amethi

കഴിഞ്ഞ നാല് പതിറ്റാണ്ടായി ഗാന്ധി കുടുംബത്തിന്റെ സ്വന്തമാണ് അമേത്തി. രാജീവ് ഗാന്ധിയുടെ വധത്തിനുശേഷം 10വ‍ർഷത്തെ ഇടവേളയുണ്ടായി. 1999ൽ സോണിയ ഗാന്ധിയും തുടർന്ന് രാഹുൽ ഗാന്ധിയും അമേത്തിയിലെ പാരമ്പര്യം നിലനിർത്തുകയാണ്. എന്നാൽ രാജീവ് ഗാന്ധിയുടെ വികസന സ്വപ്നങ്ങൾക്കിപ്പുറത്ത് അമേത്തി എന്ന മണ്ഡലത്തിന്റെ അവസ്ഥ അതിദയനീയമാണ്.

വെളിച്ചവും,​ വെളളവും നടക്കാൻ ഒരു വഴിപോലും ഇല്ലാത്ത അവസ്ഥയാണ് ഇവിടെ. ഇവിടെ ആറ് മണിക്കൂറിലേറെ വൈദ്യുതിയുണ്ടാവില്ല. എന്തിന്, സാധാരണക്കാരന് ഒരു സിനിമ കാണാൻ ചെറിയ തീയേറ്റർ പോലുമില്ല ഗാന്ധി കുടുംബം ഭരിക്കുന്ന അമേത്തിയിൽ. ജനജീവിതം ദുസഹമായ അമേത്തിയിലെ വികസനങ്ങൾ ഇങ്ങനെ പോകുന്നു. ജനങ്ങൾക്ക് സിനിമ കാണാൻ ആഗ്രഹം തോന്നിയാൽ അലഹബാദിലോ, ലക്‌നൗവിലോ വരെ പോകേണ്ടി വരും. പവർകട്ട് പതിവായതിനാൽ വീട്ടിലിരുന്ന് ടെലിവിഷനിൽ പോലും ഒരു സിനിമ പൂർണമായും കാണുന്ന കാര്യവും അസാധ്യം.

ഗാന്ധി കുടുംബം ഇത്ര വർഷം സ്വന്തമാക്കിയ മണ്ഡലമായിരുന്ന അമേത്തിയിൽ എന്ത് വികസനമാണ് കൊണ്ട് വന്നതെന്ന് ആരും ചോദിച്ച് പോകും. എന്നാൽ ഇത്തരം അവസരങ്ങൾ മുതലെടുത്ത് വികസനവും രാജ്യ സ്നേഹവും വോട്ടുകളാക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി വനിതാ മന്ത്രി സ്‌മൃതി ഇറാനി. തിരഞ്ഞെടുപ്പ് അടുത്തതോടെ മണ്ഡലത്തിലെ ജനങ്ങൾക്ക് വൈദ്യുതിയെ മറികടന്ന് താല്കാലിക കൊട്ടകയിൽ സൗജന്യ സിനിമാ പ്രദർശനം നടത്തുകയാണ് സ്‌മൃതി. രാജ്യ സ്നേഹം ഉണർത്തുന്ന 'ഉറി ദ സർജിക്കൽ സ്ട്രൈക്കാണ്' ചിത്രം. എന്നാൽ വോട്ടല്ല ജനങ്ങളുടെ ദേശസ്നേഹമാണ് വലുതെന്ന് സംഘാടകർ പറയുന്നുണ്ട്.

അമേത്തിയിലെ വികസന സ്ഥിതി ഇത്തരത്തിൽ മുന്നോട്ട് പോവുകയാണെങ്കിൽ ഒരുപക്ഷേ രാഹുലിന് തന്റെ ഒന്നാം മണ്ഡലം കൈവിട്ടു പോകാൻ അധിക കാലം വേണ്ടി വരില്ലെന്ന് ചുരുക്കം. അതേസയം,​ രാഹുലിന്റെ രണ്ടാം മണ്ഡലമായ വയനാട്ടിലെ സംവിധാനങ്ങളെല്ലാം അമേത്തിയേക്കാൾ ഒരുപാട് മുന്നിലാണ്. പുതിയതെന്ത് എന്ന് ആലോചിക്കേണ്ടി വരും അദ്ദേഹത്തിന് എന്ന കാര്യം ശ്രദ്ധേയമാണ്.