തിരുവനന്തപുരം: കേരളത്തിൽ നിന്നും കുട്ടികളുടെ നഗ്നദൃശ്യങ്ങളും അശ്ലീല ചിത്രങ്ങളും വെബ്സൈറ്റുകൾ വഴി വിദേശത്തേക്ക് വിൽപ്പന നടത്തിവന്ന സംഘത്തിലെ 21 പേരെ പൊലീസ് പിടികൂടി. മലയാളി കുട്ടികളുടെ അശ്ലീല ചിത്രങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ ആവശ്യക്കാർ നിരവധിയാണ്. അതീവ രഹസ്യമായാണ് സംഘത്തിന്റെ പ്രവർത്തനം. ടെലഗ്രാമിലൂടെയും വാട്സ്ആപ്പിലൂടെയും വ്യാജപേരുകൾ ഉപയോഗിച്ച് ഗ്രൂപ്പുകളുണ്ടാക്കുകയാണ് ആദ്യ പടി. പിന്നാലെ അശ്ലീല സൈറ്റുകളിൽ സജീവമാകും. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഉണ്ടെന്ന് അറിയിച്ച് ഗ്രൂപ്പിൽ പോസ്റ്റിടുകയാണ് രണ്ടാം ഘട്ടം. ആവശ്യക്കാരുമായി വില പേശി കച്ചവടം നടത്തുന്നത് അടുത്ത ഘട്ടം. ഇത്തരത്തിൽ ഇടപാടുകാരുമായി വിലപേശുന്ന വിവിധ ചാറ്റുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങൾ ഉൾപ്പെടെ കൃത്യമായി മനസിലാക്കാനുള്ള സാങ്കേതിക സംവിധാനത്തിന്റെ സഹായത്തോടെയാണ് പരിശോധനകൾ നടത്തിയതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ടെലഗ്രാം എന്നീ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും ഇന്റർനെറ്റ് വഴിയുമാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തി. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡുകളും തുടരുമെന്നും ഡി.ജി.പി അറിയിച്ചു. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന 84 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സൈബർഡോം നോഡൽ ഓഫീസറും ദക്ഷിണ മേഖലാ എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം പറഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ അഞ്ച് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി മൂന്നു പേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴയിൽ ഏഴിടത്തും എറണാകുളം റൂറലിൽ അഞ്ചിടത്തും തൃശൂർ സിറ്റിയിലും മലപ്പുറത്തും നാലിടങ്ങളിൽ വീതവും റെയ്ഡ് നടത്തി. തൃശൂർ റൂറൽ, കൊല്ലം സിറ്റി, കൊല്ലം റൂറൽ, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിൽ രണ്ടിടങ്ങളിൽ വീതം റെയ്ഡ് നടത്തി. റെയിഡ് ഇനിയും തുടരുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.