കൊച്ചി: സിറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ ക്രമക്കേടുണ്ടെന്ന് വ്യക്തമായതോടെ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു. ഭൂമി ഇടപാടിൽ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കോടതി വിലയിരുത്തി. കർദ്ദിനാളിന് പുറമെ ഫാദർ ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരെയും കൂട്ടുപ്രതികളാക്കിയാണ് കോടതി കേസെടുത്തിരിക്കുന്നത്. തൃക്കാക്കര മജിസ്ട്രേറ്റ് കോടതി പ്രതികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
ഭൂമി വിൽപ്പനയിൽ സിറോ മലബാർ സഭ നികുതി വെട്ടിച്ചതിന് എറണാകുളം അങ്കമാലി അതിരൂപതയ്ക്കെതിരെ കഴിഞ്ഞ ദിവസം കോടികളുടെ പിഴ ചുമത്തിയിരുന്നു. മൂന്ന് കോടി രൂപയാണ് എറണാകുളം അങ്കമാലി അതിരൂപത പിഴയൊടുകേണ്ടിവരിക. ആദ്യഘട്ടമായി 51 ലക്ഷം രൂപയാണ് സഭാ നേതൃത്വം ഇന്നലെ ആദായ നികുതി വകുപ്പിന് അടച്ചത്. ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാർക്കും പിഴ ചുമത്തിയിട്ടുണ്ട്.
എറണാകുളം അങ്കമാലി അതിരൂപതയുടെ കടം വീട്ടാനായി തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപിത്തുള്ള 60 സെന്റ് ഭൂമി ഇടനിലക്കാർ വഴി വിറ്റതിൽ കോടികളുടെ നികുതി വെട്ടിച്ചത് കണ്ടെത്തിയതിനാണ് മൂന്ന് കോടി രൂപ പിഴ ചുമത്തിയത്. 60 സെന്റ് ഭൂമി വിറ്റത് മൂന്ന് കോടി 99ലക്ഷം രൂപയ്ക്കാണെന്നായിരുന്നു സഭ ആധാരത്തിൽ കാണിച്ചത്. എന്നാൽ ഇടനിലക്കാരനായ സാജു വർഗീസിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഭൂമി വിൽപ്പന നടത്തിയത് 10 കോടി രൂപയ്ക്കാണെന്ന് തെളിയിക്കുന്ന രേഖകൾ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
ഇടനിലക്കാരനൊപ്പം രേഖകളിൽ ഒപ്പിട്ടിരിക്കുന്നത് അങ്കമാലി അതിരൂപത സഭയുടെ സാമ്പത്തിക ചുമതല വഹിച്ച ഫാദർ ജോഷി പുതുവയാണെന്നും രേഖകളിൽ നിന്ന് വ്യക്തമാണ്. കേസിൽ സാജു വർഗീസ് അടക്കമുള്ളവരെ ആദായ നികുതി വകുപ്പ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. തുടന്നാണ് സഭയ്ക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകിയത്.
അതേസയമം, വിവാദ ഭൂമി ഇടപാടിൽ രണ്ട് കോടി 85ലക്ഷം രൂപ പിഴയടക്കണമെന്ന ആദായ നികുതി വകുപ്പിന്റെ ഉത്തരവിനെതിരെ എറണാകുളം അങ്കമാലി അതിരൂപത അപ്പീൽ നൽകും. ഭൂമിയുടെ മൂല്യം കുറച്ച് കാണിച്ചതിൽ അതിരൂപതയ്ക്ക് പങ്കില്ലെന്നാണ് കോടതിയിൽ അറിയിക്കുക.