ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ മേക്ക് ഇൻ ഇന്ത്യ സ്‌കീമിൽ ഉൾപ്പെടുത്തി ആപ്പിൾ ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയെ മാനുഫാക്‌ചറിംഗ് ഹബ്ബ് ആക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ആപ്പിൾ കമ്പനിയ്‌ക്ക് ഇന്ത്യയിൽ ഫാക്‌ടറി തുടങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. നിലവിൽ ഐഫോൺ 6ഇ, ഐഫോൺ 6എസ് എന്നിവ ഇന്ത്യയിൽ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. ഇതിന് പുറമെ ഐഫോൺ 7ന്റെ നിർമാണവും ഇന്ത്യയിൽ തന്നെ പൂർത്തിയാക്കാനാണ് കമ്പനിയുടെ തീരുമാനം.
ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഐഫോൺ 7 രാജ്യത്ത് നിർമിക്കുന്നത്. ബംഗളൂരുവിലായിരിക്കും ഫാക്‌ടറി. മാർച്ച് മുതൽ തന്നെ നിർമാണം തുടങ്ങുമെന്നും കമ്പനി വ്യക്തമാക്കി.ആപ്പിളിന്റെ തായ്വാനിലെ നിർമാണ കരാറുള്ള വിസ്റ്റോൺ ആണ് ബംഗളുരുവിൽ ഐ ഫോൺ നിർമിക്കുന്നത്. ഇന്ത്യയിൽ നിർമിക്കാൻ തുടങ്ങിയതോടെ ഐ ഫോൺ 7ന്റെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി ചെയ്യുമ്പോഴുള്ള നികുതി ബാധകമാല്ലാതാകുന്നതും സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യാ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളും ഉത്പന്നത്തിന്റെ വില കുറയാൻ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, നിലവിൽ സ്‌മാർട്ട്ഫോൺ രംഗത്ത് ആധിപത്യം തുടരുന്ന ചൈനയുടെ കുത്തക തകർക്കാൻ ഇന്ത്യയ്‌ക്ക് വരും വർഷങ്ങളിൽ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ സ്‌മാർട്ട് ഫോൺ ഭീമനായ സാംസംഗിന് ഇന്ത്യയിൽ നിർമാണ പ്ലാന്റുണ്ട്.