പരമ്പരാഗത രാഷ്ട്രീയ കെട്ടുപാടുകൾ പൊട്ടിച്ചെറിച്ച് പുറത്തേക്ക് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അധികാര വർഗത്തിന്റെ കൊള്ളരുതായ്മകളെ അവഗണിച്ച് ജീവിക്കുകയല്ല വേണ്ടത്. പകരം, സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കിറങ്ങി അന്യായത്തിനും അനീതിയ്ക്കുമെതിരെ പോരാടുകയാണ്. അത്തരത്തിൽ സമൂഹത്തിലേക്ക് സധൈര്യം ഇറങ്ങിപ്പുറപ്പെട്ടയാളാണ് ഷാ ഫൈസൽ എന്ന മുൻ ഐ.എ.എസ് ഓഫിസർ. ഏതൊരു ചെറുപ്പക്കാരനേയും പോലെ ഏറെ പ്രതീക്ഷയോടെയാണ് ഷാ ഫൈസൽ എന്ന സമർത്ഥനായ ഡോക്ടർ സിവിൽ സർവീസിലേക്കെത്തിയത്. ഐ.എ.എസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദ്യ കാശ്മീർ സ്വദേശിയായിരുന്നു ഫൈസൽ. 2009ൽ ജോലിയിൽ പ്രവേശിച്ച ഫൈസൽ കൃത്യം പത്ത് വർഷങ്ങൾക്ക് ശേഷം ഔദ്യോഗിക സേവനത്തിൽ നിന്ന് രാജിവച്ചൊഴിഞ്ഞു. ഒരിക്കലും അവസാനിക്കാത്ത അമർചിത്രകഥ പോലെ കാശ്മീരിൽ നടക്കുന്ന കൊലകളിൽ മനം മടുത്ത ഫൈസൽ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാനും അവർക്കായി പ്രവർത്തിക്കാനുമായാണ് രാജിവച്ചത്. തന്റെ ആദർശ മാതൃകകളായ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനേയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും പോലെ ജനസേവനത്തിനായി അദ്ദേഹം തിരഞ്ഞെടുത്ത വഴിയും രാഷ്ട്രീയമായിരുന്നു. അതിനായി ജമ്മു ആൻഡ് കാശ്മീർ പീപ്പിൾസ് മൂവ്മെന്റ് എന്ന രാഷ്ട്രീയപ്പാർട്ടി അദ്ദേഹം രൂപീകരിച്ചു. ശ്രീനഗറിൽ നടന്ന പാർട്ടി രൂപീകരണ യോഗത്തിൽ ഏകദേശം മൂവായിരത്തോളം പേരാണ് പങ്കെടുത്തത്. കാശ്മീരിലെ രാഷ്ട്രീയ - സാമൂഹിക സാഹചര്യങ്ങളിലെ പൊരുത്തക്കേടുകളോട് തനിക്കുള്ള വിദ്വേഷം തുറന്ന് കാണിക്കുന്നതായിരുന്നു അവിടെ അദ്ദേഹം പറഞ്ഞ ഒാരോ വാക്കും. 'തും നയി ലൂട്ടാ ഹേ സദിയോൻ ഹമാര സുകൂൻ.. അബ് നാ ഹം പർ ചലേഗ തുമാര ഫസൂൻ... ( ഞങ്ങളുടെ സമാധാനം കുറേ നാളുകളായി നിങ്ങൾ കൊള്ളയടിക്കുന്നു. ഇനി നിങ്ങളുടെ മന്ത്രമൊന്നും ഞങ്ങളിൽ ഫലിക്കില്ല.) പാകിസ്ഥാനി വിപ്ലവ കവി ഹബീബ് ജലിബിന്റെ ഈ വരികൾ ഉദ്ധരിച്ച ഫൈസലിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്.
സർവീസിൽ നിന്ന് രാജിവച്ച ശേഷം പല രാഷ്ട്രീയ പാർട്ടികൾക്കും തന്റെ മേൽ ഒരു കണ്ണുണ്ടായിരുന്നുവെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാൻ വരെ തയാറായിരുന്നുവെന്നും ഫൈസൽ പറഞ്ഞു. ഇപ്പോൾ ഇതാ സ്വന്തമായി പാർട്ടി രൂപീകരിച്ച ശേഷം താൻ ആരുടെയോ ഏജന്റാണെന്നാണ് അവർ ആരോപിക്കുന്നത്. വിരമിക്കലിന് 25 വർഷം ബാക്കിയുള്ളപ്പോഴാണ് ജോലിയുപേക്ഷിച്ചത്. അത് കേവലമൊരു ഏജന്റാകാൻ വേണ്ടിയായിരുന്നില്ലായെന്നും ഫൈസൽ കൂട്ടിച്ചേർത്തു. എന്നാൽ, കാശ്മീരിൽ ഉയർന്നു വരുന്ന പുതിയ പാർട്ടികൾ 'ഡൽഹിയിലുള്ളവർ' അവിടെയിരുന്ന് രൂപീകരിക്കുന്നതാണെന്നാണ് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള ആരോപിക്കുന്നത്. ശ്രീനഗറിന്റെ എഴുപത് കിലോമീറ്റർ ചുറ്റളവിൽ മാത്രമാണ് പാർട്ടികൾ രൂപംകൊള്ളുന്നതെന്നും എന്തുകൊണ്ടാണ് അവർ പ്രവർത്തന മണ്ഡലം താഴ്വാരം വിട്ട് ജമ്മുവിലേയ്ക്ക് വ്യാപിപിക്കാത്തതെന്നും ഒമർ ചോദിക്കുന്നു. പക്ഷെ പുതിയ പാർട്ടികളോട് തനിയ്ക്ക് വ്യക്തിപരമായി യാതൊരുവിധ എതിർപ്പുമില്ലായെന്നും ഒമർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്തും ഭയമില്ലാതെ വെട്ടിത്തുറന്ന് പറയുകയും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നതാണ് ഫൈസൽ എന്ന യുവനേതാവിന്റെ മുഖമുദ്ര. വിദ്യാസമ്പന്നനായ ഫൈസലിൽ ജനങ്ങൾക്ക് ഏറെ പ്രതീക്ഷയുണ്ട്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ കാശ്മീരിന് വേണ്ടി യാതൊന്നും ചെയ്തിട്ടില്ലെന്നും, വിദ്യാസമ്പന്നനായ ഫൈസൽ നല്ലൊരു ജോലിയുപേക്ഷിച്ചിട്ടാണ് രാഷ്ട്രീയത്തിലേയ്ക്ക് എത്തിയതെന്നും, ഇത് ജനങ്ങൾ, പ്രത്യേകിച്ച് കാശ്മീരിലെ യുവജനത തീർച്ചയായും മുഖവിലയ്ക്കെടുക്കുമെന്നും യുവ അഭിഭാഷകൻ മിർ ആസാദ് അഭിപ്രായപ്പെട്ടു. പുതിയ തലമുറ തീർച്ചയായും ഈ പാർട്ടിയിൽ വലിയ പ്രതീക്ഷ അർപ്പിക്കുമെന്നും ആസാദ് പറഞ്ഞു. ഫൈസലിന്റെ റാലിയിൽ പങ്കെടുക്കാൻ മാത്രം വടക്കൻ കാശ്മീരിലെ ഹന്ദ്വാരയിൽ നിന്നെത്തിയതായിരുന്നു ആസാദ്.
ഫൈസലിന്റെ രാഷ്ട്രീയ പ്രവേശനം തീർച്ചയായും ഭരണപക്ഷമായ പി.ഡി.പിക്ക് വൻ വെല്ലുവിളിയുയർത്തും. ബി.ജെ.പിയുമായി സഖ്യം ചേർന്നുള്ള നാല് വർഷക്കാലത്തെ ഭരണത്തിനിടയ്ക്ക് മനുഷ്യാവകാശ ലംഘനങ്ങൾ വ്യാപകമായി നടന്നത് പി.ഡി.പിയ്ക്ക് നാനാതുറകളിൽ നിന്നും വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കൂടാതെ കാശ്മീരിന് ലഭിച്ചിട്ടുള്ള പ്രത്യേക ഭരണഘടന ആനുകൂല്യങ്ങൾ ദുർബലപ്പെടുത്താനെ പി.ഡി.പിക്ക് സാധിച്ചിട്ടുള്ളൂ. പി.ഡി.പിയിലും മറ്റൊരു പ്രധാന പാർട്ടിയായ നാഷണൽ കോൺഫറൻസിലുമുള്ള വിശ്വാസം നഷ്ടമായ ഒരു വിഭാഗം ജനങ്ങൾ ഒരു ബദൽ ശബ്ദമായി ഫൈസൽ വളർന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു. താഴ്വരയിലെ രാഷ്ട്രീയം കാശ്മീർ പ്രശ്നത്തിലും അതിന്റെ പരിഹാരത്തിലുമായി ചുറ്റപ്പെട്ട് കിടക്കുന്ന പ്രക്രിയയാണ്.
കാശ്മീർ ജനതയുടെ ഇച്ഛയ്ക്കും അഭിലാഷങ്ങൾക്കും തുല്യപ്രധാന്യം നൽകിക്കൊണ്ടും ഒപ്പം കാശ്മീർ പ്രശ്നത്തിന് സമാധാനപൂർണമായ തീർപ്പ് കൽപ്പിക്കുകയും ചെയ്യുക എന്നതാണ് മുഖ്യ ലക്ഷ്യമെന്ന് തന്റെ അജണ്ടയിൽ ഫൈസൽ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടേത് ഒരു പാർട്ടിയല്ലെന്നും ഒരു പ്രസ്ഥാനമാണെന്നുമാണ് ഫൈസലിന്റെ കൂട്ടാളികളായ വിദ്യാർത്ഥി നേതാവ് ഷഹ്ല റഷീദും ബിസിനസുകാരനായ ഫെറോസ് പീർസാദയും പറയുന്നത്. കരുത്തുറ്റ രാഷ്ട്രീയ പാർട്ടികളുടെ പിൻബലമോ രാാഷ്ട്രീയ പാരമ്പര്യമോ ഇല്ലാതെയാണ് ഫൈസൽ രാഷ്ട്രീയത്തിലെത്തിയിരിക്കുന്നത്. കാശ്മീരിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഫൈസലിന് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചാൽ അത് ഒരു നവയുഗത്തിന്റെ തുടക്കമായിരിക്കും.