ramya-haridas

മലപ്പുറം: ആലത്തൂർ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പൊലീസിൽ പരാതി നൽകി. തനിക്കെതിരെ മോശം പരാമർശം നൽകിയതിനെ തുടർന്ന് ഡി.വൈ.എസ്.പിക്കാണ് രമ്യ പരാതി നൽകിയത്. തനിക്കെതിരെ നടന്ന പരാമർശം ആസൂത്രിത നീക്കമാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് രമ്യ പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മുഖ്യമന്ത്രി നടത്തി വന്ന പരിപാടികളിൽ പ്രധാന വിഷയം നവോത്ഥാനമായിരുന്നു. അത്തരത്തിലുള്ള പരിപാടികൾ നടത്തി വന്ന പാർട്ടിയുടെ കൺവീനറിന്റെ ഭാഗത്ത് നിന്ന് തന്നെ ഇത്തരത്തിലൊരു പരാമർശം ഉണ്ടായപ്പോൾ ഇവർ പറയുന്ന നവോത്ഥാനം എന്താണെന്ന് ചോദിക്കേണ്ടിയിരിക്കുന്നു. എതിർസ്ഥാനത്ത് മത്സരിക്കുന്നവരോട് കാണിക്കേണ്ട മാന്യത അദ്ദേഹം കാണിച്ചില്ല. ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിപരമായി അറിയാവുന്ന ഒരുപാട് സഖാക്കൻമാർ ഇവിടെയുണ്ട് അവരൊന്നും ഈ പരാമർശത്തെ ന്യായീകരിച്ചിട്ടില്ലെന്നും രമ്യ പറഞ്ഞു.

സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നല്ല തീരുമാനം ഉണ്ടാകാത്തതിൽ ഖേദമുണ്ട്. ഇത്തരത്തിലുള്ള പരാമർശങ്ങൾക്ക് മറുപടി നൽകേണ്ടത് ആലത്തൂരിലെ ജനങ്ങളാണ്. നേരിട്ടും സോഷ്യൽ മീഡിയവഴിയുമെല്ലാം ജനങ്ങളുടെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. മുന്നോട്ട് പോകണമെന്ന് പറഞ്ഞ് ആലത്തൂരിലെ ജനങ്ങൾ വന്നതിൽ സന്തോഷമുണ്ടെന്നും രമ്യ വ്യക്തമാക്കി.

മൂന്നോളം വേദികളിൽ ഇത്തരത്തിലുള്ള പരാമർശം നടത്തിയിട്ടുണ്ട്. അതുകൊണ്ട് ഇത് ഖേദം പ്രകടിപ്പിച്ചാൽ തീരാവുന്ന പ്രശ്നമാണെന്ന് തോന്നുന്നില്ലെന്നും പാർട്ടിയിലെ മുതിർന്ന നേതാക്കന്മാരുമായി സംസാരിച്ചതിന് ശേഷമാണ് പൊലീസിൽ പരാതി നൽകിയതെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.