abhinandan-with-wife

ന്യൂഡൽഹി: ഇന്ത്യയുടെ വീരപുത്രൻ അഭിനന്ദൻ വർത്തമാൻ പാക് പിടിയിൽ അകപ്പെട്ടതും തുടർന്നുള്ള അദ്ദേഹത്തിന്റെ മോചനവുമെല്ലാം രാജ്യം ഇപ്പോഴും ചർച്ച ചെയ്യുകയാണ്. ജമ്മു കാശ്‌മീരിലെ പുൽവാമയിൽ പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമമദ് നടത്തിയ ഭീകരാക്രമണത്തിന് തക്ക മറുപടി നൽകവെയാണ് വിമാനം തകർന്ന് അഭിനന്ദൻ പാക് സൈന്യത്തിന്റെ പിടിയിലകപ്പെടുന്നത്. പിന്നീട് അദ്ദേഹത്തെ മോചിപ്പിക്കുന്നതിന് രാജ്യം നടത്തിയ പരിശ്രമങ്ങൾക്ക് ഫലപ്രാപ്‌തിയേകി അഭിനന്ദൻ തിരിച്ചെത്തി.

എന്നാൽ അഭിനന്ദൻ പാക് സൈന്യത്തിന്റെ പിടിയിലായ ശേഷം അദ്ദേഹത്തിന്റെ ശബ്‌ദം ഭാര്യ തൻവി കേൾക്കുന്നത് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഫോൺകോൾ വഴിയാണ്. വ്യോമസേനയിൽ പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുള്ള തൻവിയുടെ ആ സമയത്തെ പ്രതികരണം ഏറെ ധീരമായിരുന്നു. സൗദി നമ്പരിൽ നിന്നുള്ള വിളി അന്നു ഫോണിലേക്ക് വന്നപ്പോൾ തൻവി ജാഗ്രതയിലായി. ഭർത്താവിന്റെ സ്വരം മറുവശത്ത് നിന്ന് കേട്ടതോടെ അത് ഐ.എസ്‌.ഐയിൽ നിന്നാണെന്ന് അവർ മനസിലാക്കി. കോൾ റെക്കോഡ് ചെയ്‌തു.

ഭർത്താവ് സുരക്ഷിതനാണെന്നറിഞ്ഞ ശേഷം കുട്ടികളോട് എന്തു പറയണമെന്നാണ് തൻവി ചോദിച്ചത്. 'അച്ഛൻ ജയിലിലാണെന്ന് പറയൂ' എന്നായിരുന്നു അഭിനന്ദന്റെ മറുപടി. പാകിസ്ഥാൻ സേന ഇതിനിടെ തന്നെ പുറത്തുവിട്ട വിഡിയോയിൽ കണ്ട ചായയെക്കുറിച്ചായി പിന്നെ അന്വേഷണം. ഞാനുണ്ടാക്കുന്നതിനേക്കാൾ നല്ല ചായയാണോ എന്നു ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് 'അതെ' എന്നായിരുന്നു അഭിനന്ദന്റെ ഉത്തരം. 'എങ്കിൽ ആ റെസിപ്പി കൊണ്ടുവരണേ' എന്നായിരുന്നു തൻവിയുടെ മറുപടി.

''ചായ് കൈസി ഥി''(ചായ എങ്ങനെയുണ്ടായിരുന്നു) – തൻവി ചോദിച്ചു. ''അച്ഛി ഥി''(നന്നായിരുന്നു) – അഭിനന്ദന്റെ മറുപടി.

''മുജ്‌സേ ഭി അച്ഛി ബനായി(ഞാനുണ്ടാക്കുന്നതിലും നന്നായിരുന്നോ)?'' ചിരിയോടെ അഭിനന്ദന്റെ മറുപടി ''യെസ് ഇറ്റ് വാസ് ബെറ്റർ (അതേ, അത് നന്നായിരുന്നു).''

''ഫിർ റെസിപ്പി ലെതേ ഹുയേ ആനാ (എന്നാൽ പിന്നെ റെസിപ്പിയും കൊണ്ടുവരൂ).'' – തൻവി പറഞ്ഞു.

പാക് സൈന്യത്തിന്റെ പിടിയിലായി അറുപത് മണിക്കൂറിന് ശേഷം രാജ്യത്ത് മടങ്ങിയെത്തുന്നതിനിടെ അഭിനന്ദനും ഭാര്യയും നടത്തിയ ഏക സംഭാഷണമായിരുന്നു ഇത്.


അതേസമയം,​ അഭിനന്ദനോട് സ്‌നേഹത്തോടെയും എതിർപ്പോടെയുമുള്ള ഇരട്ടനിലപാടാണ് പാകിസ്ഥാൻ പുലർത്തിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഒരു പാക് ഓഫിസർ അഭിനന്ദന്റെ വാരിയെല്ലിൽ ഇടിച്ചപ്പോൾ മറ്റൊരാൾ സ്‌നേഹം കാട്ടി അടുത്തെത്തി അഭിനന്ദനെ ഭാര്യയെ ഫോൺ ചെയ്യാൻ അനുവദിക്കുകയായിരുന്നു. രാജ്യത്തേക്കു മടങ്ങിയെത്തിയ ശേഷം നടത്തിയ ഡീബ്രീഫിംഗിൽ അഭിനന്ദനു നേരിടേണ്ടി വന്ന ശാരീരിക പീഡനം വെളിപ്പെട്ടിരുന്നു. വിമാനം തകർന്ന് പാക് അധീന കാശ്‌മീരിൽ നാട്ടുകാരുടെ പിടിയിൽ അകപ്പെട്ടതിനിടെ ഉണ്ടായ മർദ്ദനത്തിലാണ് അഭിനന്ദന്റെ വാരിയെല്ലുകൾ തകർന്നതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ അഭിനന്ദനിൽ നിന്ന് നടത്തിയ തെളിവെടുപ്പിൽ ഇത് ഐ.എസ്‌.ഐ ഓഫിസർമാരുടെ മർദ്ദനത്തിൽ സംഭവിച്ചതാണെന്നത് സ്ഥിരീകരിച്ചു. അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒരു പാകിസ്ഥാൻ സൈനികൻ റൈഫിൾ പാത്തി കൊണ്ട് അഭിനന്ദന്റെ മുതുകിൽ ഇടിച്ചതായും വെളിപ്പെട്ടു.

പിടിയിലായി ആദ്യ 24 മണിക്കൂറിനിടെ അഭിനന്ദിനെ ഉയർന്ന ശബ്‌ദത്തിലുള്ള സംഗീതം കേൾപ്പിക്കുകയും രൂക്ഷമായ വെളിച്ചത്തിനു മുന്നിൽ മണിക്കൂറുകൾ ചിലവഴിക്കാൻ നിർബന്ധിച്ചതായും സൂചനയുണ്ട്. അഭിനന്ദനെ ഉറങ്ങാനോ, വിശ്രമിക്കാനോ അനുവദിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.