nss

പെരുന്ന: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനും ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ വിമർശനവുമായി നായർ സർവീസ് സൊസൈറ്റി. മുഖപത്രമായ സർവീസിലാണ് ശബരിമലയെ തകർക്കാൻ സർക്കാർ അധികാരവും ഖജനാവും ഉപയോഗിച്ചപ്പോൾ, ബി.ജെ.പിയും കോൺഗ്രസും രാഷ്‌ട്രീയ വിജയം കൊയ്യാനുള്ള അവസരമാക്കിയെന്ന് എൻ.എസ്.എസ് വിമർശിച്ചിരിക്കുന്നത്.

എൻ.എസ്.എസ് ഏർപ്പെട്ടതിന്റെ ഫലമായി സംസ്ഥാനമൊട്ടാകെ വിശ്വാസികളുടെ കൂട്ടായ്‌മയും നാമജപ ഘോഷയാത്രയും നടന്നപ്പോൾ അതിനെ പരാജയപ്പെടുത്തുവാൻ അധികാരവും ഖജനാവും ഉപയോഗിച്ചുള്ള കുൽസിത മാർഗങ്ങളാണ് സംസ്ഥാനസർക്കാർ സ്വീകരിച്ചതെന്ന് സർവീസ് പറയുന്നു. അതേസമയം, രാഷ്‌ട്രീയ ലാഭം കൊയ്യാനുള്ള അവസരമായാണ് ബി.ജെ.പിയും കോൺഗ്രസും ശബരിമലയെ കണ്ടതെന്നും എൻ.എസ്.എസ് വിമർശിക്കുന്നു.

അധികാരം കൈയിലിരുന്ന സംസ്ഥാന ഗവണമെന്റോ കേന്ദ്ര ഗവൺമെന്റോ ഈശ്വര വിശ്വാസവും ആചാരാനുഷ്‌ഠാനങ്ങളും നിലനിൽക്കണമെന്ന വിശ്വാസികളുടെ മൗലികാവകാശത്തെ സംരക്ഷിക്കുവാനാവശ്യമായ ഏതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ലെന്നും, ഇനി കോടതി മാത്രമാണ് വിശ്വാസികൾക്ക് അഭയമായിട്ടുള്ളതെന്നും എൻ.എസ്.എസ് വ്യക്തമാക്കുന്നു.

വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ വോട്ടു ചോദിക്കാൻ ആർക്കാണ് അവകാശമുള്ളതെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്നും, വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻ.എസ്.എസ് സമദൂര നിലപാട് തന്നെ സ്വീകരിക്കുമെന്നും സർവീസ് മുഖപത്രം ആവർത്തിച്ചു.

nss