മലപ്പുറം: യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ നടത്തിയ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചതെന്ന് എ.വിജയരാഘവൻ. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തോൽക്കും എന്ന് മാത്രമാണ് പറഞ്ഞതിന് പിന്നിലെ ഉദ്ദേശം. ചില മാദ്ധ്യമങ്ങളാണ് തന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചത്. ഒരിക്കലും ഒരു സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഭാര്യയും ഒരു പൊതു പ്രവർത്തകയാണ്. അതുകൊണ്ട് ഒരു വനിതയെ ബുദ്ധിമുട്ടിക്കാനോ വിഷമിപ്പിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമേയുള്ളു അല്ലാതെ വ്യക്തിപരമായി ഒരു വിരോധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരെ കുറിച്ചും മോശമായി സംസാരിക്കുന്ന സ്വഭാവം സി.പി.എമ്മിനോ ഇടത് മുന്നണിക്കോ ഇല്ല. സ്ത്രീകൾ പൊതുരംഗത്ത് വരണം എന്ന അഭിപ്രായം ഉള്ളയാളാണ് താനെന്നും എ.വിജയരാഘവൻ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്കോ രമ്യക്കോ എതിരെ വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ല. രാഷ്ട്രീയ നിലപാടുകൾ വിശദീകരിച്ച് മാത്രമേ സംസാരിച്ചിട്ടുള്ളൂ. പ്രസംഗം രാഷ്ട്രീയമായി മാത്രം കണ്ടാൽ മതി. അവരോട് ബഹുമാനവും സ്നേഹവും മാത്രമേയുള്ളൂ മാനസികമായി വിഷമിപ്പിക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ഒരു സഹോദരിയായും സുഹൃത്തായും മാത്രമേ രമ്യയെ കണ്ടിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിൽ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ വേദനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നവേത്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ വ്യക്തിഹത്യ നടത്തരുതായിരുന്നു എന്നാണ് രമ്യ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വിജയരാഘവനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും രമ്യഹരിദാസ് വ്യക്തമാക്കി. അതേസമയം, വിജയരാഘവന്റെ പ്രസ്താവനയെ അനുകൂലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. മാദ്ധ്യമങ്ങൾ വാർത്തകൾ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയരാഘവനെതിരായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുകയും കോലം കത്തിക്കകുയും ചെയ്തു.