remya-haridas

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പപ്പുവെന്ന് വിളിച്ചതിന് പിന്നാലെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ മോശം പരാമർശം നടത്തിയതോടെ വെട്ടിലായത് ഇടതുമുന്നണി. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ മുൻനിറുത്തി തിരഞ്ഞെടുപ്പിനെ നേരിടേണ്ട ഇടതുമുന്നണിക്ക് സ്വന്തം നേതാക്കൾ നടത്തുന്ന പരാമർശങ്ങളെ ന്യായീകരിക്കേണ്ടി വരുന്നത് തിരിച്ചടിയാണ്. മറ്ര് പാർട്ടികളിലെ നേതാക്കളെ അവഹേളിക്കുക, നെഗറ്റീവ് പബ്ലിസിറ്റി തുടങ്ങിയവ വേണ്ടെന്നും സംസ്ഥാന സർക്കാരിന്റ ക്ഷേമ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടണമെന്നും നിർദ്ദേശമുണ്ടെങ്കിലും പല നേതാക്കളും ഇത് പാലിക്കാത്തത് വീഴ്‌ചയാണെന്ന് പാർട്ടിക്കുള്ളിൽ ആക്ഷേപം ഉയർന്ന് കഴിഞ്ഞു.

remya-haridas

രമ്യാ ഹരിദാസിനെതിരായ ആരോപണങ്ങൾ തിരിച്ചടിയായി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇടതു മുന്നണിക്ക് സാധ്യത കൽപ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. മണ്ഡലത്തിൽ പൊതുവെ സ്വീകാര്യനാണെന്ന് കരുതപ്പെട്ടിരുന്ന പി.കെ.ബിജു തന്നെ ഇത്തവണയും വിജയിക്കുമെന്നായിരുന്നു എല്ലാവരുടെയും വിലയിരുത്തൽ. ഇതിനിടയിലാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തിരഞ്ഞെടുത്തതെന്ന വിശേഷണത്തോടെ ആലത്തൂരിന്റെ പെങ്ങളൂട്ടിയായി രമ്യാ ഹരിദാസ് മത്സര രംഗത്തേക്ക് എത്തുന്നത്. ഇതോടെ ആലത്തൂരിലെ രാഷ്ട്രീയ ചിത്രം മാറി. രമ്യാ ഹരിദാസ് പാട്ടുംപാടി ജയിക്കുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത് തിരഞ്ഞെടുപ്പിൽ അത്രയ്‌ക്ക് ഫലിക്കാതെ നിൽക്കുമ്പോഴാണ് ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് എത്തുന്നത്.

remya-haridas

പാട്ടും പാടി ജയിക്കാൻ ഇത് റിയാലിറ്റി ഷോ അല്ലെന്നും മാളികപ്പുറമെന്ന വിശേഷണം തെറ്റാണെന്നും ദീപാ നിശാന്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തത് ഇടതുപക്ഷത്തിന് വൻ തിരിച്ചടിയായി. കോൺഗ്രസ് സൈബർ ടീം ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തതോടെ വിവാദം കൊഴുത്തു. വി.ടി.ബൽറാം, ഷാഫി പറമ്പിൽ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ രമ്യക്ക് പിന്തുണ നൽകിയതോടെ ചർച്ച കൂടുതൽ സജീവമായി. എന്നാൽ അനാവശ്യ വിവാദത്തിൽ തലയിടേണ്ടെന്ന് ഇടതുകേന്ദ്രങ്ങൾ തീരുമാനിച്ചതോടെ ഈ ചർച്ചകൾ കെട്ടടങ്ങിയെങ്കിലും വിജയരാഘവന്റെ പ്രസ്‌താവനയോടെ രമ്യാ ഹരിദാസെന്ന പെങ്ങളൂട്ടി വീണ്ടും സജീവമായി.

പരാമർശം വേദനയുണ്ടാക്കി

തനിക്കെതിരെ മോശം പരാമർശം നടത്തിയ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനെതിരെ പരാതി നൽകുമെന്ന് ആലത്തൂരിലെ യു.‌ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പറഞ്ഞു. പൊന്നാനിയിൽ മുഖ്യമന്ത്രി പങ്കെടുത്ത ഇടതു മുന്നണി കൺവെൻഷനിൽ പ്രസംഗിക്കുമ്പോഴാണ് രമ്യ ഹരിദാസിനെക്കുറിച്ച് വിജയരാഘവൻ വിവാദ പരാമർശം നടത്തിയത്.

വിജയരാഘവന്റെ പരാമർശം തന്നെ വേദനിപ്പിച്ചു എന്നും രമ്യ പറഞ്ഞു. തന്റെ ജീവിത പശ്ചാത്തലവും ജനപ്രതിനിധിയാണെന്നതുമെല്ലാം ചുറ്രുവട്ടമുള്ളവർക്കൊക്കെ അറിയാവുന്നതാണ്. നാട്ടിലെ ഇടതുപക്ഷക്കാരോടെങ്കിലും സി.പി.എം നേതാക്കൾക്ക് തന്നെക്കുറിച്ച് തിരക്കാമായിരുന്നു. വീട്ടിൽ അച്ഛനും അമ്മയും ഉണ്ട് , അവരിതെല്ലാം കേൾക്കുന്നുണ്ട്. നവോത്ഥാനം പ്രസംഗിക്കുന്ന ആളുകളിൽ നിന്ന് ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. സ്ത്രീസുരക്ഷയെക്കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും നവോത്ഥാനത്തിനായി മതിൽകെട്ടുന്ന സർക്കാരുമാണ് ഇവിടെയുള്ളത്. അവരാണ് ഒരു ദളിത് പെൺകുട്ടിയെക്കുറിച്ച് ഇങ്ങനെ പറയുന്നത്. ഒരു സ്ഥാനാർത്ഥിയും സ്ത്രീയും എന്ന പരിഗണന എനിക്ക് നൽകേണ്ടിയിരുന്നു. ഇത് വ്യക്തിഹത്യയാണ് . ഇവിടെ ആശയപരവും രാഷ്ട്രീയവുമായ പോരാട്ടമാണ് നടക്കുന്നത്. പട്ടിക ജാതി, പട്ടിക വർഗക്കാർ രാഷ്ട്രീയ രംഗത്തേക്കും പൊതുരംഗത്തേക്കും ഇനിയുമേറെ കടന്നുവരാനുണ്ട്. അതിനെ തടസ്സപ്പെടുത്തുന്നതാണിത്. ഇനി ഒരു സ്ത്രീയ്ക്കും ഇങ്ങനെയൊരനുഭവം ഉണ്ടാവരുത്. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രചാരണവുമായി മുന്നോട്ട് പോകുകയാണ്. അതിനിടയിൽ എന്തിനാണ് ഇങ്ങനെ ഒരു പരാമർശം. യു.ഡി.എഫ് നേതാക്കളുമായി ആലോചിച്ച് തുടർ നടപടികൾ കൈക്കൊള്ളുമെന്ന് രമ്യ പറ‌ഞ്ഞു.

remya-haridas

ദുർവ്യാഖ്യാനം ചെയ്‌തു

അതേസമയം രമ്യഹരിദാസിനെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന പരാമർശമല്ല താൻ നടത്തിയതെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. അതിനെ ദുർവ്യാഖ്യാനം ചെയ്യുകയാണ്. പൊതു രംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകളെ ആദരിക്കുന്നവനാണ് താൻ. തന്റെ ഭാര്യപോലും മുഴുവൻ സമയം രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളാണെന്നും വിജയരാഘവൻ പറഞ്ഞു. കോൺഗ്രസും ലീഗും തോൽക്കുമെന്നാണ് താൻ ഉദ്ദേശിച്ചത്.