ന്യൂഡൽഹി: പട്ടേൽ സംവരണ പ്രക്ഷോഭ കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഉടൻ പരിഗണിക്കില്ല. തനിക്കെതിരായ കീഴ് കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഉടൻ പരിഗണിക്കണമെന്ന ഹാർദിക് പട്ടേലിന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. ഹർജി പരിഗണിക്കുന്നതിന് എന്താണിത്ര ധൃതിയെന്ന് കോടതി ചോദിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതിനാൽ മഹാരാഷ്ട്ര, ഗുജറാത്ത് കോടതികളുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹാർദിക് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. വിധി ഏപ്രിൽ നാലിന് മുൻപായി സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ലെങ്കിൽ ഹാർദികിന് തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽനിന്ന് മത്സരിക്കാനാകില്ല. വിസ്നഗറിൽ 2015-ൽ സംവരണ പ്രക്ഷോഭത്തിനിടെ എം.എൽ.എ.യുടെ ഓഫീസ് തകർത്ത കേസിൽ കഴിഞ്ഞ ജൂലായിലാണ് ഹാർദികിന് സെഷൻസ് കോടതി തടവ് വിധിച്ചത്.
ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞെങ്കിലും വിധി സ്റ്റേ ചെയ്തിരുന്നില്ല. രണ്ടു വർഷവും അതിൽക്കൂടുതലും തടവിന് ശിക്ഷിക്കപ്പെട്ടവർക്ക് ജനപ്രതിനിധിയാകാൻ അയോഗ്യതയുണ്ട്. ഈയിടെ കോൺഗ്രസിൽ ചേർന്ന ഹാർദിക് പട്ടേൽ വിധി സ്റ്റേ ചെയ്യണമെന്നും തനിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, അപൂർവമായേ വിധി തടയാറുള്ളൂവെന്നും ഇവിടെ അതിനുള്ള സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.