1. തൃശൂരില്‍ സുരേഷ് ഗോപി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായേക്കും. ഇത് സംബന്ധിച്ച് അമിത് ഷാ സുരേഷ് ഗോപിയുമായി സംസാരിച്ചു. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകാന്‍ സാധ്യത. സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെന്ന് ദേശീയ നേതൃത്വത്തെ സുരേഷ് ഗോപിയെ അറിയിച്ചതായി സൂചന. സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. സുരേഷ് ഗോപിയ്ക്ക് നറുക്ക് വീണത് തൃശൂര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ
2. ബി.ജെ.പിയുടെ കേരളത്തിലെ എ.ക്ലാസ് മണ്ഡലം കൂടിയാണ് തൃശൂര്‍. തിരുവനന്തപുരത്തിന് ശേഷം ബി.ജെ.പിക്ക് ഏറെ വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂര്‍. ശക്തരായ നേതാക്കള്‍ മത്സരിക്കണം എന്ന ആവശ്യത്തെ തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള, ജനറല്‍ സെക്രട്ടറി എം.ടി രമേശ്, ദേശീയ കൗണ്‍സില്‍ അംഗം പി.കെ കൃഷ്ണദാസ്, ടോം വടക്കന്‍ എന്നിവരുടെ പേരുകളും നേരത്തെ പരിഗണിച്ചിരുന്നു.
3. വയനാട്ടില്‍ ഇന്ന് പ്രചാരണം തുടങ്ങുന്ന തുഷാര്‍ നാളെ പത്രിക സമ്മര്‍പ്പണം നടത്തും. വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കി ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ആണ് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ വയനാട് സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചത്.
4. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് എതിരായ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ മോശം പരാമര്‍ശത്തെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിജയരാഘവന്റെ പ്രസ്താവനയെ വളച്ചൊടിച്ചു. രമ്യ ഹരിദാസിനെ വിജയരാഘവന്‍ ആക്ഷേപിച്ചിട്ടില്ലെന്നും വിശദീകരണം. കോടിയേരിയുടെ പ്രതികരണം, വിജയരാഘവന് എതിരെ ഇടത് മുന്നണി നേതാക്കള്‍ തന്നെ രംഗത്ത് എത്തിയതിന് പിന്നാലെ
5. എല്‍.ഡി.എഫ് കണ്‍വീനറുടെ പ്രസ്താവനയെ പ്രതിരോധിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജു. രാഷ്ട്രീയം പറയാനില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് വൈകാരിക വിഷയം ഉയര്‍ത്തുന്നതെന്ന് പ്രതികരണം. അതേസമയം, വിജയരാഘവന്റെ പ്രസ്താവന അനവസരത്തില്‍ എന്ന് ഇടത് നേതാക്കളുടെ വിലയിരുത്തല്‍. വിജയരാഘവന്‍ ഖേദം പ്രകടിപ്പിക്കണം എന്നും പൊതു വികാരം.
6. അതിനിടെ, എല്‍.ഡി.എഫ് കണ്‍വീനറുടെ പ്രസ്താവനയ്ക്ക് എതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. വിജരാഘവന്റെ പരാമര്‍ശം പ്രതിക്ഷേധാര്‍ഹമെന്ന് ഉമ്മന്‍ ചാണ്ടി. സ്ത്രീത്വത്തെയും ദളിത് വിഭാഗത്തെയുമാണ് വിജയരാഘവന്‍ അധിക്ഷേപിച്ചതെന്നും പ്രതികരണം. സ്ത്രീകളെ ബഹുമാനിക്കാത്തവരായി സി.പി.എം അധപതിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും. വിജയരാഘവന്റെ മോശം പരാമര്‍ശത്തിന് എതിരെ പരാതി നല്‍കുമെന്ന് ആലത്തൂര്‍ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ആശയപരമായ പോരാട്ടത്തിനിടെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. നവോത്ഥാനം സംസാരിക്കുന്ന സര്‍ക്കാരില്‍ നിന്ന് ഇങ്ങനൊരു അധിക്ഷേപം പ്രതീക്ഷിച്ചില്ലെന്നും പ്രതികരണം
7. നവകേരള നിര്‍മ്മാണത്തിന് പുതിയ ടെന്‍ഡര്‍ ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍. വന്‍ ദുരന്തങ്ങളുണ്ടായ മേഖലകളില്‍ പുനര്‍നിര്‍മ്മാണം നടത്തി പരിചയമുള്ള കമ്പനികള്‍ക്കാണ് മുന്‍ഗണന. പുതിയ കണ്‍സള്‍ട്ടന്റിനെ തേടാനുള്ള സര്‍ക്കാരിന്റെ നീക്കം, കെ.പി.എം.ജി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ലക്ഷ്യം കാണാത്ത സാഹചര്യത്തില്‍. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് കീഴിലാവും കണ്‍സര്‍ട്ടിന്റെ പ്രവര്‍ത്തനം. ടെന്‍ഡര്‍ നടപടികള്‍ തിരഞ്ഞെടുപ്പിന് ശേഷം പൂര്‍ത്തിയാക്കും
8. നവകേരള നിര്‍മ്മാണത്തിന്റെ പ്രധാന ലക്ഷ്യം ഇനിയൊരു മഹാപ്രളയം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലും തകര്‍ന്ന മേഖലകളുടെ പുനര്‍നിര്‍മ്മാണവും. കഴിഞ്ഞ ആറ് മാസത്തിലേറെയായി വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 11 മേഖലകളികള്‍ക്കാണ് മുന്‍ഗണന. തകര്‍ന്ന മേഖലകളില്‍ ഭൂമിയുടെ ഘടന പരിഗണിച്ചാകും പുനര്‍നിര്‍മ്മാണം. ഭൂവിനിയോഗത്തിന്റെ കാര്യത്തിലും നിയന്ത്രണങ്ങളുണ്ടാകും. ഇവയെല്ലാം ഉള്‍പ്പെടുത്തി സമഗ്ര പുനര്‍ നിര്‍മ്മാണ രൂപരേഖ തയ്യാറാക്കാനാണ് സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റിനെ തേടുന്നത്
9. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയില്‍. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കുന്നുണ്ടെങ്കിലും, മരുന്നുകളോടും ഭക്ഷണത്തോടും ശരീരം പ്രതികരിക്കാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. വെന്റിലേറ്റര്‍ മാറ്റിയാല്‍ കുട്ടിക്ക് അതിജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
10. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചു. നിലവിലുള്ള ചികിത്സ തുടരാന്‍ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശം. കുഞ്ഞിന്റെ തലച്ചോറിനേറ്റ കഠിനമായ ക്ഷതമാണ് സ്ഥിതി ഗുരുതരമാക്കിയത് എന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജന്‍ ഡോ.ജി ശ്രീകുമാര്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു
11. ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായും പീഡിപ്പിക്കുകയും ചെയ്ത പ്രതി അരുണ്‍ ആനന്ദിനെതിരെ പോക്‌സോ ചുമത്തി. ഇളയകുട്ടിയെ മര്‍ദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നതും അന്വേഷണ സംഘത്തിന്റെ പരിഗണനയില്‍. ക്രൂരമായ മര്‍ദ്ദിച്ചതിന് പുറമേ ഏഴ് വയസ്സുകാരനെ അരുണ്‍ പല തവണ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് കണ്ടെത്തിയത്
12. ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. പാര്‍ലമെന്റിലെ നിയന്ത്രണം എം.പിമാര്‍ ഏറ്റെടുത്ത ശേഷം നടത്തിയ രണ്ടാം വോട്ടെടുപ്പും പരാജയം. ബ്രെക്സിറ്റ് കരാര്‍ നടപ്പാക്കുന്നതിനായി മുന്നോട്ട് വെച്ച നാല് ബദല്‍ നിര്‍ദ്ദേശങ്ങളും ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളി. രണ്ടാം തവണയും ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഭൂരിപക്ഷം നേടാനാകാതെ പരാജയപ്പെട്ടതോടെ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി തെരേസ മേ. ഇതോടെ ഏപ്രില്‍ 12ന് കരാറില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള സാധ്യകളേറി