കോഴിക്കോട്: നരേന്ദ്ര മോദി എത്ര വിചാരിച്ചാലും കേരളത്തിന്റെ മതേതര മൂല്യങ്ങളെ ഇല്ലാതാക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹിന്ദുക്കളെ ഭയന്നാണ് രാഹുൽ വയനാട്ടിൽ എത്തുന്നതെന്ന മോദിയുടെ പ്രസ്താവന ഒരു പ്രധാനമന്ത്രിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണത്. ജനാധിപത്യ, മതേതര മൂല്യങ്ങൾക്ക് മോദി യാതൊരു മൂല്യവും നൽകുന്നില്ലെന്ന് തെളിഞ്ഞു. കേരളത്തെയും വയനാടിനെയും അപമാനിച്ചിരിക്കുകയാണ്. വർഗീയമായല്ല കേരളത്തിലെ വോട്ടർമാർ തിരഞ്ഞെടുപ്പിനെ കാണുന്നത്. കപട രാജ്യസ്നേഹികൾക്കേ ഇത്തരമൊരു പ്രസ്താവന നടത്താൻ സാധിക്കുകയുള്ളൂ.
രാഹുൽ വരുന്നതോടെ ദക്ഷിണേന്ത്യ മുഴുവൻ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാവും. കേരളത്തിൽ 20ൽ 20ഉം യു.ഡി.എഫ് നേടും. ഇത് സി.പി.എമ്മിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ സ്വരമാണ്. ദക്ഷിണേന്ത്യയിൽ നിന്ന് ബി.ജെ.പി തൂത്തെറിയപ്പെടും.
ശബരിമല പ്രശ്നം തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം തന്നെയാണ്. അമേതിയിലും വയനാട്ടിലും രാഹുൽ വിജയിച്ചാൽ ഏത് മണ്ഡലമാണ് നിലനിറുത്തുക എന്ന ചോദ്യത്തിന് അത് വിജയിച്ചതിന് ശേഷം തീരുമാനിക്കുമെന്ന് രമേശ് പറഞ്ഞു.