽ ദളിത് വിഭാഗത്തിൽ പെട്ട ഒരാളൾക്കെതിരെ പ്രത്യേകിച്ചും സ്ഥാനാർത്ഥിയായിരിക്കുന്ന ഒരാളെ ഇത്തരത്തിൽ അപമാനിക്കിരുതായിരുന്നു. എനിക്ക് അമ്മയുണ്ട്, അച്ഛനുണ്ട് അവരെല്ലാം ഇതെല്ലാം നോക്കി കാണുന്നുണ്ട്. എന്റെ പ്രദേശത്തുള്ള ഇടത് നേതാക്കന്മാരോട് അവർക്ക് അന്വേഷിക്കാമായിരുന്നു ഞാൻ എങ്ങനെയാണെന്ന് - രമ്യ പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ വേളയിൽ ഇത്തരത്തിലുള്ള പരാമർശം വേണ്ടിയിരുന്നില്ല. നവേത്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ വ്യക്തിഹത്യ നടത്തരുതായിരുന്നു. ഉത്തരവാദിത്തപെട്ട ഒരു മുന്നണി ഇത്തരത്തിലൊരു പരാമർശം നടത്തിയത് വേദനയുണ്ടാക്കുന്നുണ്ടെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി
ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയാണ് ഉച്ചയോട് കൂടി പൊലീസിൽ പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട് ഇത്തരത്തിൽ മോശം പരാമർശം നടത്തുന്നവരിൽ അവസാനത്തെ ആളായിരിക്കണം ഞാൻ. പിന്നോക്ക ജാതി വിഭാഗങ്ങളിൽ നിന്ന് ഇനിയും ഒരുപാട് പേർ മുന്നോട്ട് വരേണ്ടതുണ്ടെന്നും രമ്യ പറഞ്ഞു
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെതിരെ പ്രചാരണ വേളയിൽ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ മോശം പരാമർശം നടത്തിയിരുന്നു . സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കായിരുന്നു. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനും. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവൻ പറഞ്ഞത്.