sreedharan-priyanka

കണ്ണൂർ: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ യുവതിയായി ചിത്രീകരിച്ച് കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന സ്ത്രീവിരുദ്ധ പരാമർശവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. പ്രിയങ്ക‌യ്‌ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്ക് 'യുവ സുന്ദരി' എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതൽ പറയുന്നില്ല എന്നും ശ്രീധരൻപിള്ള പറഞ്ഞു.

കണ്ണൂരിൽ ഇന്നലെ നടന്ന എൻ.ഡി.എ കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു ശ്രീധരൻ പിള്ളയുടെ പരാമർശം. ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് പിന്നാലെയാണ് ശ്രീധരൻപിള്ളയുടെ സ്ത്രീവിരുദ്ധ പരാമർശം പുറത്തുവരുന്നത്.

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുമെന്നും മണ്ഡലത്തിന്റെ പേര് വയനാട് എന്നാണെങ്കിലും അതിലെ നാല് മണ്ഡലങ്ങളും മലപ്പുറത്താണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. രാഹുലിന്റെ സ്ഥാനാർത്ഥിത്വം ദൈവം തന്ന കനകാവസരം ആണെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.