rahul-gandhi

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നും മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി വനാടിനെ കുറിച്ച് അറിഞ്ഞിരിക്കണമെന്ന് മുൻകൂർ സൂചിപ്പിക്കുകയാണ് ഷഫീഖ് സൽമാന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇവിടെയുള്ളവർക്ക് വെറും വാഗ്ദാനങ്ങൾ നൽകിയതുകൊണ്ടുമാത്രം വോട്ടു നേടാൻ സാധിക്കില്ലെന്നും,​ "വരുന്ന പത്തു വർഷത്തിനുള്ളിൽ അമേത്തിയെ സിംഗപ്പൂരിനു തുല്യമാക്കുമെന്ന് ബഡായി പറഞ്ഞ് അവിടത്തുകാരെ പറ്റിക്കുന്ന രാഹുൽ ഗാന്ധി കേട്ടു പഠിക്കേണ്ട ഒന്നാണ് നിങ്ങൾ മത്സരിക്കാൻ പോകുന്ന വയനാട്ടിൽ നടക്കുന്ന കാര്യങ്ങളെ"ന്ന് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബി പി എൽ കുടുംബങ്ങൾ - 4,07,000
സാക്ഷരത - 64%
മെഡിക്കൽ കോളേജ് - 0
എഞ്ചിനീയറിങ്ങ് കോളേജ് - 0
കക്കൂസ് ഇല്ലാത്ത വീടുകൾ - 82.6%
കുളിമുറിയില്ലാത്ത വീടുകൾ 55.6%
അകത്ത് അടുക്കളയില്ലാത്ത വീടുകൾ-51.8%...

രാഹുൽ ഗാന്ധി 2004 മുതൽ എംപിയായിട്ടുള്ള അമേഠി മണ്ഡലത്തിന്റെ അവസ്ഥയാണ് ഇത്. രാഹുൽ ഗാന്ധി മാത്രമല്ല, അദ്ദേഹത്തിൻ്റെ വലിയച്ഛനും, അച്ഛനും, അമ്മയുമുൾപ്പെടെ കാലാകാലങ്ങളായി ആ കുടുംബം സ്വന്തം സ്വത്ത് പോലെ കൈവശം വച്ചിരിക്കുന്ന ഒരു മണ്ഡമാണിതെന്ന് ഓർക്കണം.

കഴിഞ്ഞ ഇലക്ഷൻ സമയത്ത് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിലെ പ്രധാന വാഗ്ദാനം ഒരു ഇൻഡസ്റ്റ്രിയൽ ആൻ്റ് എഡ്യുക്കേഷണൽ ഹബ് ഉണ്ടാക്കുമെന്നതായിരുന്നു. എന്നാൽ അത്തരം പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം നേടാനോ ജോലി ചെയ്യാനോ തക്കതായ വിദ്യാഭ്യാസമോ സാഹചര്യങ്ങളോ സ്വന്തം മണ്ഡലത്തിൽ എത്ര പേർക്കുണ്ട് എന്ന് അദ്ദേഹത്തിനറിയില്ല എന്നതാണ് വാസ്തവം. ഇതാണ് വലതുപക്ഷ വികസന കാഴ്ചപ്പാടിൻ്റെ പ്രതിസന്ധി. അതിന് അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്നു മനസ്സിലാക്കാനോ, അവയെ പരിഗണിക്കാനോ, അവ പരിഹരിക്കാനോ ഉള്ള പ്രാപ്തിയില്ല. താല്പര്യമില്ല. വൻകിട വികസനത്തിൻ്റെ പുകമറ സൃഷ്ടിച്ച്, അതിൻ്റെ ഗുണഫലങ്ങൾ ഇറ്റിയിറങ്ങിക്കിട്ടാൻ പോലും ത്രാണിയില്ലാത്ത മനുഷ്യരെ പറ്റിക്കാൻ മാത്രമേ അതിനു സാധിക്കൂ.

ഈ ജനവിരുദ്ധ വികസനത്തിൻ്റെ എതിർവശത്ത് ജനങ്ങളെ മുൻനിർത്തി ജനങ്ങൾക്കു വേണ്ടി നടപ്പിലാക്കുന്ന ജനകീയ വികസനത്തിൻ്റെ മാതൃക വേറെയുണ്ട്. വരുന്ന പത്തു വർഷത്തിനുള്ളിൽ അമേത്തിയെ സിംഗപ്പൂരിനു തുല്യമാക്കുമെന്ന് ബഡായി പറഞ്ഞു അവിടത്തുകാരെ പറ്റിക്കുന്ന രാഹുൽ ഗാന്ധി കേട്ടു പഠിക്കേണ്ട ഒന്നാണ്. നിങ്ങൾ മത്സരിക്കാൻ പോകുന്ന വയനാട്ടിൽ നടക്കുന്ന കാര്യമാണ്.

ഈയടുത്ത് നൂല്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ (രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് ഹെൽത്ത് സെൻ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട ആ ആശുപത്രി തന്നെ) പോയ സമയത്ത് അവിടെയുണ്ട് ഈ ചിത്രത്തിൽ കാണിച്ച ഒരു ചെറിയ കെട്ടിടത്തിൻ്റെ പണി നടക്കുന്നു. എന്താണ് കാര്യമെന്നു തിരക്കിയപ്പോൾ കൂടെയുള്ള മെഡിക്കൽ ഓഫീസർ സുഹൃത്ത് ആദ്യം പറഞ്ഞത് ഒരു കഥയാണ്.

അദ്ദേഹം മെഡിക്കൽ ഓഫീസർ ആയി വയനാട് ജോയിൻ ചെയ്ത സമയത്താണ് സംഭവം നടക്കുന്നത്. ഒരു ദിവസം ഗർഭിണിയായ ഒരു യുവതിയെ നിർബന്ധപൂർവം ജെപിഎച്എൻ നഴ്സുമാർ പ്രസവത്തിനായി അദ്ദേഹം ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെത്തിക്കുന്നു. നല്ല മെഡിക്കൽ അറ്റൻഷൻ വേണ്ട അവസ്ഥയിലാണ് ആ യുവതി. എന്നിട്ടും അവർ ഹോസ്റ്റ്പിറ്റലിൽ പ്രവേശിക്കാൻ തീരെ താല്പര്യം കാണിക്കുന്നില്ല. ആരോഗ്യവകുപ്പിനെ സംബന്ധിച്ചിടത്തോളം ആദിവാസികൾക്കിടയിലെ കൂടിയ ശിശുമരണ നിരക്ക് കുറച്ചേ പറ്റൂ. അവർക്ക് ഏറ്റവും മികച്ച ശുശ്രൂഷ നൽകുക എന്നതാണവരുടെ കർത്തവ്യം. എന്നാൽ ആദിവാസികൾ പലപ്പോളും ഹോസ്പിറ്റലുകളിലേയ്ക്ക് വരാൻ വിമുഖത കാണിക്കുന്നു. അവരുടെ പരിചിതമായ കുടിലും ഊരും വിട്ട്, പരമ്പരാഗതമായ ചികിത്സാ രീതികൾ ഒഴിവാക്കി വരുന്നതിനു വിമുഖതയാണ്. എന്നാൽ അത്തരം അശാസ്ത്രീയ ചികിത്സാരീതികൾക്കും സൗകര്യക്കുറവുകൾക്കും അവരെ വിട്ടുകൊടുക്കുക എന്നത് ഉത്തരവാദിത്വബോധമുള്ള ആരോഗ്യപ്രവർത്തകർക്ക് സാധിക്കുകയുമില്ല.

അങ്ങനെ ആ യുവതിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുവരികയും അവിടെ വച്ച് അവളുടെ പ്രസവം നടക്കുകയും ചെയ്യുന്നു. പക്ഷേ, അപരിചിതമായ സാഹചര്യം അവളെ പരിഭ്രാന്തയാക്കുകയുണ്ടായി. ആ അനുഭവം അവളെ പോസ്റ്റ്പാർട്ടം ഡിപ്രഷനിലേയ്ക്ക് നയിക്കുന്ന അവസ്ഥയിലെത്തുകയും തുടർ ചികിത്സയിലൂടെ അതു ഭേദമാവുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ വയനാടിലെ പൊതു ആരോഗ്യസംവിധാനം നിരന്തരം നേരിടുന്ന വലിയ വെല്ലുവിളികളാണ്.

വയനാട്ടിലെ പൊതുആരോഗ്യ സംവിധാനങ്ങൾക്കു മുൻപിലുള്ള ഏറ്റവും പ്രധാന ദൗത്യങ്ങളിലൊന്ന് അവിടത്തെ ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യസൗഖ്യം ഉറപ്പു വരുത്തുക എന്നതാണ്. നിതാന്തമായ പരിശ്രമങ്ങൾ അതിനു വേണ്ടി ഉണ്ടാകാറുണ്ട്.

പുതിയ സ്കീമുകൾ, സഹായങ്ങൾ, പദ്ധതികൾ ഒക്കെ നടപ്പിലാക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. എന്നാൽ അതിനൊക്കെ തടസ്സം സൃഷ്ടിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നു പൊതുസമൂഹത്തിനു ആദിവാസി സമൂഹത്തിനും ഇടയിൽ നില നിൽക്കുന്ന സാംസ്കാരികമായ വിടവാണ്. ആധുനികതയെ അവർക്ക് ഉൾക്കൊള്ളാനോ ആധുനികതയ്ക്ക് അവരെ ശരിയായ രീതിയിൽ മനസ്സിലാക്കാനോ സാധിച്ചിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്. അതുകൊണ്ടു തന്നെ പലപ്പോളും അവരുടെ ഈ പ്രശ്നം മനസ്സിലാക്കാത്ത രീതിയിലുള്ള ഇടപെടലുകളാണ് നടന്നു വന്നിരുന്നത് എന്നത് യാഥാർഥ്യമാണ്. അതിനൊരുദാഹരണമാണ് ഞാൻ മേൽ വിവരിച്ച സംഭവം.

അതുകൊണ്ട് ഒറ്റയടിയ്ക്ക് അടിച്ചേല്പിക്കുകയല്ല, പകരം പതുക്കെ അവരുടെ കാഴ്ചപ്പാടിലും സമീപനത്തിലും മാറ്റങ്ങൾ വരുത്തി ഈ വിടവടയ്ക്കുകയാണ് വേണ്ടത്. ഈ ഒരു യാഥാർഥ്യത്തെ ഉൾക്കൊണ്ടുകൊണ്ടു ഇടതുപക്ഷ സർക്കാർ അവിടെ ഇപ്പോൾ നടപ്പിലാക്കാൻ പോകുന്ന മനോഹരമായ പദ്ധതിയായ 'ആൻ്റിനാറ്റൽ ട്രൈബൽ ഹോം' ആണ് ഈ കെട്ടിടം. പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെടുന്ന ആദിവാസി യുവതികൾക്കും കുടുംബത്തിനും താമസിക്കാനായി ഹോസ്പിറ്റലിനോട് ചേർന്നു പ്രത്യേകം കെട്ടിടം നിർമ്മിച്ചിരിക്കുന്നു. ബെഡ് റൂം, ടോയ്ലറ്റ്, സിറ്റൗട്ട്, കോമൺ ഏരിയ ഒക്കെ ഉൾപ്പെടുന്ന എല്ലാ സൗകര്യങ്ങളുമുള്ള ഒരു താമസസ്ഥലമായിരിക്കും ഇത്. അവർക്ക് അവിടെ കുടുംബത്തോടൊപ്പം കഴിയാനും ഹോസ്പിറ്റലിലെ ചികിത്സാ സൗകര്യങ്ങൾ നേടുവാനും സാധിക്കും. അപരിചിതത്വത്തിൻ്റെ ആശങ്കകൾ ഇതുമൂലം അവരെ അലട്ടില്ല.

നിലവിൽ വയനാട് ഏഴു ആൻ്റി നാറ്റൽ ട്രൈബൽ ഹോമുകളുടെ നിർമാണമാണു നടന്നു കൊണ്ടിരിക്കുന്നത്. ബത്തേരി, വൈത്തിരി താലൂക്ക് ഹോസ്പിറ്റലുകളിൽ രണ്ടു വീതവും, നൂല്പുഴ, വാഴവറ്റ, അപ്പപ്പാറ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഓരോന്നു വീതവുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിരിക്കുന്നത്. ഇതിൽ നൂൽപ്പുഴയും വാഴവറ്റയും കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തിയവയാണ്. പദ്ധതിയുടെ ആദ്യഘട്ട ചിലവ് 53 ലക്ഷം രൂപയാണ്. ഇതൊരു വലിയ ചുവടുവയ്പ്പാണ്. സമൂഹത്തിൻ്റെ ഏറ്റവും താഴേത്തട്ടിലുള്ളവർക്ക് ഏറ്റവും മികച്ച സൗകര്യങ്ങളൊരുങ്ങുകയാണ്. മാറ്റി നിർത്തപ്പെട്ടവരെ ചേർത്തുപിടിയ്ക്കുകയാണ്. അവരെ അവരായി ഉൾക്കൊള്ളുകയാണ്.

അമേത്തിയിലെ പാവങ്ങൾക്കിതു കേട്ടാൽ ഒരു വിചിത്ര കഥ പോലെ തോന്നിയേക്കാം. എന്തിന്, രാഹുൽ ഗാന്ധിയ്ക്കു പോലും. (കേരളത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പുമറിയാത്തതു കൊണ്ടാണല്ലോ ഇവിടെ വന്ന് സ്ക്കൂളുകളുണ്ടോ കേരളത്തിൽ എന്നു ചോദിച്ചത്! വരുന്നത് എവിടെ നിന്നാണെന്നു കൂടെ ഓർക്കണം.) ഇങ്ങനെയും ഒരു സർക്കാരോ? വോട്ടുബാങ്കെന്നതിനപ്പുറം സാധാരണ മനുഷ്യരെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യരായി പരിഗണിക്കുന്ന, വി ഐ പിയായി കണക്കാക്കുന്ന സർക്കാരോ എന്ന് മൂക്കത്തു വിരൽ വച്ചു അദ്ഭുതം കൂറിയേക്കാം. വികസനത്തിൻ്റെ ഇടതുകാഴ്ചപ്പാടാണിത്. വികസനത്തിൻ്റെ മാനവിക നിലപാടാണിത്.

എന്നാൽ ഇന്നും വികസനം വരണമെങ്കിൽ കോൺഗ്രസ് വരണം എന്നത് നമ്മുടെ, പ്രത്യേകിച്ചും ഇവിടത്തെ മധ്യവർഗത്തിൻ്റെ, ബോധത്തിൽ എങ്ങനെയൊക്കെയോ അടിയുറ(പ്പി)ച്ചു പോയ ഒരു (അന്ധ)വിശ്വാസമാണ്. വസ്തുതാപരമായ ഏതെങ്കിലും വിശകലനത്തിൻ്റെ അടിസ്ഥാനത്തിൽ അല്ല അതുണ്ടായത്. പകരം, വികസനത്തെക്കുറിച്ച് സൃഷ്ടിക്കപ്പെട്ട വലതുപക്ഷ വീക്ഷണമാണ് അതിനകത്ത് പ്രവർത്തിക്കുന്നത്. ഉദാരവൽക്കരണത്തിൻ്റെ ആദ്യ നാളുകളിൽ അതു കൂടുതൽ കരുത്തു നേടുകയുണ്ടായി ഗാന്ധിയും നെഹ്രുവും ഭഗത് സിങ്ങുമൊക്കെ ലീഡർമാരായിരുന്ന നാട്ടിൽ, ലീഡർ എന്ന പേരിൽ നാരായണ മൂർത്തിയും, നിലേക്കനിയും, ടാറ്റയും, അസിം പ്രെംജിയും എന്തിന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വരെ അറിയപ്പെടാൻ തുടങ്ങി. ഒരു കാലഘട്ടത്തിൻ്റെ ബോധത്തെ നയിക്കുന്നത് ഇവരായി മാറി.

എന്നാൽ കോടീശ്വരന്മാർ ഒരു വശത്തു പെരുകിയപ്പോൾ അതിൻ്റെ അനേകായിരം മടങ്ങായി ദരിദ്രന്മാരുടെ എണ്ണത്തിലുള്ള വർദ്ധനവ്. കർഷകർ ആത്മഹത്യ ചെയ്യുന്നു, തൊഴിലില്ലായ്മ പെരുകുന്നു, സാമ്പത്തിക മാന്ദ്യം സംഭവിക്കുന്നു, അസമത്വം വാനോളമുയരുന്നു...സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവൻ്റെ ജീവിതം കൂടുതൽ കൂടുതൽ മോശവും അരക്ഷിതവുമായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും നമ്മൾ കരുതുന്നത് വികസനം വരണമെങ്കിൽ കോൺഗ്രസ് പോലുള്ള വലതുപക്ഷ സംഘടനകൾ വരണമെന്നാണ്. എന്നാൽ ഈ വൈരുദ്ധ്യങ്ങൾ മുൻപിൽ മലർക്കെ, നീണ്ടു നിവർന്നു കിടക്കുമ്പോളും 'ആരുടെ വികസനം?' എന്നൊരു ചോദ്യം ഉയർത്താനാകാത്ത വിധം വികസനത്തിൻ്റെ മുതലാളിത്ത സങ്കല്പം നമ്മെ അടിമുടി ചൂഴ്ന്നു നിൽക്കുകയാണ്.

അതുകൊണ്ട്, അമേത്തിയിൽ നിന്നും രാഹുൽ ഗാന്ധി വയനാട് വരുമ്പോൾ അദ്ദേഹം ഈ ഇടപെടലുകൾ കണ്ടു പഠിക്കുമെന്ന് പ്രത്യാശിക്കുന്നു. കോർപ്പറേറ്റ് വികസനമല്ല, സാധാരണ മനുഷ്യരുടെ ഉന്നമനമാണ് വായ്ത്താരിക്കപ്പുറം എന്തെങ്കിലും പ്രവർത്തിച്ചു കാണിക്കണമെന്ന ആത്മാർഥമായ ആഗ്രഹവും ഇച്ഛാശക്തിയും നിങ്ങൾക്കുണ്ടെങ്കിൽ കേരളത്തിൻ്റെ ഇടതുപക്ഷ വികസന മാതൃകകളേക്കാൾ മെച്ചപ്പെട്ടതൊന്നും ഇന്ത്യയിൽ മറ്റെവിടെയും നിങ്ങൾക്കു കാണാൻ സാധിക്കില്ല. ഇത്രയും കാലം പറഞ്ഞു പറ്റിച്ച അമേത്തിയിലെ പാവപ്പെട്ട മനുഷ്യർക്കെങ്കിലും അതുപകാരപ്പെടട്ടെ.