ramya-haridas

പാലക്കാട്: മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ആലത്തൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. പാട്ട്, നൃത്തം,പൊതുപ്രവർത്തനം എന്നീ മേഖലകളിൽ തിളങ്ങിയ രമ്യ കോൺഗ്രസിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവന്നപ്പോൾ ഏക സ്ത്രീ സാന്നിധ്യമാണ്.

ഈ സ്ഥാനാർത്ഥിയുടെ പേരിൽ ആകെയുള്ളത് 22,816 രൂപയുടെ സ്വത്ത്. രണ്ടു ബാങ്ക് അക്കൗണ്ടുകളിലായി 12,816 രൂപയും 10,000 രൂപ വിലമതിക്കുന്ന നാല് ഗ്രാം സ്വർണവുമുണ്ട്. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യയ്‌ക്ക് ശമ്പളവും അലവൻസും ഉൾപ്പെടെ 1,75,200 രൂപയാണു വാർഷിക വരുമാനം. എൽ.ഐ.സി ഏജന്റായ അമ്മ രാധയുടെ വാർഷിക വരുമാനം 12,000 രൂപ. അമ്മയ്ക്കു 40,000 വിലമതിക്കുന്ന 16 ഗ്രാം സ്വർണമുണ്ട്.

പിതാവിന്റെ പേരിൽ 20 സെന്റ് ഭൂമിയും 1,000 ചതുരശ്ര അടി വീടുമുണ്ട്. കോഴിക്കോട് നടക്കാവ് എ.ഡി.ജി.പി ഓഫിസിലേക്ക് മാർച്ച് നടത്തിയതിനും കസബ, മുക്കം പൊലീസ് സ്റ്റേഷനുകൾ ഉപരോധിച്ചതിനും മൂന്ന് കേസുകൾ രമ്യക്കെതിരെയുണ്ട്. 2002ൽ എസ്.എസ്.എൽ.സി പാസായ രമ്യ 2005ൽ ഫാഷൻ ഡിസൈനിംഗ് കോഴ്സും 2007ൽ പ്രീ പ്രൈമറി ചൈൽഡ് ഹുഡ് എജ്യുക്കേഷൻ കോഴ്സും പൂർത്തിയാക്കി.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ രമ്യ ഹരിദാസ് അപ്രതീക്ഷിതമായാണ് അമ്മ രാധയെ കണ്ടത്. മകൾ പത്രിക സമർപ്പിക്കുന്നതു കാണാനെത്തിയതായിരുന്നു. നേതാക്കളുടെയും നൂറുകണക്കിനു പ്രവർത്തകരുടെയും അകമ്പടിയോടെ 11.30നാണു രമ്യ പത്രിക നൽകാൻ കലക്ടറേറ്റിലെത്തിയത്. അനിൽ അക്കര എം.എൽ.എ, നേതാക്കളായ വി.എസ്.വിജയരാഘവൻ, കെ.അച്യുതൻ, വി.സി.കബീർ എന്നിവരോടൊപ്പം ജില്ലാ വരണാധികാരി കൂടിയായ കലക്ടർ ഡി.ബാലമുരളിക്കു മുൻപാകെ പത്രിക സമർപ്പിച്ചു.