കൊപ്പാൾ: ആദ്യഘട്ട വോട്ടിംഗിന് ദിവസങ്ങൾ ബാക്കിനിൽക്കേ മുസ്ലീം വിരുദ്ധ പരാമർശവുമായി കർണാടകയിലെ മുതിർന്ന ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പ. സംസ്ഥാനത്ത് ബി.ജെ.പി മുസ്‌ലിം സ്ഥാനാർഥികളെ നിർത്തില്ലെന്നാണ് ബിജെപി ഉപമുഖ്യമന്ത്രിയായിരുന്ന ഈശ്വരപ്പ പറഞ്ഞു. വടക്കൻ കർണ്ണാടകയിലെ കൊപ്പാളിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റ വിവാദ പരാമർശം.
‘കോൺഗ്രസ് നിങ്ങളെ വോട്ട് ബാങ്ക് ആയി മാത്രമാണു കണക്കാക്കുന്നത്. സ്ഥാനാർഥികളാക്കുന്നില്ല. കർണാടകയിൽ ഞങ്ങൾ മുസ്‌ലിംകളെ സ്ഥാനാർഥികളാക്കില്ല, കാരണം, നിങ്ങൾ ഞങ്ങളെ (ബി.ജെ.പി) വിശ്വസിക്കുന്നില്ല. ഞങ്ങളെ വിശ്വസിക്കൂ, സീറ്റു നൽകാം, ഒപ്പം മറ്റു കാര്യങ്ങളും’ - ഈശ്വരപ്പ പറഞ്ഞു.
മുൻപും ഈശ്വരപ്പ ഇത്തരത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ‘22 ആർഎസ്എസ് – ബിജെപി പ്രവർത്തകരെ കൊന്ന മുസ്ലീങ്ങൾ കോൺഗ്രസിനൊപ്പമാണ്. നല്ല മുസ്ലീങ്ങൾ ബി.ജെ.പിക്കൊപ്പവും’ - കർണാടകയിലെ രാഷ്ട്രീയ സംഘട്ടനങ്ങൾക്കിടെ ഒരിക്കൽ ഈശ്വരപ്പ പറഞ്ഞിരുന്നു. 'നിങ്ങളെ ആരെങ്കിലും ബലാത്സംഗം ചെയ്താൽ പ്രതിപക്ഷം എന്തു ചെയ്യും?' എന്ന് 2015ൽ ഒരു വനിതാ മാധ്യമപ്രവർത്തകയോട് ഈശ്വരപ്പ ചോദിച്ചത് വൻ വിവാദമായിരുന്നു. തുടർന്ന് കർണാടകയിലെ സ്ത്രീകൾ തന്റെ സഹോദരിമാരാണെന്ന പ്രസ്താന നടത്തി തടിയൂരാനും ഈശ്വരപ്പ ശ്രമിച്ചിരുന്നു.