ലൂസിഫർ വിജയക്കുതിപ്പുമായി തിയേറ്ററുകൾ കീഴടക്കുമ്പോൾ ചിത്രം വീണ്ടും കാണണമെന്ന ആവേശമാണ് ആരാധകർക്കും. കാരണം ഓരോ കഥാപാത്രവും അത്രയും മികച്ച രീതിയിൽ പ്രേക്ഷകനു മുന്നിൽ എത്തുന്നു എന്നതു തന്നെ കാര്യം. മോഹൻലാലിന്റെ സ്‌റ്ററീഫൻ നെടുമ്പള്ളി മുതൽ മുരുകൻ എന്ന രാഷ്‌ട്രീയക്കാരനായി പകർന്നാടിയ ബൈജു വരെ ഗംഭീരമായി. പ്രതിനായകനായ ബോബി നായർ ആയി എത്തി ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും വിസ്‌മയ്പ്പിച്ചു.
എന്നാൽ പകരം വയ്‌ക്കാൻ കഴിയാത്ത തരത്തിൽ ബോബിയായി വിവേക് എത്തിയപ്പോൾ ശാരീരം മറ്റൊരു പ്രതിഭയുടേതായിരുന്നു. മലയാളത്തിന്റെ പ്രിയനടൻ വിനീതായിരുന്നു ആ പ്രതിഭ. എങ്ങനെയാണ് വിനീത് ലൂസിഫറിന്റെ ഭാഗമായി മാറിയതെന്നറിയണ്ടേ? ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് തന്നെ അക്കഥ പറയുകയാണ്. അടുത്തിടെ ഒരു സ്വകാര്യ എഫ്.എം സ്‌റ്റേഷന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി മനസു തുറന്നത്-
പൃഥ്വിരാജിന്റെ വാക്കുകൾ-
'കുറേപേരെ ട്രൈ ചെയ്‌തു. അവസാനമാണ് വിനീതേട്ടന്റെ ഐഡിയ വരുന്നത്. സർഗം തുടങ്ങിയ ഓൾ ടൈം ക്ളാസിക്കുകളിൽ നായകനായ വിനീതേട്ടന്റെ ഐഡിയ വരുന്നത്. വിനീതേട്ടൻ വന്ന് വേറൊരു ആക്‌ടറിന് ഡബ് ചെയ്യേണ്ട യാതൊരാവശ്യവും അദ്ദേഹത്തിനില്ല. ഞാൻ വിളിച്ച് എന്റൊരു പേഴ്‌സണൽ ആവശ്യമായി റിക്വസ്‌റ്റ് ചെയ്‌തപ്പോൾ, 'എന്തായീ പറയുന്നേ ഒഫ്‌കോഴ്‌സ് ഐ വിൽ കം' എന്ന് പറഞ്ഞ് അദ്ദേഹം വരികയായിരുന്നു. വിനീതേട്ടന്റെ വോയിസിന്റെ ഒരു ടെക്‌സ്‌ചർ ഉണ്ട്. ഒന്നാമത് അദ്ദേഹം വളരെ നല്ലൊരു അഭിനേതാവാണ്. ബ്രില്യന്റ് ജോബ് ആയിരുന്നു അത്'.
അതേസമയം, ലൂസിഫറിന് അഭിനന്ദനമറിയിച്ച് വിനീതും രംഗത്തെത്തി. വിവേക് ഒബ്റോയിയ്‌ക്ക് ശബ്‌ദം നൽകാൻ സാധിച്ചതിൽ അതിയായ അഭിമാനവും അനുഗ്രഹവുമാണെന്ന് വിനീത് കുറിച്ചു'.