kv-thomas

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചപ്പോൾ വിഷാദത്തിൽ അകപ്പെട്ടുവെന്ന് എറണാകുളം എം.പി.യും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.വി തോമസ് പറഞ്ഞു. സീറ്റില്ലെന്നറിഞ്ഞ് വിഷാദത്തിൽ അകപ്പെട്ടുപ്പോയ തനിക്ക് സംഗീതമാണ് രക്ഷയായതെന്നും,​ ക്രിസ്തീയഗാനത്തിലൂടെയാണ് വിഷാദത്തെ മറികടന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ അഗസ്റ്റിൻ ജോസഫ് സ്മാരക പുരസ്‌കാരത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവേദിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. 'എറണാകുളത്ത് സീറ്റ് നിഷേധിച്ചതറിഞ്ഞ് ഞാൻ തളർന്നുപോയി, അപ്പോൾ സഹായികളിലൊരാളോട് ഒരു ഗാനം പ്ലേ ചെയ്യാൻ പറഞ്ഞു.

"കർത്താവേ യേശുനാഥാ" എന്ന ക്രിസ്ത്യൻ ഗാനമാണ് അയാൾ പ്ലേചെയ്തത്. ആ ഗാനവും സംഗീതവുമാണ് വിഷാദത്തെ മറികടക്കാന്‍ സഹായിച്ചത്'- കെ.വി.തോമസ് പറഞ്ഞു. പാമ്പുകൾക്കു മാളമുണ്ട്, പറവകൾക്ക് ആകാശമുണ്ട് എന്ന ഗാനമാണ് എറണാകുളം എം.പി.യുടെ ഇഷ്ടഗാനം. ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെയും നാടകഗാനങ്ങളുടെയും കടുത്ത ആരാധകൻ കൂടിയാണ് താനെന്നും കെ.വി. തോമസ് പറഞ്ഞു.