ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർലീഗിൽ ന്യൂകാസിൽ യുണൈറ്രഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തി ആഴ്സനൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. ഒന്നാം പകുതിയിൽ നായകൻ ആരോണൺ റാംസെയും രണ്ടാം പകുതിയിൽ ഫ്രഞ്ച് സ്ട്രൈക്കർ അലക്സാണ്ടർ ലക്കാസട്ടെയും നേടിയ ഗോളുകളാണ് ആഴ്സനലിന് വിജയം സമ്മാനിച്ചത്. ആഴ്സനലിന്റെ തട്ടകമായ എമിറേറ്രസ് സ്റ്രേഡിയത്തിൽ നടന്ന മത്സരത്തിൽ ബാൾ പൊസഷനിലും പാസിംഗിലും ഷോട്ടുകളിലും എല്ലാം ആതിഥേയർ സന്ദർശകർക്ക് മേൽ വലിയ ആധിപത്യം പുലർത്തി. 2017 ഏപ്രിലിന് ശേഷം ആദ്യമായാണ് ഗണ്ണേഴ്സ് പ്രിമിയർ ലീഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തുന്നത്. നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ടോട്ടൻഹോം ഹോട്ട്‌സ്പറിനും മാഞ്ചസ്റ്രർ യുണൈറ്രഡിനും എതിരെ രണ്ട് പോയിന്റിന്റെ ലീഡാണ് ഉനൈ എംറിയുടെ കുട്ടികൾക്കുള്ളത്.
ആഴ്സനലിന്റെ മുന്നേറ്രം കണ്ടാണ് മത്സരം തുടങ്ങിയത്. പതിമ്മൂന്നാം മിനിറ്റിൽ റാംസയുടെ കോർണറിൽ നിന്ന് കൊളൊസിനാക്ക് ന്യൂകാസിലിന്റെ വലയിൽ പന്തെത്തിച്ചെങ്കിലും റഫറി ഗോൾ ആനുവദിച്ചില്ല. ഇതിനിടെ ആഴ്സനലിന്റെ പപ്പാസ്റ്രാത്തോപൗലോസ് ന്യൂകാസിലിന്റെ ഫ്ലോറൈൻ ലെജ്യൂനെ ഫൗൾ ചെയ്തെന്ന് വിധിച്ചാണ് റഫറി ഗോൾ അനുവദിക്കാതിരുന്നത്. മുപ്പതാം മിനിറ്റിൽ റാംസെ ആഴ്സനലിന്റെ ആദ്യഗോൾ നേടി. ന്യൂകാസിൽ പെനാൽറ്രി ഏരിയയ്ക്കുള്ളിലേക്ക് ആക്രമിച്ച് കയറിയ ലക്കാസട്ടെയെ തടയാനെത്തിയ ന്യൂകാസിൽ ഡിഫൻഡറുടെ കാലിൽ തട്ടിതെറിച്ച് പന്ത് മനോഹരമായ ഫസ്റ്ര് ടൈം ഷോട്ടിലൂടെ റാംസെ ഗോളാക്കി മാറ്രുകയായിരുന്നു. പകരക്കാരനായിറങ്ങിയ ഔബമെയാംഗിന്റെ പാസിൽ നിന്നാണ് 83-ാം മിനിറ്രിൽ ലക്കാസട്ടെ ആഴ്സനലിന്റെ രണ്ടാം ഗോൾ നേടിയത്.
2017 ഏപ്രിലിന് ശേഷം ആദ്യമായാണ് ആഴ്സനൽ ഇ.പി.എൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തുന്നത്.
കഴിഞ്ഞ സീസണിൽ വെംഗർക്ക് കീഴിൽ ആറാമതായി ഫിനിഷ് ചെയ്ത ആഴ്സനൽ ആകെ നേടിയത് 63 പോയിന്റാണ്. ഇത്തവണ ഏഴ് മത്സരങ്ങൾ ഇനി ബാക്കി ഇരിക്കെ തന്നെ ആഴ്സനൽ 63 പോയിന്റ് നേടിക്കഴിഞ്ഞു.