ന്യൂഡൽഹി: ദാരിദ്രരേഖയ്‌ക്ക് താഴെയുള്ള കർഷകർക്ക് അടിസ്ഥാന മാസവരുമാനം ഉറപ്പാക്കിയും യുവാക്കൾക്ക് പ്രതിവർഷം 10 ലക്ഷം സർക്കാർ ജോലികളും വാഗ്‌ദ്ധാനം ചെയ്തും കോൺഗ്രസിന്റെ പ്രകടന പത്രിക പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പുറത്തിറക്കി. രാജ്യത്തെ 20 ശതമാനത്തിന് നേരിട്ട് ഗുണം ലഭിക്കുന്ന ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ പ്രധാന ആകർഷണം. നരേന്ദ്ര മോദി നൽകാമെന്ന് പറഞ്ഞ 15 ലക്ഷത്തിനെ പോലെയാകില്ല ഇതെന്നും നടപ്പിലാക്കാൻ കഴിയുന്ന വാഗ്‌ദ്ധാനങ്ങൾ മാത്രമേ കോൺഗ്രസ് നൽകുകയുള്ളൂ എന്നും രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ദാരിദ്രനിർമാർജനം, തൊഴിലവസരം, വനിതാ സുരക്ഷ തുടങ്ങിയവയ് മുൻഗണന നൽകിക്കൊണ്ടുള്ള അഞ്ച് വൻ പദ്ധതികളാണ് രാഹുൽ പ്രഖ്യാപിച്ചത്.
പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങൾ
ന്യായ് പദ്ധതി
കേന്ദ്രസർക്കാർ കണക്ക് പ്രകാരം അഞ്ചു കോടി കുടുംബങ്ങളുടെ മാസവരുമാനം 12000 രൂപയിൽ താഴെയാണ്. ഈ ഡാറ്റ അടിസ്ഥാനമാക്കിയാണ് എല്ലാവർക്കും മാസം കുറഞ്ഞ വരുമാനം 12000 രൂപ ഉറപ്പാക്കാനുള്ള പദ്ധതി കോൺഗ്രസ് മുന്നോട്ടുവച്ചത്. ഒരു കുടുംബത്തിന് മാസം 6000 രൂപ വരുമാനമാണുള്ളതെങ്കിൽ ബാക്കി തുക സർക്കാർ നേരിട്ട് അക്കൗണ്ടിലൂടെ കൈമാറിയാണ് 12000 രൂപ ഉറപ്പാക്കുക. മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ നേതൃത്വത്തിൽ സാമ്പത്തിക വിദഗ്ദ്ധരടങ്ങിയ ടീമാണ് പദ്ധതി തയ്യാറാക്കിയത്. എങ്ങനെ നടപ്പാക്കും, എത്ര രൂപ ഇതിനായി ആവശ്യം വരും തുടങ്ങിയ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞു.
തൊഴിൽ അവസരങ്ങൾ
ഒരോ വർഷവും രണ്ട് കോടി തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുമെന്നാണ് നരേന്ദ്ര മോദി വാഗ്‌ദ്ധാനം ചെയ്‌തത്. എന്നാൽ ശരിക്കും എത്ര തൊഴിൽ അവസരങ്ങൾ ശരിക്കും സൃഷ്‌ടിക്കാൻ കഴിയുമെന്ന് കോൺഗ്രസ് പാർട്ടി പരിശോധിച്ചു. തുടർന്ന് 22 ലക്ഷം ഒഴിവുകൾ സർക്കാർ മേഖലയിൽ ഉണ്ടെന്ന് കണ്ടെത്തി. തദ്ദേശ സഹകരണ സ്ഥാപനങ്ങളിലെ 20 ലക്ഷം ഒഴിവുകൾ നികത്തും. കേന്ദ്രസംസ്ഥാന സ്ഥാപനങ്ങളിലെ ഒഴിവുകൾ 2020 മാർച്ചിനകം നികത്തും. ഒഴിവുകൾ നികത്താൻ സംസ്ഥാനങ്ങളോടും നിർദ്ദേശിക്കും.
ജി.എസ്.ടി നോട്ടുനിരോധനം പരിശോധിക്കും
രാജ്യത്തിന്റെ നടുവൊടിച്ച ജി.എസ്.ടിയും നോട്ടുനിരോധനവും പരിശോധിക്കും. ഇക്കാര്യങ്ങളിലെ അപാകത പരിഹരിച്ച് വീണ്ടും അവതരിപ്പിക്കും.
മറ്റ് പ്രഖ്യാപനങ്ങൾ
കാർഷിക കടം തിരിച്ചടയ്‌ക്കാത്തത് ക്രിമിനൽ കുറ്റമല്ല
കർഷകരെയും യുവാക്കളെയും ന്യൂനപക്ഷങ്ങളെയും ഉൾപ്പെടുത്തും
രാജ്യത്തെ വീണ്ടും ഒരുമിപ്പിക്കും.
വിദേശ നിക്ഷേപകർക്ക് വേണ്ട സൗകര്യവും ബാങ്ക് വായ്‌പാ സൗകര്യവും ഒരുക്കും. എന്നാൽ ഇത്തരം സ്ഥാപനങ്ങൾ ഇന്ത്യക്കാർക്ക് തൊഴിൽ നൽകണം
ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ 150 തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്തും.