afrin-and-modi

ന്യൂഡൽഹി: സൊമാലിയയിൽ ഭർത്താവിന്റെ വീട്ടുതടങ്കലിലായിരുന്ന മുസ്ലീം യുവതിക്ക് പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് മോചനം ലഭിച്ചു. അഫ്രീൻ ബീഗം എന്ന യുവതിയേയും ഇവരുടെ മൂന്ന് കുട്ടികളെയുമാണ് വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചത്. കഴിഞ്ഞ ജൂലായിലാണ് യുവതി കുട്ടികളുമായി ഭർത്താവിന്റെ വീട്ടു തടങ്കലിലായത്.

അഫ്രീന്റെ പിതാവിന്റെ പരാതിയെ തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെട്ട് ഇവരെ മോചിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും സൊമാലിയൻ നിയമമനുസരിച്ച് കുട്ടികളുടെ പിതാവിന്റെ സമ്മതമില്ലാതെ മാതാവിന് കുട്ടികളുമായി രാജ്യത്തിന് പുറത്ത് പോകാൻ സാധിക്കില്ലായിരുന്നു. തുടർന്നാണ് ഇവരെ മോചിപ്പിക്കനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് ഇവരെ തിരിച്ച് നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.

ഇന്ത്യയ്ക്ക് സൊമാലിയയിൽ എംബസി ഇല്ലാത്തതിനാൽ നെയ്‌റോബിയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ നേതൃത്വത്തിൽ സൊമാലിയൻ പോലീസിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. തുടർന്ന് മാർച്ച് 28ന് സൊമാലിയയിലെ മൊഗാദിഷുവിൽ അഫ്രീന്റെ ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇവരെ മോചിപ്പിക്കുകയായിരുന്നു.

2013ലാണ് ഹൈദരാബാദിലെ സ്വകാര്യ കമ്പനിയിൽ ജോലി നോക്കിയിരുന്ന മുഹമ്മദ് ഹുസൈൻ ഡുവാലേ എന്ന യുവാവിനെ അഫ്രീൻ വിവാഹം കഴിച്ചത്. എന്നാൽ ഹുസൈന്റെ കുടുംബം സൊമാലിയയിലായിരുന്നു. തുടർന്ന് കുടുംബത്തെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഹുസൈൻ ഭാര്യയും കുട്ടികളുമായി കഴിഞ്ഞ വർഷം ജൂലായ് നാലിന് സൊമാലിയയിലേക്ക് പോവുകയായിരുന്നു.

അവിടെ എത്തിയ ശേഷം യുവതിക്ക് നാട്ടിലെ തന്റെ കുടുംബക്കാരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. അയൽക്കാരിയായ സുഹൃത്തിന്റെ സഹായത്തോടെ വാട്സാപ്പിലൂടെയാണ് അഫ്രീൻ നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. സംഭവത്തിൽ പന്തികേടുണ്ടെന്ന് മനസിലാക്കിയ ഓട്ടോറിക്ഷാ ഡ്രൈവറായ അഫ്രീന്റെ പിതാവാണ് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ച് സഹായം അഭ്യർത്ഥിച്ചത്. തുടർന്ന് അഫ്രീനെ രക്ഷിക്കുന്നതിനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കുകയും ചെയ്തു.

തുടർച്ചയായി ബോംബ് ആക്രമണങ്ങൾ നടക്കുന്ന സൊമാലിയയിൽ നിന്ന് നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് യുവതിയെ രക്ഷിച്ചത്. പക്ഷേ ഇവിടെ നിന്ന് യുവതിയേയും കുട്ടികളേയും തിരികെ എത്തിക്കുന്നതിന് സൊമാലിയൻ നിയമമാണ് വില്ലനായിരുന്നത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിന് ഒടുവിലാണ് അഫ്രീനെയും കുട്ടികളെയും നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചത്.