bjp

ന്യൂഡൽഹി: നയങ്ങൾ കൃത്യമായി പാലിക്കാത്തതും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതുമായുള്ള ബി.ജെ.പിയുടെ അക്കൗണ്ടുകൾ പൂട്ടിച്ച് ഫേസ്ബുക്ക്. ബി.ജെ.പി അനുകൂല വിവരങ്ങൾ പ്രചരിപ്പിച്ചിരുന്ന 15പേജുകളാണ് നീക്കം ചെയ്തതായി അറിയിച്ചത്. കഴിഞ്ഞ ദിവസം കോൺഗ്രസ് അനുകൂലമായി പ്രവർത്തിച്ചിരുന്ന 687അക്കൗണ്ടുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. കോൺഗ്രസ് പേജുകളാണ് എണ്ണത്തിൽ കൂടുതലെങ്കിലും നഷ്ടം ബി.ജെ.പിക്കാണെന്നാണ് റിപ്പോർട്ടുകൾ.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ സമൂഹമാദ്ധ്യമ വെബ്സൈറ്റുകൾ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് അക്കൗണ്ടുകൾ പൂട്ടിച്ചത്. കോൺഗ്രസിന്റേതായി 687പേജുകളാണ് നീക്കം ചെയ്തതെങ്കിൽ ബി.ജെ.പിയുടെ 15പേജുകൾ മാത്രമാണ് പൂട്ടിച്ചത്. കോൺഗ്രസിന്റെ ഇത്രയധികം പേജുകളിൽ ആകെ രണ്ടുലക്ഷം പേരാണ് പിൻതുടർന്നിരുന്നത്. അതേസമയം,​ ബി.ജെ.പിയുടെ 15അക്കൗണ്ടുകളിൽ മാത്രമായി 26ലക്ഷം പേരായിരുന്നു പിന്തുടർന്നിരുന്നത്.

2014മുതൽ കോൺഗ്രസ് പേജുകൾക്കായി ഏകദേശം 27ലക്ഷം രൂപ ചെലവഴിച്ചതെങ്കിൽ 50ലക്ഷത്തിലധികം രൂപയാണ് ബി.ജെ.പി ഇതിനായി ചിലവാക്കിയത്. ഒരു ഐ.ടി കമ്പനി അംഗീകാരമുള്ളതും വ്യാജവുമായ അക്കൗണ്ടുകൾ വഴി പ്രാദേശിക വാർത്തകളെക്കുറിച്ചും രാഷ്ട്രീയ പരിപാടികളെക്കുറിച്ചുമുള്ള വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ഫേസ്ബുക് കണ്ടെത്തിയിരുന്നു. എന്നാൽ ഈ ഐ.ടി കമ്പനിയെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.

എന്നാൽ ഗുജറാത്തിലെ 17 സർക്കാർ വകുപ്പുകൾക്ക് ഈ ഐ.ടി കമ്പനിയുമായി ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 46 സർക്കാർ വെബ്‌സൈറ്റുകൾ കൈകാര്യം ചെയ്യുന്നതും വിദേശകാര്യ മന്ത്രാലയത്തിനും രാഷ്ട്രപതിക്കും ആപ്പുകൾ തയാറാക്കുന്നതും ഇതേ ഐടി കമ്പനിയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.