hardik-

ന്യൂഡൽഹി: പട്ടേൽ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ച കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദ്ദിക് പട്ടേലിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ ഹാർദ്ദിക്കിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന കാര്യം തീർച്ചയായി. 2015 ലെ പട്ടേൽ സംവരണ പ്രക്ഷോഭത്തിനിടെ ബി.ജെ.പി എം.എൽ.എയുടെ ഓഫീസ് അടിച്ചുതകർത്തതിനും പൊതുമുതൽ നശിപ്പിച്ചതിനും ഗുജറാത്തിലെ മെഹ്സാന കോടതി ഹാർദ്ദിക്കിനെ രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹാർദ്ദിക്ക് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അത് തള്ളി. തുടർന്നാണ് വാദം കേൾക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 12ന് കോൺഗ്രസിനൊപ്പം ചേർന്ന ഹാർദ്ദിക്കിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി നാളെയാണ്. ഈ മാസം 23നാണ് ഗുജറാത്തിലെ 26 ലോക്സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്.