shafi-parambil

ആലത്തൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരായ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്റെ പരാമർശം വൻ വിവാദങ്ങൾക്ക് വഴിവയ്‌ക്കുകയാണ്. സംഭവത്തിൽ രൂക്ഷവിമർശവുമായി പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും എഴുത്തുകാരായ ദീപാ നിശാന്തിനും, കെ.ആർ മീരയ്‌ക്കുമെതിരെയും ഷാഫി തന്റെ ഫേസ്ബുക്കിൽ വിമർഷം ഉന്നയിച്ചിട്ടുണ്ട്. മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് കാണാനെങ്കിലും ഒരു രസമായിരുന്നെന്ന് ഷാഫി പറമ്പിൽ പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'നിങ്ങളെത്ര മതില് കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത് പുറത്ത് വരാതിരക്കോ ?
അഭിനവ നവോത്ഥാന ശിങ്കത്തിന് നട്ടെല്ലുണ്ടോ പരാജയരാഘവനെതിരെ കേസെടുത്ത് ഉള്ളിൽ തള്ളി കൺവീനർ സ്ഥാനത്തു നിന്ന് പുറത്താക്കാൻ .
ദീപേച്ചിയും മീരേച്ചിയും ഇതൊക്കെ കണ്ടോ എന്തോ ?
മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്ക് കാണാനെങ്കിലും ഒരു രസമായിരുന്നു .ഇതപ്പോ ..
#രമ്യജയിക്കും'

പൊന്നാനിയിലെ എൽ.ഡി.എഫ് കൺവൻഷനിലാണ് വിജയരാഘവൻ വിവാദ പരാമർശം നടത്തിയത്. 'സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ല'- ഇതായിരുന്നു വിജയരാഘവന്റെ പരാമർശം. വിജയരാഘവനെതിരെ പരാതി നൽകുമെന്ന് രമ്യാ ഹരിദാസ് അറിയിച്ചിട്ടുണ്ട്.